മലപ്പുറം ജില്ലയുടെ സുവര്‍ണ ജൂബിലി വിപുലമായി ആഘോഷിക്കാനുറച്ച് മുസ്‌ലിം ലീഗ്
മലപ്പുറം: ജില്ലയുടെ സുവര്‍ണ ജൂബിലി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. പരിപാടിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും 23നു മലപ്പുറം വാരിയന്‍ കുന്നത്ത് ടൗണ്‍ഹാളില്‍ നടക്കും.
23ന് ഉച്ചയ്ക്കു രണ്ടിനു സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലാ രൂപീകരണത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന സെമിനാറുകള്‍, മലപ്പുറം ജില്ല എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനു പരിശ്രമിച്ച നേതാക്കളുടെ ഓര്‍മ സദസുകള്‍, 50 വര്‍ഷത്തിനു മുന്‍പുള്ള മലപ്പുറവും ഇന്നത്തെ മലപ്പുറവും താരതമ്യവും വിശകലനവും ചെയ്യുന്ന വികസന സെമിനാറുകള്‍, വിവിധ മേഖലകളില്‍ ജില്ല കൈവരിച്ച നേട്ടങ്ങള്‍ വിശകലനം ചെയ്യുന്ന പരിപാടികള്‍, ഏതൊക്കെ മേഖലകളില്‍ പിന്നോക്കാവസ്ഥ അനുഭവിക്കുന്നെന്നു കണ്ടെത്തുന്നതിന് സഹായിക്കുന്ന ചര്‍ച്ചകള്‍, സംവാദങ്ങള്‍, സ്വാതന്ത്ര്യ സമരം, മതമൈത്രി, കല, സാഹിത്യം, മാധ്യമപ്രവര്‍ത്തനം, കായികം, ഫുട്‌ബോള്‍ തുടങ്ങി വിവിധ മേഖലകളിലെ ജില്ലയുടെ സംഭാവനകളായ പ്രമുഖരെക്കുറിച്ചുള്ള അനുസ്മരണങ്ങള്‍, ജീവിച്ചിരിക്കുന്നവരെ ആദരിക്കല്‍, അവരുടെ സംഗമ സദസുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
ജില്ലയുടെ ഭാവി വികസനം മുന്നില്‍കണ്ടുള്ള സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി തയാറാക്കി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമര്‍പ്പിക്കും. ജില്ലാ രൂപീകരണ ദിവസമായ 16ന് ഈദുല്‍ ഫിത്വര്‍ ആകാന്‍ സാധ്യതയുള്ളതിനാലാണ് പരിപാടി 23നു നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഡ്വ. യു.എ ലത്വീഫ്, സലീം കുരുവമ്പലം, ഉമര്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."