തീരദേശ സമാധാന കാംപയിന്‍ ഏറ്റെടുത്ത് ജനങ്ങള്‍: സി.പി.എം-ലീഗ് സംയുക്ത ശ്രമങ്ങള്‍ ഫലം കാണുന്നു
ഇരുപാര്‍ട്ടികളുടെയും സംസ്ഥാന, ജില്ലാ നേതാക്കളുടെ ശക്തമായ ഇടപെടലുകള്‍ക്ക് പൊലിസ്, റവന്യൂ തലത്തിലെ ഉദ്യോഗസ്ഥരുടെ പിന്തുണയും ഉണ്ടായതോടെ തീരദേശം പൂര്‍ണമായ സമാധാനത്തിലാണിപ്പോള്‍
തിരൂര്‍: തീരദേശ മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടുള്ള സി.പി.എം-മുസ്‌ലിം ലീഗ് സംയുക്ത കാംപയിന്‍ ഏറ്റെടുത്ത് ജനങ്ങള്‍.
അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തീരദേശത്ത് ഇതോടെ ഫലം കണ്ടുതുടങ്ങി. തീരദേശത്തെ ക്രിമിനല്‍ സംഘങ്ങളെ ഒറ്റപ്പെടുത്താനും അക്രമങ്ങള്‍ക്കെതിരേ ശക്തമായ ബഹുജന പ്രതിരോധം തീര്‍ക്കാനും കൂട്ടായി, ഉണ്യാല്‍ മേഖലകളില്‍ ഇന്നലെ ചേര്‍ന്ന യോഗങ്ങളിലും തീരുമാനമായി.
ഇരുപാര്‍ട്ടികളുടെയും സംസ്ഥാന, ജില്ലാ നേതാക്കളുടെ ശക്തമായ ഇടപെടലുകള്‍ക്ക് പൊലിസ്, റവന്യൂ തലത്തിലെ ഉദ്യോഗസ്ഥരുടെ പിന്തുണയും ഉണ്ടായതോടെ തീരദേശം പൂര്‍ണമായ സമാധാനത്തിലാണിപ്പോള്‍.
നേതൃതലത്തില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരദേശത്തെ മുഴുവന്‍ ജനങ്ങളിലേക്കും സമാധാന സന്ദേശം എത്തിക്കാന്‍ ശ്രമം തുടങ്ങിയത്. തീരദേശത്തെ അക്രമങ്ങള്‍ കാരണം മറ്റു സ്ഥലങ്ങളിലും ബന്ധുവീടുകളിലും പോയി താമസിക്കുന്നവരെ തിരികെ കൊണ്ടുവരാനും ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവുകള്‍ വഹിക്കാനും ഇരു പാര്‍ട്ടികളും തീരുമാനിച്ചു.
സമാധാനയോഗങ്ങളുടെ തുടര്‍ച്ച ഇന്നും നാളെയും ഇരുമേഖലകളിലും നടക്കും. ഇരു മേഖലായോഗങ്ങളിലും മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഡ്വ. യു.എ ലത്തീഫ്, എം. അബ്ദുല്ലക്കുട്ടി, നൗഷാദ് മണ്ണിശേരി, സയ്യിദ് മുത്തുകോയ തങ്ങള്‍ താനൂര്‍, വെട്ടം ആലിക്കോയ, എം.പി അഷ്‌റഫ് (മുസ്‌ലിം ലീഗ്), പാലോളി മുഹമ്മദ് കുട്ടി, പി.പി.വാസുദേവന്‍, ഇ.എന്‍.മോഹന്‍ദാസ്, ഇ.ജയന്‍, കൂട്ടായി ബഷീര്‍, വി. അബ്ദുറസാഖ് (സി.പി.എം), എ.ഡി.എം വി രാമചന്ദ്രന്‍, തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്‌ക്കര്‍, തിരൂര്‍ തഹസില്‍ദാര്‍ ഷാജഹാന്‍, തിരൂര്‍, താനൂര്‍ സി.ഐ, എസ്.ഐ മാര്‍ പങ്കെടുത്തു.
ഉണ്യാല്‍ മേഖല ഒഫീഷ്യല്‍ കമ്മിറ്റി ചെയര്‍മാനായി താനൂര്‍ സി.ഐയേയും കണ്‍വീനറായി നിറമരുതൂര്‍ വില്ലേജ് ഓഫിസറെയും തെരഞ്ഞെടുത്തു. കൂട്ടായി മേഖല യോഗത്തില്‍ എ.പി.അബൂബക്കര്‍ അധ്യക്ഷനായി.
ഉണ്യാല്‍ മേഖല യോഗത്തില്‍ വി.പി.സൈതലവി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."