ചെങ്ങന്നൂര്‍ നഗരസഭയില്‍ മാലിന്യനീക്കത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നു
ചെങ്ങന്നൂര്‍: മാലിന്യ നീക്കത്തെ ചൊല്ലിയുള്ള വിവാദം ചെങ്ങന്നൂര്‍ നഗരസഭയില്‍ ശക്തമാകുന്നു. ലൈസന്‍സില്ലാത്ത ഇറച്ചിക്കോഴി കടയുള്‍പ്പെടെ പൂട്ടാത്തതിലാണ് പ്രതിഷേധം വ്യാപകമാകുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെങ്ങന്നൂര്‍ നഗരത്തെ നാറ്റിച്ച ശാസ്താംപുറം മാര്‍ക്കറ്റ്, വിവിധ പാതയോരങ്ങളിലെ മാലിന്യം എന്നിവയാണ് വീണ്ടും വിവാദമാകുന്നത്. ഇത് ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനും കാരണമായി.
ഭരണസമിതിയുടെ പിടിപ്പുകേടുമൂലമാണ് മാലിന്യം നീക്കം നടക്കാത്തതെന്നു പ്രതിപക്ഷമാരോപിക്കുമ്പോള്‍ യന്ത്രതകരാറിന്റെ പേരു പറഞ്ഞു രക്ഷപ്പെടുവാനുള്ള മാര്‍ഗമാണ് നഗരഭരണക്കാര്‍ മെനഞ്ഞത്. ഒടുവില്‍ സമരമായപ്പോഴാണ് നഗരത്തെ മാലിന്യത്തില്‍നിന്നും രക്ഷിച്ചത്. 14ന് നടക്കുന്ന നഗരസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലും പ്രതിപക്ഷം മാലിന്യമെന്ന പിടിവള്ളിയെടുത്തു വിമര്‍ശിക്കാനും വഴിയായി.
ഭരണപക്ഷത്തെ ചിലരും മാലിന്യനീക്കത്തെ എതിര്‍ത്തു രംഗത്തെത്തിയിട്ടുണ്ട്. ലൈസന്‍സില്ലാതെ നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചിക്കോഴികടയുള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ പൂട്ടാത്തതില്‍ ഭരണ കക്ഷിയടക്കമുള്ള അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളുടെ പരിസരത്താണ് ഏറെ മാലിന്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതെന്നും ആരോപണമുയര്‍ന്നിരുന്നു. നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്റെ അനാസ്ഥ കാരണമാണ് ലൈന്‍സന്‍സ് നടപടിക്കു പുരോഗതിയുണ്ടാകാത്തതെന്നാണ് പൊതുവെയുള്ള ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."