വിനീത വിധേയരും വീരനായകരും മഹാമാരിയുടെ കാലവും
കൊറോണ എന്ന മഹാമാരിക്കെതിരായി വീരോചിതം പൊരുതുന്ന കേരള സംസ്ഥാനത്തിന്റെ വീര നായകനായ പിണറായി വിജയനെ എഫ്.ബിയിലൂടെ അപഹസിക്കണമായിരുന്നുവോ കെ.എം ഷാജി എന്ന് ചോദിക്കുന്നവരുണ്ട്. കൊവിഡിനെതിരായുള്ള യുദ്ധത്തില്‍ ലോകത്തിനു മാതൃകയാണ് കേരളം. ഈ യുദ്ധത്തില്‍ സംസ്ഥാനത്തിന്റെ പടനായകനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട് ഒന്നടങ്കം കൈമെയ് മറന്ന് പടനായകനൊപ്പം നില്‍ക്കേണ്ട സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെ കൊച്ചാക്കരുതായിരുന്നു കെ.എം ഷാജി. ഷാജി വെറുമൊരു രാഷ്ട്രീയ നേതാവല്ല, ജനപ്രതിനിധിയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി സകലതും മറന്നു കൊറോണക്ക് എതിരായുള്ള യുദ്ധത്തില്‍ സര്‍ക്കാറിന്റെ കൂടെയുണ്ട്. സംസ്ഥാനത്തിന്റെ സാമാന്യ വികാരം മുഖ്യമന്ത്രിയ്ക്ക് ഒപ്പമാണ്. ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ കെ.എം ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്ത് വന്നത് തരംതാണ അഭിരുചി തന്നെ. അതിനാല്‍ അത് അനവസരത്തിലായി എന്നു മാത്രമേ പറയാനാവുകയുള്ളൂ.
എന്നാല്‍, ഈ അഭിപ്രായപ്രകടനത്തെ മുഖ്യമന്ത്രി സമീപിക്കേണ്ടത് ഇക്കണ്ടത് പോലെ ആയിരുന്നുവോ? കൊറോണയുമായി ബന്ധപ്പെട്ട അതാതു ദിവസത്തെ വിവരങ്ങളുടെ ബ്രീഫിങ്ങാണ് പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി നടത്തുന്നത്. അതിന്റെ രീതിയും സംവിധാനവും ടൈമിങ്ങുമൊക്കെ ഏറെ മികച്ചതാണ്. കേരളം ഒന്നായി കാത്തിരിക്കുന്ന പരിപാടിയാണത്. അത് ലോകത്തുടനീളമുള്ള മലയാളികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല.
ഒന്നാം ലോകയുദ്ധക്കാലത്ത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തന്റേതായ പ്രസംഗങ്ങളിലൂടെ ബ്രിട്ടിഷ് ജനതക്ക് പകര്‍ന്നു നല്‍കിയ ആത്മവീര്യത്തെക്കുറിച്ച് പറയാറുണ്ടല്ലോ. ഇതേ ആത്മവീര്യത്തിന് സമാനമാണ് പിണറായിയുടെ പത്രസമ്മേളനം പ്രസരിപ്പിക്കുന്ന ഊര്‍ജ്ജം. അത്തരമൊരു സംഭവത്തിന്നിടയില്‍ ഷാജിക്കെതിരായി അദ്ദേഹം ഉറഞ്ഞുതുള്ളിയതിന് എന്താണൊരു ന്യായം? താന്‍ അത്തരം വര്‍ത്തമാനങ്ങള്‍ അവഗണിച്ചു തള്ളുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പറഞ്ഞത് പറഞ്ഞ ആളുടെ അല്‍പ്പത്തം എന്ന്. എന്നാല്‍ അങ്ങനെ തള്ളുകയായിരുന്നില്ല പിണറായി. അദ്ദേഹത്തിന്റെ മുഖഭാവവും ശരീര ഭാഷയും വാക്കുകളുടെ കടുപ്പവുമെല്ലാം ആള്‍ അങ്ങേയറ്റം വികാര വിക്ഷുബ്ധനാണ് എന്ന് വ്യക്തമാക്കി. അവഗണിച്ചു തള്ളേണ്ട ഒരു വിഷയത്തെ അദ്ദേഹം കുന്തത്തില്‍ കോര്‍ത്ത് എടുത്ത് പൊന്തിച്ചു. അതോടെ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പോയി തല്‍സ്ഥാനത്ത് പിണറായി കമ്പോണ്ടര്‍ മുക്കിലെയോ ഡോക്ടര്‍ പീടികയിലേയോ മറ്റോ കഥ കുറഞ്ഞ സഖാവ് പ്രത്യക്ഷനായി. ഇങ്ങനെയൊരു രൂപമാറ്റം വേണ്ടിയിരുന്നുവോ മുഖ്യമന്ത്രിക്ക്. വേലിയിലിരുന്ന പാമ്പിനെയെടുത്തു മടിയില്‍ വെക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ മഴുവെറിഞ്ഞുണ്ടാക്കിയതല്ല കേരളമെന്ന ഷാജിയുടെ തരംതാണ തര്‍ക്കുത്തരത്തിനു കയ്യടിച്ചു കൊടുക്കാന്‍ കേരളത്തില്‍ ആളുണ്ടായത് അതു മൂലമാണ്. തുടര്‍ന്ന് മുസ്‌ലിം ലീഗ് വിഷയം ഏറ്റെടുക്കേണ്ടി വന്നു. പിണറായി വിജയനു ചുറ്റും സൃഷ്ടിക്കപ്പെട്ട വീരനായക പരിവേഷത്തിന് ഇത്തിരിയെങ്കിലും തിളക്കം കുറയ്ക്കാന്‍ അത് കാരണമായിട്ടുണ്ട്. സ്പ്രിംഗ്ലര്‍ വിവാദത്തിന് പോലും ഈ തിളക്കം കുറയല്‍ ബലം നല്‍കിയിട്ടുണ്ട്. വീരനായകന്റെ കാലുകള്‍ക്കിടയില്‍ ചിലരെങ്കിലും കളിമണ്ണ് കണ്ടു. ഇങ്ങനെയാണോ വിമര്‍ശനങ്ങളുടെ നേരെ ഒരു യഥാര്‍ഥ ക്യാപ്റ്റന്‍ പ്രതികരിക്കേണ്ടത്?
വിമര്‍ശനങ്ങള്‍ക്കു നേരെയുള്ള ഇഷ്ടക്കേട് വീണ്ടും മുഖ്യമന്ത്രി പ്രകടമാക്കുന്നതാണ് പിന്നീട് നാം കാണുന്നത്. പഴയ മുരടന്‍ സഖാവ് പുനര്‍ജ്ജനിച്ചു. പത്രസമ്മേളനങ്ങള്‍ വീണ്ടും കലുഷവും കര്‍ക്കശവുമായി. വിഷമിപ്പിക്കുന്ന എതിര്‍ ചോദ്യങ്ങള്‍ വരുന്ന സമയത്ത് അദ്ദേഹത്തിന് മറുപടി പറയാന്‍ മനസ്സില്ലാതെയായി. അദ്ദേഹം മാധ്യമ സിന്‍ഡിക്കേറ്റിനെക്കുറിച്ചും മറ്റും പറഞ്ഞ് സ്വയം അപമാനിതനായി. ഇങ്ങനെ കുപിതനാവാന്‍ മാത്രം എന്താണുണ്ടായത്? തനിക്ക് വേറെ പണിയുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതായത് മാധ്യമങ്ങളുമായി സംസാരിച്ചു നേരം കളയാന്‍ താനില്ലെന്ന്. ഈ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി ചെയ്തത് ജനാധിപത്യ വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്ന പ്രബലമായ ഒരു തൂണിനെ നിരാകരിക്കുകയാണ്. മാധ്യമങ്ങളുമായി സംസാരിക്കുകയും അവര്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി പറയുകയും കൂടിയാണ് ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്. അവരുടെ വിലപിടിച്ചനേരം അതിനുള്ളതാണ്. ഈ പ്രാഥമിക തത്വമാണ് പിണറായി വിജയന്‍ മറന്നത്. നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ അതു കേട്ടു ചിരിച്ചു നിന്നു. അല്ലാതെന്ത്? മാധ്യമങ്ങളെ ഒഴിവാക്കുകയാണ് പ്രധാനമന്ത്രി ചെയ്യാറുള്ളത്. മുഖ്യമന്ത്രി അവരെ കണ്ണുരുട്ടി പേടിപ്പിച്ചു.
പിന്നീട് പത്രക്കാരെ കണ്ട സമയത്ത് അടങ്ങിയൊതുങ്ങി അസ്വാസ്ഥ്യമുണ്ടാക്കുന്ന യാതൊന്നും ചോദിക്കാതിരുന്ന പത്രക്കാരോട് 'നിങ്ങളിപ്പോള്‍ ശരിയായ വഴിക്കു വന്നു ' എന്നും പറഞ്ഞു അദ്ദേഹം. അതായത് തനിക്ക് അനിഷ്ടമുണ്ടാക്കുന്ന കാര്യങ്ങള്‍ ചോദിക്കാതിരിക്കുന്നതാണ് പത്ര ധര്‍മം. അതാണ് ശരിയായ വഴി. ജനാധിപത്യ വ്യവസ്ഥിതിയുടെ നേരെ ഒരു ഭരണാധികാരിയില്‍ നിന്ന് ഇങ്ങനെയൊരു അവഹേളനം ഉണ്ടാവുന്നത് കഷ്ടമാണ്. യു.എ ഖാദറിന്റെ തൃക്കോട്ടൂര്‍ കഥകളില്‍ കണ്ടാല്‍ കണ്ടതു പറയുന്ന കുട്ടിയേമി മാപ്പിള എന്ന ഒരു കഥാപാത്രമുണ്ട്. ഈ കുട്ടിയേമി മാപ്പിളയുടെ ദൗത്യമാണ് പത്രക്കാര്‍ നിറവേറ്റുന്നത്. സ്വാഭാവികമായും നാട്ടിലെ പ്രമാണിയായ കുഞ്ഞിക്കേളപ്പക്കുറുപ്പിന് കുട്ടിയേമി മാപ്പിളയെ ഇഷ്ടമാവുകയില്ല. കുഞ്ഞിക്കേളപ്പക്കുറുപ്പായി മാറുന്നുവോ വീണ്ടും പിണറായി? ഇതൊന്നും പക്ഷേ കൊറോണയെന്ന മഹാമാരിക്കെതിരായി കേരള സര്‍ക്കാര്‍ നടത്തുന്ന യുദ്ധത്തിന്റെ മാറ്റുകുറയ്ക്കുന്നില്ല. അതൊരു മഹത്തായ പോരാട്ടമാവുന്നതിനു പിന്നില്‍ പിണറായിയുടെ അസാമാന്യമായ നേതൃപാടവമുണ്ട്. ശൈലജ ടീച്ചറുടെ കൃത്യമായ ആസൂത്രണമുണ്ട്. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം മാറ്റിവച്ചുള്ള പിന്തുണയുണ്ട്. ഉദ്യോഗസ്ഥന്മാരുടെ തികഞ്ഞ സഹകരണമുണ്ട്. ജനങ്ങളുടെ അകം നിറഞ്ഞ പിന്തുണയുണ്ട്. വരാനിരിക്കുന്ന കാലത്ത് വലിയ ത്യാഗങ്ങള്‍ ഈ യുദ്ധം ആവശ്യപെടുന്നു. അതിന് അവര്‍ തയാറാവുന്നത് തങ്ങളുടെ നായകനിലുള്ള വിശ്വാസത്തെ മുന്‍ നിര്‍ത്തി കൂടിയാണ്. ഈ വിശ്വാസം നിലനിര്‍ത്തുക എന്നതും മുഖ്യമന്ത്രിയുടെ ചുമതലയാണ്. തനിക്ക് വേറെ പണിയുണ്ടെന്ന ഉത്തരമല്ല ജനം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.
എന്തെല്ലാം ത്യാഗങ്ങളായിരിക്കാം നാം അനുഭവിക്കേണ്ടി വരിക? സാമൂഹ്യ ജീവിതത്തിന്റെ പല സുഖാനുഭൂതികളും നാം ഉപേക്ഷിച്ചു കഴിഞ്ഞു. വിവാഹവും മരണവുമെല്ലാം ചെറു ചടങ്ങുകളായി മാറി. ഭാവിയില്‍ ക്ഷാമം വരുമെന്ന് കേള്‍ക്കുന്നു. നിരന്തരം സോപ്പുപയോഗിച്ച് കൈ കഴുകാനാണ് നമ്മളോട് പറയുന്നത്. കൈ കഴുകാന്‍ വെള്ളം ഉണ്ടാവുമോ എന്ന് പോലും നമുക്ക് ഉറപ്പില്ല. വെള്ളത്തിന്റെ ഉപയോഗത്തില്‍ പോലും വലിയ നിയന്ത്രണം വരേണ്ട കാലം വരാന്‍ പോകുന്നു. വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ പാകത്തില്‍ നാം ജീവിതം തിരുത്തേണ്ടിയിരിക്കുന്നു. പുതിയതായ ഒരു ജീവിതം കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. ഈ സമയത്ത് നമ്മെ നയിക്കാന്‍ തീര്‍ച്ചയായും വീരനായകന്മാര്‍ വേണം.രണ്ടാം ലോകയുദ്ധത്തില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. അങ്ങനെയുമുണ്ട് ഒരു ചരിത്രപാഠം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."