പുറത്താക്കിയ പോളി വിദ്യാര്‍ഥിയെ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കണം: മനുഷ്യാവകാശ കമ്മിഷന്‍
മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ നിന്ന് പുറത്താക്കിയ എന്‍ജിനീയറിങ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിക്ക് പഠനം തുടരാന്‍ വേണ്ട നടപടികള്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും മഞ്ചേരി പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പലും അടിയന്തരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. സംഭവത്തില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ നീതിപൂര്‍വമായ അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് നടപടി. കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതുകൊണ്ട് അധ്യാപകനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്‌തെന്നാണ് പരാതി. കോളജ് ജീവനക്കാരന്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലും താനാണ് സമരത്തിന് നേതൃത്വം നല്‍കിയതെന്ന് കോളജ് അധികൃതര്‍ ആരോപിച്ചതായി വിദ്യാര്‍ഥി പരാതിയില്‍ പറയുന്നു.
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, കോളജ് പ്രിന്‍സിപ്പല്‍ എന്നിവരില്‍ നിന്ന് കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. ലാബില്‍ അധ്യാപകനോട് അപമര്യാദയായി പെരുമാറിയതിന് വിദ്യാര്‍ഥിക്കെതിരേ കടുത്ത അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ കോളജിലെ അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയുടെ പരാതി അന്വേഷിച്ചതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാണിച്ചു. ഗൗരവതരമായ ക്രിമിനല്‍ കേസില്‍ പരാതിക്കാരന്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടിലില്ല.
കോളജില്‍ നിന്ന് പുറത്താക്കുന്ന തരത്തില്‍ ഗൗരവമുള്ള കുറ്റം വിദ്യാര്‍ഥി ചെയ്തതായും നിയമാനുസൃതം തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. കോളജ് അച്ചടക്ക സമിതി തിടുക്കത്തിലാണ് തീരുമാനമെടുത്തതെന്ന വിദ്യാര്‍ഥിയുടെ ആക്ഷേപം പരിഗണനാര്‍ഹമാണെന്നും ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥിയുടെ ഭാവി കണക്കിലെടുത്ത് നിഷ്പക്ഷ അന്വേഷണം നടത്തിയാണ് തീരുമാനമെടുത്തതെന്ന് വിലയിരുത്താനാവില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."