പ്ലാസ്റ്റിക് ഷെഡില്‍ കഴിഞ്ഞിരുന്ന ഫാത്തിമക്ക് എസ്.കെ.എസ്.എസ്.എഫിന്റെ ബൈത്തുന്നൂര്‍
കാളികാവ്: ആമപ്പൊയില്‍ വാഴക്കിളിയിലെ പ്ലാസ്റ്റിക് ഷെഡില്‍ കഴിഞ്ഞുകൂടിയ തോട്ടുങ്ങല്‍ ഫാത്തിമ അടക്കാനാകാത്ത ആഹ്ലാദത്തിലാണ്. ആരോരുമില്ലാതെ ഒറ്റപ്പെട്ടിരുന്ന ഇവര്‍ക്ക് ഒരു വീടെന്ന സ്വപ്നം പെരുന്നാള്‍ സമ്മാനമായി ഒരുക്കുകയാണ് ആമപ്പൊയില്‍ ശാഖ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍.
ഉപ്പയും ഉമ്മയും മരിച്ചതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട ഫാത്തിമ മാനസികമായും തകര്‍ന്ന നിലയിലാണ്. 52 വയസുള്ള ഇവര്‍ അവിവാഹിതയുമാണ്. കുടുംബ സ്വത്തായി കിട്ടിയ മൂന്ന് സെന്റ് സ്ഥലത്താണ് ഫാത്തിമ പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയാണ് ഇത്രയും കാലം താമസിച്ചിരുന്നത്.
കുടുംബ സ്വത്തായതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വീട് അനുവദിച്ച് കിട്ടിയില്ല. അടുക്കളയും ഒരു കിടപ്പുമുറിയും ഉള്‍പ്പെടുത്തിയാണ് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ വീടൊരുക്കുന്നത്. രണ്ടുലക്ഷം രൂപയാണ് ചെലവ്. നാട്ടുകാരായ പ്രവാസികളും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുമാണ് തുക കണ്ടെത്തിയിട്ടുള്ളത്. വീടിന്റെ നിര്‍മാണ പ്രവൃത്തിക്ക് നേതൃത്വം നല്കുന്ന ആലുങ്ങല്‍ റഊഫ്, എസ്.കെ.എസ്.എസ്.എഫ് ആമപ്പൊയില്‍ ശാഖ പ്രസിഡന്റ് മൂച്ചിക്കല്‍ ജമാല്‍ ദാരിമി, സെകട്ടറി കെ.ടി ഇര്‍ഷാദ് എന്നിവര്‍ വീടിന്റെ അവസാനത്തെ മിനുക്ക് പണിയുടെ തിരക്കിലാണ്.
ഫാത്തിമയുടെ ആഗ്രഹം പോലെ അയല്‍വാസികളെ വിളിച്ചു കൂട്ടി വീട്ടില്‍ സദ്യയൊരുക്കി കൊടുക്കുമെന്ന് വീട് പണിക്ക് നേതൃത്വം നല്കുന്ന റഊഫ് പറഞ്ഞു. ഫാത്തിമയുടെ വീട് പണിയോടൊപ്പം തന്നെ സമീപത്തുള്ള തോട്ടുങ്ങല്‍ ആയിശയുടെ വീടിന്റെ അറ്റകുറ്റപണിയും എസ്.കെ.എസ്.എസ്.എഫ് ആമപ്പൊയില്‍ ശാഖ ചെയ്തുകൊടുക്കുന്നുണ്ട്. മുന്‍പ് രണ്ട് വീടുകള്‍ പണി കഴിപ്പിച്ചു കൊടുത്തിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."