പരിശോധനാ സെന്ററുകള്‍ ജില്ലാ ആസ്ഥാനങ്ങളിലും വേണം
പകര്‍ച്ചവ്യാധിയായ കൊവിഡ് പോലുള്ള മഹാമാരിയെ നേരിടാന്‍ രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പരിശോധനാ സെന്ററുകള്‍ ഒരുക്കുകയാണ് വേണ്ടത്. ഇതിനു വലിയ പണച്ചെലവുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലായിടത്തുമുണ്ട്. കൊവിഡ് ഇഫക്ട് 2022 വരെ തുടര്‍ന്നുപോയേക്കാം. ഇതുപോലെയുള്ള മറ്റു മഹാമാരികള്‍ വന്നാലും നേരിടാനുള്ള കരുത്ത് ഇതുവഴി ആരോഗ്യപ്രവര്‍ത്തകര്‍ക്കു ലഭിക്കും.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആരോഗ്യ മേഖലയില്‍ ഇപ്പോഴേ ഇതിനുള്ള പ്രവര്‍ത്തനം തുടങ്ങണം. കൊവിഡിനെ നേരിട്ട ഡോക്ടര്‍മാര്‍ മുതല്‍ ക്ലീനിങ് സ്റ്റാഫ് വരെയുള്ളവര്‍ക്കു സര്‍ക്കാരുകള്‍ സാമ്പത്തിക സഹായം നല്‍കണം. അല്ലെങ്കില്‍ ഇതുപോലെയുള്ള മഹാമാരിയുണ്ടായാല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര ആരോഗ്യപ്രവര്‍ത്തകരെ ലഭിക്കാത്ത അവസ്ഥയുണ്ടാകും.
കാന്‍സര്‍ ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ മേധാവി എന്ന നിലയില്‍ രോഗികളോട് പറയാന്‍ ഉള്ളത് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പൊരുത്തപ്പെടണം എന്നാണ്. മാറ്റം നമ്മുടെ മനസിലാണ് ആദ്യം വരേണ്ടത്. കൊവിഡ് കാലത്ത് നമ്മുടെ സാഹചര്യം മാറിയതനുസരിച്ച് പൊരുത്തപ്പെടാന്‍ കാന്‍സര്‍ രോഗികള്‍ തയാറാവണം. ലോകത്ത് കൊവിഡ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് ആശുപത്രികളെയും ആരോഗ്യപ്രവര്‍ത്തകരെയുമാണ്. രോഗം പടരാന്‍ ആശുപത്രികളില്‍ സാധ്യത കൂടുതലാണ്. ആശുപത്രികളില്‍ വരുമ്പോള്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായും ധരിക്കണം. ആശുപത്രികളില്‍ രോഗിക്കൊപ്പം അനാവശ്യമായി ആളുകള്‍ വരാതിരിക്കണം. അത്യാവശ്യ സഹായത്തിന് ഒരാളെ മാത്രമേ കൂടെ കൊണ്ടുവരാവൂ.
കൊവിഡ് ബാധിച്ച രോഗികള്‍ ശസ്ത്രക്രിയക്കു വിധേയരാവരുത്. ഇതില്‍ നിന്നുള്ള മരണ സാധ്യത കൂടുതലാണ്. കൊവിഡ് സ്ഥിരീകരിച്ചാല്‍ രോഗം ഭേദമാവാതെ ശസ്ത്രക്രിയ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണം. കീമോ തെറാപ്പി എടുക്കുന്ന രോഗിയും അദ്ദേഹത്തിന്റെ കൂട്ടിരിപ്പുകാരനും വളരെ ശ്രദ്ധ പുലര്‍ത്തണം. കാരണം ലോകത്ത് കൊവിഡ് മരണം സംഭവിച്ചവരില്‍ കീമോ തെറാപ്പിയെടുക്കുന്ന രോഗികള്‍ കൂടുതലാണ്.
കൊവിഡ് പ്രതിരോധ നിര്‍ദേശം കൃത്യമായി പാലിക്കാത്തതോ ഒരുപാട് രോഗികളെത്തുന്നവരോ ആയ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഡോക്ടര്‍മാര്‍ കൂടുതല്‍ രോഗികളെ ഒരേസമയം കാണാതിരിക്കണം. കൊവിഡ് സാഹചര്യത്തില്‍ പല മെഡിക്കല്‍ വസ്തുക്കള്‍ക്കും ക്ഷാമം നേരിടുന്നതിനാല്‍ ആശുപത്രി ചികിത്സയുടെ നിരക്ക് കൂടുന്നതും ഇതുവഴി ഒഴിവാക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."