അതിരുകടക്കുന്ന സംഘപരിവാര്‍ വിദ്വേഷ പ്രചരണം; പ്രശ്‌നം ഇന്ത്യ-ഗള്‍ഫ് നയതന്ത്ര തലങ്ങളിലേക്ക്
സംഘപരിവാരം കാലങ്ങളായി തുടരുന്ന സോഷ്യല്‍ മീഡിയയിലെ മുസ്ലിംവിരുദ്ധ പ്രചാരണം ഗള്‍ഫ് രാജ്യങ്ങളിലെ അറബ് വംശജര്‍ക്കിടയില്‍ സജീവ ചര്‍ച്ചയാവുന്നു. യു.എ.ഇ രാജകുടുംബാംഗം ഉള്‍പ്പെടെയുള്ളവര്‍ വിഷയം ഏറ്റെടുത്തതോടെ ഇസ്ലാമോഫോബിയ ഇന്‍ ഇന്ത്യ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡായി മാറിയത്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് യു എ ഇയിലെ സംഘപരിവാര ബന്ധമുള്ള ചില ഐഡികളുടെ മുസ്ലിം വിരുദ്ധ പ്രചാരണമാണ് ഇപ്പോള്‍ ചര്‍ച്ച ചൂട് പിടിക്കാന്‍ കാരണമായത്. യു.എ.ഇ രാജകുടുംബാഗവും വ്യവസായിയുമായ ഹിന്ദ് അല്‍ ഖാസിമി രാജകുമാരി ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അറബ് ലോകത്ത് നിന്നുള്ള നിരവധി പ്രമുഖര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ഒമാന്‍, ഖത്തര്‍, സഊദി, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങളിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും ഇന്ത്യയിലെ ഇസ്‌ലാമോഫോബിയക്കെതിരെ രംഗത്ത് വന്നിരുന്നു.
കൊവിഡ് വാഹകരെന്ന് മുദ്ര കുത്തി മുസ്ലിംകളെ ഒറ്റ തിരിഞ്ഞ അക്രമം, ഗ്രാമങ്ങളിലെ വീടുകളില്‍ നിന്ന് നാടുകടത്തല്‍, അടിച്ചു കൊല്ലല്‍, നിസാമുദ്ദീനില്‍ കുടുങ്ങി പോയ തബ്ലീഗുകാര്‍ക്ക് നേരെ കൊവിഡ് ജിഹാദ് ആരോപണം, 'കഅബ ശിവലിംഗമായിരുന്നു' എന്ന സുബ്രഹ്മണ്യ സ്വാമി എം.പിയുടെ ട്വീറ്റ്, 'അറബ് വനിതകള്‍ കുട്ടികളെ ഉണ്ടാക്കുന്നത് സെക്‌സിന്റെ ഭാഗമായാണ് സ്‌നേഹം കൊണ്ടല്ല' എന്ന ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ ട്വീറ്റ് തുടങ്ങി കടുത്ത ഇസ്ലാമോഫോബിയ പരത്തുന്ന സന്ദേശങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് ഹിന്ദു തീവ്രവാദികള്‍ പ്രചരിപ്പിച്ചത് .
അതേ സമയം ഹിന്ദുത്വ തീവ്രവാദികളുടെ ഈ ഇസ്ലാമോഫോബിയ അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വരെ വഷളാകാന്‍ സാധ്യത കൂടുതലാണ് .
സി.എ.എ സമരം മുതല്‍ കാശ്മീര്‍ വരെ
അറബികള്‍ക്കിടയില്‍ ഇന്ത്യന്‍ മുസ്ലീങ്ങളുടെ വിഷയം നീറിതുടങ്ങിയത് സി.എ.എ. വന്നത് മുതലാണ്. കശ്മീര്‍ വിഷയം വന്നപ്പോള്‍ തന്നെ പലരും ഇന്ത്യന്‍ രാഷ്ട്രീയം ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
അറബികള്‍ പൊതുവേ മറ്റു ഭാഷകളിലുള്ള മാധ്യമങ്ങള്‍ കാര്യമായി ഫോളോ ചെയ്യാറില്ല. ലോക്കല്‍ മാധ്യമങ്ങളിലും അവരുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും സജീവമായി വരാത്ത കാര്യങ്ങള്‍ പൊതുജനം അറിയണമെന്നില്ല. ഇതിനിടെയിലാണ് ഗള്‍ഫ് ന്യൂസ് പോലുള്ള മാധ്യമങ്ങളില്‍ ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങള്‍, ഡല്‍ഹി വംശഹത്യ എല്ലാം നല്ല രീതിയില്‍ തന്നെ അവര്‍ കവര്‍ ചെയ്തു.
പൗരത്വ വിവാദം മെയിന്‍ ഹെഡ്ഡിങ്ങ് ആയി ഫ്രണ്ട് പേജില്‍ തന്നെ പല അറബ് മാധ്യമങ്ങളും വാര്‍ത്തയായി വന്ന് തുടങ്ങി. ഇതോടെ ഇന്ത്യന്‍ സാഹചര്യം സീരിയസ് ആണ് എന്ന് എല്ലാവരും മനസ്സിലാക്കി.ഇതിനിടെയാണ് സുബ്രമണ്യന്‍ സ്വാമിയുടെ ഒരു ഇന്റര്‍വ്യൂ ഇംഗ്ലീഷ് ചാനലില്‍ പുറത്ത് വന്നത്. അദ്ദേഹം സി.എ.എയെ ന്യായീകരിക്കുകയും മുസ്ലിങ്ങളെ മൊത്തം നികൃഷ്ടരായും രണ്ടാംതരം പൗരന്മാര്‍ ആയി പറയുന്നതും കൂടെ കണ്ടപ്പോള്‍ വാര്‍ത്തകള്‍ സത്യമായിട്ടു തന്നെ അവര്‍ വിലയിരുത്തി. കാരണം ഒരു പാര്‍ലിമെന്റ് അംഗം ആണല്ലോ ഈ പറയുന്നത് !
ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ അറബികള്‍ക്കിടയില്‍ കാട്ട് തീ പോലെ പടര്‍ന്നു. അറബി സബ്‌ടൈറ്റില്‍ ഒക്കെ വച്ച് അവര്‍ വ്യാപകമായി ഷെയര്‍ ചെയ്തു. പല മലയാളി സുഹൃത്തുക്കളും അവര്‍ക്ക് അറബികള്‍ തന്നെ അറബ് സബ്‌ടൈറ്റില്‍ ഉള്ള വീഡിയോ അയച്ച് കൊടുത്ത കാര്യം പറഞ്ഞിരുന്നു. ഇതോടെയാണ് ആര്‍.എസ്.എസ്സും ബിജെപിയുടെയും രാഷ്ട്രീയം അവര്‍ കൂടുതല്‍ മനസ്സിലാക്കുന്നത്.
ഇതോടെയാണ് ഗള്‍ഫില്‍ ഉള്ള പല പ്രമുഖരും ആര്‍.എസ്.എസ് അനുഭാവികളെ അന്നെന്ന് അവര്‍ തിരിച്ചറിയുന്നത്, അവരുടെ വിദ്വേഷം നിറഞ്ഞ പോസ്റ്റുകളും മറ്റും ഇസ്ലാമിനേയും അവരുടെ സംസ്‌കാരത്തെയും വരെ അങ്ങേയറ്റം നികൃഷ്ടമായ രീതിയില്‍ അവഹേളിക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ പണ്ഡിതരും, നിയമ വിദഗ്ധരും, രാജ കുടുംബാംഗങ്ങളും വരെ ഇതിനെതിരെ രംഗത്ത് വന്നു. വിഷയം യുഎന്നില്‍ പോകുന്നത് മുതല്‍ ഇന്ത്യന്‍ പ്രൊഡക്ടുകള്‍ ബഹിഷ്‌ക്കരിക്കുന്നത് വരെ കാര്യങ്ങള്‍ എത്തി.
ആദ്യം രംഗത്ത് വന്നത് ഹിന്ദ് അല്‍ ഖാസിമി രാജകുമാരി
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് യുഎഇയിലെ സംഘപരിവാര ബന്ധമുള്ള ചില ഐഡികളുടെ മുസ്ലിം വിരുദ്ധ പ്രചാരണമാണ് ഈ വിഷയം ചൂട് പിടിക്കാന്‍ കാരണമായത്.
കഴിഞ്ഞ മാസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ വിദ്വേഷ പ്രചാരണത്തെ തുടര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ക്ക് ദുബയില്‍ ജോലി നഷ്ടപ്പെട്ടിരുന്നു. ദുബയിലെ ഒരു കമ്പനിയില്‍ ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നയാളെ കൊറോണയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് പുറത്താക്കിയത്. പൗരത്വനിയമത്തിനെതിരേ പ്രതികരിച്ച ഡല്‍ഹിയിലെ നിയമവിദ്യാര്‍ഥിയെ ബലാല്‍സംഗം ചെയ്യുമെന്ന് പ്രഖ്യാപിച്ച ദുബയ് റസ്റ്റോറന്റിലെ ഇന്ത്യക്കാരനായ ഷെഫാണ് ജോലി നഷ്ടപ്പെട്ട മറ്റൊരാള്‍. ഇതോടെയാണ് യുഎഇ രാജകുടുംബാഗവും വ്യവസായിയുമായ ഹിന്ദ് അല്‍ ഖാസിമി രാജകുമാരി ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അറബ് ലോകത്ത് നിന്നുള്ള നിരവധി പ്രമുഖര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു.
രാജകുടുംബം ഇന്ത്യയുടെ സുഹൃത്തുക്കളാണ്. പക്ഷേ, ഒരു രാജകുടുംബാംഗമെന്ന നിലയില്‍ അപമര്യാദ അനുവദിച്ചുകൊടുക്കാനാവില്ല ഹിന്ദ് അല്‍ ഖാസിമി രാജകുമാരി ട്വിറ്ററില്‍ എഴുതി. എല്ലാ തൊഴിലാളികളും ശമ്പളം വാങ്ങിയാണ് ഇവിടെ പണിയെടുക്കുന്നത്. ആരും സൗജന്യമായി വന്നവരല്ല. നിങ്ങള്‍ അന്നം തേടുന്ന നാടാണിത്. അവരെ പുഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് കണാതെ പോകുമെന്ന് കരുതരുത് ഹിന്ദ് അല്‍ ഖാസിമി മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ യുഎഇ വിടേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കുകയും ചെയ്തു.
മെജ്ബല്‍ അല്‍ ശരിഖ
ഇന്ത്യന്‍ മുസ്ലിംകളുടെ കാര്യം ജനീവയിലെ യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ എത്തിക്കുമെന്ന് പ്രമുഖ കുവൈത്തി അഭിഭാഷകനും ഇന്റര്‍നാഷനല്‍ ഹ്യുമന്‍ റൈറ്റ്‌സ് ഡയറക്ടറുമായ മെജ്ബല്‍ അല്‍ ശരിഖ പറഞ്ഞു. ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് ഉള്‍പ്പെടെയുള്ള യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളും ഇസ്ലാമോഫോബിയക്കെതിരേ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
ഒ.ഐ.സി
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് കഴിഞ്ഞ ദിവസം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇസ്‌ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആര്‍.സിയാണ് പ്രതിഷേധം അറിയിച്ചത് .
പ്രധാനമന്ത്രി
കൊവിഡിന്റെ മറവില്‍ ഇന്ത്യയില്‍ മുസ്ലിം വിരുദ്ധ പ്രചാരണം ശക്തിപ്പെട്ടത് ആഗോള തലത്തില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് കൊവിഡിനു മതവും ജാതിയുമില്ലെന്നും സാഹോദര്യവും ഐക്യവുമാണ് പ്രധാനമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തുവന്നത്. ഇക്കാര്യം പറയാന്‍ മോഡി ലിങ്ക്ഡിന്‍ വെബ് സൈറ്റ് തെരഞ്ഞെടുത്തത് ഇന്ത്യയിലെ മാധ്യമങ്ങളെ അത്ഭുതപ്പെടുത്തിയിരുന്നു. ട്വിറ്ററടക്കം സാധാരണ ഉപയോഗിക്കാറുള്ള മാധ്യമങ്ങള്‍ ഒഴിവാക്കി ലിങ്ക്ഡിന്‍ തെരഞ്ഞെടുത്തതിനു കാരണം ആഗോള വിമര്‍ശം തടയാനായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ നിരീക്ഷിച്ചത്. ലിങ്ക്ഡിന്‍ വെബ് സൈറ്റില്‍ എഴുതിയ ലേഖനത്തിലെ വരിയാണ് പിന്നീട് ട്വിറ്ററില്‍ പ്രചരിച്ചത്. മോഡിയുടെ സാരോപദേശത്തിന്റെ മുഖ്യലക്ഷ്യം ഇന്ത്യക്കാരേക്കള്‍ വിദേശ രാജ്യങ്ങളിലുള്ളവരായിരുന്നു. എന്നാല്‍ മോദി തന്നെ വിഷയത്തില്‍ ഇടപെട്ടിട്ടും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വിദ്വേഷ പ്രചരണം തുടരുകയാണ്.
പവന്‍ കപൂര്‍ (ഇന്ത്യന്‍ അംബാസഡര്‍ യു.എ.ഇ)
എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ക്കുമെതിരാണ് ഇന്ത്യയുടെയും യുഎഇയുടെയും മൂല്യങ്ങളെന്നാണ് കഴിഞ്ഞ ദിവസം യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍ പ്രവാസികളെ ഓര്‍മപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവേചനങ്ങള്‍ നമ്മുടെ ധാര്‍മിക ചട്ടക്കൂടിനും നിയമങ്ങള്‍ക്കും എതിരാണെന്നും യുഎഇയിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും എപ്പോഴും ഇത് ഓര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിന് പിന്നാലെ യുഎഇയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരിയും സമാനമായ അഭിപ്രയ പ്രകടനങ്ങള്‍ നടത്തി. സഹിഷ്ണുതയാണ് യുഎഇ മുന്നോട്ട് വെയ്ക്കുന്ന ആശയമെന്നും ഹിന്ദുക്ഷേത്രങ്ങള്‍ മാത്രമല്ല വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ വരെ അവിടെ നിര്‍മിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏത് മതത്തിനെതിരെ മോശമായ പരാമര്‍ശം നടത്തിയാലും അത് നേരിടാന്‍ ശക്തമായ നിയമങ്ങള്‍ അവിടെയുണ്ട്. ഇന്ത്യക്കാര്‍ നടത്തുന്ന വിദ്വേഷ പരാമര്‍ശങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ അസന്തുഷ്ടിയുള്ളവര്‍ക്ക് വളമേകും. ഇക്കാര്യത്തില്‍ ഇപ്പോഴത്തെ അംബാസഡര്‍ ഇന്ത്യക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണം വരുന്ന വിദേശ രാജ്യങ്ങളില്‍ ആദ്യ അഞ്ചില്‍ നാലും അറബ് രാഷ്ട്രങ്ങള്‍
ലോകത്ത് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ പണം വരുന്ന വിദേശ രാജ്യങ്ങളില്‍ ആദ്യ അഞ്ചില്‍ നാലും ഇസ്‌ലാമിക രാജ്യങ്ങളെന്ന് കണക്കുകള്‍. ഇവയില്‍ യുഎഇയാണ് ഏറ്റവും മുന്നില്‍. സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചിലുള്‍പ്പെടുന്ന മറ്റ് രാജ്യങ്ങള്‍.
2018ല്‍ മാത്രം 13,828 മില്ല്യണ്‍ യുഎസ് ഡോളറാണ് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികള്‍ വഴിയെത്തിയത്. 11,239 മില്ല്യണ്‍ യുഎസ് ഡോളര്‍ എത്തുന്ന സൗദി അറേബ്യയാണ് മൂന്നാമത്. 4587 മില്ല്യണ്‍ യുഎസ് ഡോളറുമായി കുവൈത്ത് നാലാമതും 4143 മില്ല്യണ്‍ യുഎസ് ഡോളറുമായി ഖത്തര്‍ അഞ്ചാമതും നില്‍ക്കുന്നു. ആഗോള മണി എക്‌സ്‌ചേഞ്ചിങ് സ്ഥാപനമായ എക്‌സ്പ്രസ് മണിയാണ് ഈ കണക്കു പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."