ശക്തമായ മഴ: കടലില്‍ പോകരുതെന്നു നിര്‍ദേശം
മലപ്പുറം: സംസ്ഥാനത്തു ചിലയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് മത്സ്യബന്ധനത്തിനു പോകരുത്.
കര്‍ണാടക, ലക്ഷദ്വീപ് കേരളതീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശക്തമായ മഴയെതുടര്‍ന്ന് വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. കേന്ദ്ര ജലകമ്മിഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.
ഇതിന്റെ ഭാഗമായി താലൂക്ക് കണ്ട്രോള് റൂമുകള്‍ ജൂണ്‍ 15 വരെ 24 മണിക്കുറും പ്രവര്‍ത്തിക്കും. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫിസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ കൈയ്യില്‍ കരുതണം. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മറ്റ് നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പ് വരുത്തണം.
ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രികാലങ്ങളില്‍ മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കും. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്പുഴകളിലും ചാലുകളിലും വെള്ളക്കൈട്ടുകളിലും മഴയത്ത് ഇറങ്ങാതിരിക്കണം.
മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."