HOME
DETAILS
MAL
സര്‍ക്കാരിനുവേണ്ടി ഹാജരായ നപ്പിനൈ പ്രശസ്ത സൈബര്‍ വക്കീല്‍
backup
April 25 2020 | 02:04 AM
കൊച്ചി: സ്പ്രിംഗ്ലര്‍ കേസില്‍ ഇന്നലെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ എന്‍.എസ് നപ്പിനൈ അറിയപ്പെടുന്ന സൈബര്‍ വക്കീല്‍. സുപ്രിം കോടതിയിലും മുംബൈ ഹൈക്കോടതിയിലും സൈബര്‍ കേസുകളില്‍ മാത്രം ഹാജരാകാറുള്ള നപ്പിനൈ സംസ്ഥാനത്തുള്ളവര്‍ക്ക് വലിയ പരിചയമില്ലെങ്കിലും മുംബൈ, ഡല്‍ഹി തുടങ്ങിയ വന്‍കിട നഗരങ്ങളിലെ ഐ.ടി കമ്പനിയുടമകളായ കക്ഷികള്‍ക്കും സുപരിചിതയാണ്.
സൈബര്‍ കേസുകളില്‍ മാത്രം ഹാജരാകുന്ന ഇവര്‍ കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള പ്രജ്വല കേസില്‍ സുപ്രിം കോടതിയുടെ അമിക്കസ് ക്യൂറിയായും കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമം, ഇന്റര്‍നെറ്റിലൂടെയുള്ള ചൈല്‍ഡ് പോണ് വ്യാപനം തുടങ്ങിയവ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സുപ്രിംകോടതി നിയോഗിച്ച സാങ്കേതിക സമിതിയില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രാഗല്ഭ്യമാണ് സ്പ്രിംഗ്ലര്‍ കേസില്‍ നപ്പിനൈയെ ഹാജരാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് ഒരുപരിധിവരെ വിജയിച്ചുവെന്നാണ് ഇന്നലെ വന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ജുഡീഷ്യല്‍ പരിശീലനത്തിനായി സോഫ്ട്വെയര് പൈറസിയില്‍ മാന്വല്‍ രചിച്ചിട്ടുള്ള നപ്പിനൈ ടെക്നോളജി ലോ ഫോറത്തിന്റെ സ്ഥാപക അംഗവുമാണ്. സൈബര്‍ നിയമങ്ങളെ വിശകലനം ചെയ്യുന്ന 'ടെക്നോളജി ലോ ഡീകോഡഡ്' എന്ന പേരില്‍ പുസ്തകം രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാരിന്റെ ഐ.ടി ഉന്നത പഠന ഗവേഷണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എംകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലോക്ക് ചെയിന്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷകരില്‍ ഒരാളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."