സിവില്‍ സപ്ലൈസ് ഹൈപ്പര്‍ മാര്‍ക്കറ്റ് നിലമ്പൂരില്‍ അനുവദിച്ചു
നിലമ്പൂര്‍: ടൗണില്‍ സിവില്‍ സപ്ലൈസ് ഹൈപ്പര്‍ മാര്‍ക്കറ്റ് സര്‍ക്കാര്‍ അനുവദിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തെത്തുടര്‍ന്നാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് അനുവദിച്ചതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിനുള്ള സ്ഥലവും കെട്ടിടവും നഗരസഭയാണ് ഒരുക്കേണ്ടത്. മേഖലയിലെ സാധാരണക്കാര്‍ക്ക് ഗുണകരമാകുന്ന പദ്ധതികള്‍ നിലമ്പൂരില്‍ യാഥാര്‍ഥ്യമാക്കുന്നതിനായി വകുപ്പു മന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. താലൂക്കിലേക്ക് രണ്ട് മൊബൈല്‍ മാവേലി സ്റ്റോറുകള്‍ അനുവദിക്കണമെന്നും നിലമ്പൂര്‍ മൃഗാശുപത്രിയെ വെറ്റിറിനറി പോളിക്ലിനിക് ആയി ഉയര്‍ത്തണമെന്നും മുതുകാട് വെറ്റിറിനറി സബ് സെന്റര്‍ തുടങ്ങണമെന്നും നഗരസഭ പരിധിയില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, മാവേലി മെഡിക്കല്‍സ് എന്നിവയും അനുവദിക്കണമെന്നും കാണിച്ചാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമനും മൃഗസംരക്ഷണ വകുപ്പു മന്ത്രി കെ.രാജുവിനും നിവേദനങ്ങള്‍ നല്‍കിയത്. ഇതില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ ലോക്കല്‍ സെക്രട്ടറിയും നഗരസഭ കൗണസിലറുമായ പി.എം ബഷീര്‍, ഇ.കെ ഷൗക്കത്തലി, ടി.കെ ഗിരീഷ്കുമാര്‍, എം.മുജീബ് റഹിമാന്‍, സി.വി അശോകന് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."