കാലവര്‍ഷമെത്തിയാല്‍ വീടുപേക്ഷിക്കേണ്ട ഗതികേടില്‍ കാവുംമന്ദം പൊയില്‍ കോളനി നിവാസികള്‍
പടിഞ്ഞാറത്തറ: മഴക്കാലമായാല്‍ ആധിയോടെയെല്ലാതെ തരിയോട് കാവുംമന്ദം പൊയില്‍ കോളനി നിവാസികള്‍ക്ക് ഉറങ്ങാനാകില്ല. കാലവര്‍ഷമെത്തിയാല്‍ ഇവരുടെ ദുരിത കാലവും തുടങ്ങുമെന്നതിനാലാണിത്. നേരിയ തോതില്‍ കാലവര്‍ഷം പെയ്തിറങ്ങിയാല്‍ പ്രദേശത്തെ തോട് നിറഞ്ഞ് വീടുകളില്‍ വെള്ളം കയറി ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും അഭയം കണ്ടെത്തുകയാണ് കോളനിയിലെ അമ്പതോളം വീട്ടുകാര്‍. ഈ പ്രദേശത്ത് താമസം തുടങ്ങിയതു മുതലുള്ള ദുരിതമാണിത്.
തരിയോട് എട്ടാംമൈലിലെ ചെകുത്താന് തോട്ടില്‍ നിന്നുത്ഭവിക്കുന്ന തോടാണ് പൊക്കന്തോടെന്ന പേരില്‍ പ്രദേശത്ത് കുടി ഒഴുകുന്നത്. തോടിന്റെ ഇരുകരകളും ഇടിഞ്ഞ് മാറിയതാണ് വെള്ളം പരന്നൊഴുകാനിടയാക്കുന്നത്. 100 മീറ്ററോളം തോട് സംരക്ഷണഭിത്തി കെട്ടിയാല്‍ കുടുംബങ്ങളുടെ ദുരിതത്തിനറുതിയാകും. എന്നാല്‍ മാറി മാറി വരുന്ന ജനപ്രതിനിധികള്‍ക്ക് മുമ്പില്‍ ആവശ്യമുന്നയിച്ച് മടുത്തിരിക്കുകയാണ് ആദിവാസികളുള്‍പ്പെടെയുള്ള നാട്ടുകാര്‍.
കാലവര്‍ഷം തുടങ്ങിയാല്‍ ഒന്നും രണ്ടും തവണയെങ്കിലും എല്ലാം ഉപേക്ഷിച്ച് ബന്ധുവീട്ടിലോ സര്‍ക്കാര്‍ ഒരുക്കുന്ന തൊട്ടടുത്ത എ.എല്‍.പി സ്കൂളിലെ ക്യാംപിലോ അഭയം തേടണം. തിരിച്ചെത്തിയാല്‍ കിണറിലെ വെള്ളം മാസങ്ങളോളം ഉപയോഗിക്കാനാവില്ല. ഇതില്‍നിന്ന് മോചനം തേടി നിരവധി പരാതികള്‍ നല്‍കിയെങ്കിലും പരിഹാരമായിട്ടില്ല. കഴിഞ്ഞദിവസവും 20 ഓളം കുടുംബങ്ങള്‍ വീട് വിട്ട് അഭയ കേന്ദ്രങ്ങളിലേക്ക് മാറിയിട്ടുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."