ഏകാധ്യാപക സ്‌കൂളുകളില്‍ പ്രവേശനോത്സവത്തിന് പണമില്ല
മഞ്ചേരി: ജില്ലയിലെ പിന്നോക്ക-തീരദേശ-വന മേഖലകളിലേ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഏകാധ്യാപക സ്‌കൂളുകളില്‍ ഇന്നു മങ്ങിയ പ്രവേശനോത്സവം.
മറ്റു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കെല്ലാം പ്രവേശനോത്സവത്തിനായി സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് അനുവദിക്കുമ്പോള്‍ ഏകാധ്യാപക സ്‌കൂളുകളിലെ പ്രവേശനോത്സവത്തിന് അധ്യാപകര്‍ സ്വന്തം കീശയില്‍നിന്നു പണമിറക്കേണ്ട സ്ഥിതിയാണെന്നു ബദല്‍ സ്‌കൂള്‍ അധ്യാപക സംഘടനയായ എ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ടി.കെ വിജയകുമാരന്‍ പറഞ്ഞു.
ഇതര സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു പ്രത്യേകം ഫണ്ട്, നവാഗതകര്‍ക്കു സ്വാഗതം പറഞ്ഞുള്ള ബാനര്‍, സി.ഡി തുടങ്ങിയ ഒട്ടേറെ സഹായങ്ങള്‍ നല്‍കുമ്പോഴാണ് കാട്ടിനുള്ളിലെയും തീരദേശ മേഖലകളിലെയും വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഏകാധ്യാപക സ്‌കൂളുകളിലെ പ്രവേശനോത്സവത്തിനു പണം അനുവദിക്കാത്തത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവ ഒഴിച്ചുള്ള ജില്ലകളില്‍ ഏകാധ്യാപക സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പിന്നോക്ക, വനപ്രദേശ, തീരദേശ മേഖലകളിലെ വിദ്യാര്‍ഥികളുടെ പ്രാഥമിക വിദ്യാഭ്യാസം കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ 1997ലാണ് ഏകാധ്യാപക സ്‌കൂളുകള്‍ ആരംഭിച്ചിരുന്നത്. നേരത്തെ സര്‍ക്കാര്‍ ഫണ്ട് നല്‍കിയിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു.
കൂടാതെ വനത്തിനകത്തേക്കു പോകുന്ന അധ്യാപകര്‍ക്കുള്ള ഹില്‍ ട്രാക്റ്റ് അലവന്‍സ്, ഓഫിസ് സാമഗ്രികള്‍ വാങ്ങുന്ന ഫണ്ട് എന്നിവ രണ്ടു വര്‍ഷമായി തഴയപ്പെട്ടിരിക്കുകയാണ്.
ജില്ലയില്‍ 47 ഏകാധ്യാപക സ്‌കൂളുകളിലായി 77 അധ്യാപകരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 29 സ്‌കൂളുകളും വനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."