സോണിയക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: അര്‍ണബ് ഗോസ്വാമിക്ക് രക്ഷയായി സുപ്രിം കോടതി, അറസ്റ്റ് ചെയ്യുന്നത് മൂന്നാഴ്ചത്തേക്ക് വിലക്കി
ന്യൂഡല്‍ഹി: സോണിയഗാന്ധിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പബ്ലിക്കന്‍ ടിവി എഡിറ്റര്‍ക്ക് അറസ്റ്റില്‍ നിന്ന് സുരക്ഷ നല്‍കി സുപ്രിം കോടതി. അര്‍ണബിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രിം കോടതി മൂന്നാഴ്ചത്തേക്ക് വിലക്കി.
കേസുകള്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് അര്‍ണബ് ഗോസ്വാമി നല്‍കിയ ഹരജിയില്‍ സംസ്ഥാനങ്ങള്‍ക്ക് കോടതി നോട്ടിസ് അയച്ചു.
ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് അര്‍ണബ് ഗോസ്വാമിയെ വിലക്കണം എന്ന ചത്തീസ്ഗഡ് സര്‍ക്കാരിന്റെ ആവശ്യം ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല
മാധ്യമങ്ങള്‍ക്ക് ഒരു തരത്തിലും ഉള്ള വിലക്ക് ഏര്‍പെടുത്തുന്നതിനോട് തനിക്ക് യോജിപ്പില്ല എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. .
കോണ്‍ഗ്രസ് അധ്യക്ഷയെ അപമാനിച്ചെന്ന് ചൂണ്ടിക്കാണിച്ച് വിവിധ സംസ്ഥാനങ്ങളിലായി 16 പരാതികളാണ് അര്‍ണബിനെതിരെ നല്‍കിയിരുന്നത്.
ഏപ്രില്‍ 16ന് മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ഗ്രാമത്തില്‍ വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് ഹിന്ദു സന്ന്യാസികളേയും കാര്‍ ഡ്രൈവറേയും ആള്‍ക്കൂട്ടം വധിച്ചിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചയിലാണ് സോണിയഗാന്ധിക്കെതിരെ അര്‍ണബ് ഗോസ്വാമി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.
മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയില്‍ നിന്നുള്ള അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നുമായിരുന്നു അര്‍ണബിന്റെ ചോദ്യം. കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ലെന്നും ഇറ്റലിയാണെന്നും അര്‍ണബ് ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
കൊവിഡിനെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞ ചില കാര്യങ്ങളും അര്‍ണബ് വളച്ചൊടിച്ചിരുന്നു.
സോണിയ ഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും എതിരെ നടത്തിയ വിവാദ പ്രസ്താവനയില്‍ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പാല്‍ഘര്‍ കൂട്ടക്കൊല കേസില്‍ അറസ്റ്റിലായ 101 പേരില്‍ ഒരാള്‍ പോലും മുസ്ലിം അല്ലെന്നും സംഭവത്തെ വര്‍ഗ്ഗീയ മുതലെടുപ്പിന് ബി.ജെ.പി അടക്കമുള്ളവര്‍ ശ്രമിക്കുകയാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി തന്നെ രംഗത്തെത്തിയതോടെ അര്‍ണബ് ഗോസ്വാമി കൂടുതല്‍ പ്രതിരോധത്തിലായി.
ഇതിനിടെ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ തനിക്കെതിരെ ആക്രമണം നടത്തിയെന്നാരോപിച്ച് അര്‍ണബ് ഗോസ്വാമി രംഗത്തെത്തുകയും ചെയ്തു. കാറില്‍ താന്‍ ഭാര്യക്കൊപ്പം സഞ്ചരിക്കവേ ബൈക്കിലെത്തിയ രണ്ട് പേര്‍ അസഭ്യം പറഞ്ഞെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു അര്‍ണബിന്റെ ആരോപണം. തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി സോണിയ ഗാന്ധി ആയിരിക്കുമെന്നും അര്‍ണബ് വീഡിയോവില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."