കുടിയന്മാര്‍ തിരുവമ്പാടിയിലേക്ക്...
തിരുവമ്പാടി: ജില്ലയിലെ ദേശീയ-സംസ്ഥാന പാതകളില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യഷാപ്പുകള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയതോടെ തിരുവമ്പാടിയില്‍ തിരക്കേറുന്നു. തിരുവമ്പാടി വിദേശ മദ്യഷാപ്പ് സ്ഥിതി ചെയ്യുന്ന ചേപ്പിലംകോട് റോഡും പരിസരവും രാവിലെ തന്നെ മദ്യം വാങ്ങാനെത്തുന്നവരെ കൊണ്ട് വീര്‍പ്പുമുട്ടുകയാണ്.
താമരശേരിയിലും മുക്കത്തുമുള്ള മദ്യശാലകള്‍ യു.ഡി.എഫ് സര്‍ക്കാര്‍ മദ്യനയത്തിന്റെ ഭാഗമായി നേരത്തെ അടച്ചു പൂട്ടിയിരുന്നു. ഇപ്പോള്‍ ദേശീയ പാതയോരത്തു പ്രവര്‍ത്തിച്ചിരുന്ന കുന്ദമംഗലത്തെ വിദേശ മദ്യഷാപ്പും പൂട്ടിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിന് പേരാണ് ഇവിടെ പുലര്‍ച്ചെ ക്യൂവില്‍ സ്ഥാനമുറപ്പിക്കുന്നത്.
ജനത്തിരക്ക് കൂടിയതോടെ തിരുവമ്പാടിയിലെ മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്ന ചേപ്പിലംകോട് റോഡ് സാമൂഹ്യ ദ്രോഹികളുടെ താവളമായി മാറിയിരിക്കുകയാണ്. മദ്യം വാങ്ങാന്‍ വാഹനവുമായി എത്തുന്നവര്‍ റോഡില്‍ അനധികൃതമായി വാഹനം നിര്‍ത്തി പോകുന്നത് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെടുത്തുന്നുണ്ട്. റോഡില്‍ വാഹനം നിര്‍ത്തിയിട്ട് പരസ്യ മദ്യപാനം നടത്തുന്നതും ഇവിടെ സ്ഥിരം കാഴ്ചയാണ്.
ഇതുവഴി കാല്‍നടയായി പോവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ മദ്യപാനികള്‍ ഭീഷണിയുമായി വരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. റോഡിലൂടെ വാഹനമോടിച്ച് പോയ യുവാവിന്റെ വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചതായും നടന്നു വരുന്ന സ്ത്രികളുടെ വിഡിയോ പകര്‍ത്തുന്നതായും പരാതിയുണ്ട്.
സമീപത്തെ വീട്ടുകാരും വളരെ ആശങ്കയോടെയാണ് കഴിയുന്നത്. ഇവിടുത്തെ വീട്ടുമുറ്റത്തു വാഹനം കയറ്റിയിടുന്നതും വഴിയില്‍ മദ്യപിച്ചിരിക്കുന്നതും സമീപത്തെ വീട്ടുക്കാരുടെ ഉറക്കം കെടുത്തുകയാണ്. തിരുവമ്പാടി-ഓമശ്ശേരി റോഡിന്റെ വശങ്ങളിലും പെട്രോള്‍ പമ്പ്, ഒഴിഞ്ഞ പറമ്പുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വാഹനം നിര്‍ത്തിയിടുന്നത് പതിവായിരിക്കുകയാണ്.
ഇതോടെ സ്ഥലമുടമകള്‍ സ്ഥലം ചങ്ങലയിട്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. രാത്രി ഏഴോടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. നിയമം ലംഘിച്ച് മുസ്‌ലിം പള്ളി, ക്രിസ്ത്യന്‍ കപ്പേള, മദ്‌റസ തുടങ്ങിയ സ്ഥാപനങ്ങളുടെ തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പ് ഇവിടുന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും വിവിധ സംഘടനകളും വര്‍ഷങ്ങളോളമായി സമരത്തിലാണ്.
കഴിഞ്ഞ ഭരണസമിതി മദ്യശാലക്ക് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിദേശ മദ്യഷാപ്പിന് ലൈസന്‍സ് പുതുക്കി നല്‍കാന്‍ തിരുവമ്പാടി പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തിരിക്കുകയാണ്.
ഇതിനോടകം തന്നെ അഞ്ചു കൊലപാതകങ്ങള്‍ മദ്യശാലയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നതും പ്രശ്‌നത്തിന്റെ തീവ്രത വര്‍ധിപ്പിക്കുകയാണ്. മദ്യപാനികള്‍ക്ക് തിരുവമ്പാടി ആശ്രയമാകുമ്പോള്‍ അതു നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന വിഷയമായി മാറുകയാണ്.
ഇവിടെ ആവശ്യമായ പൊലിസ് സംവിധാനമൊരുക്കാന്‍ അധികാരികള്‍ തികഞ്ഞ പരാജയത്തിലുമാണ്. തിരുവമ്പാടി പൊലിസ് സ്റ്റേഷനില്‍ ആവശ്യത്തിനു പൊലിസുകാര്‍ ഇല്ലാത്തതും പ്രശ്‌നം സങ്കീര്‍ണമാക്കുകയാണ്.
മദ്യശാലക്ക് മുന്നിലെ റോഡിലെ വാഹനങ്ങളുടെ പാര്‍ക്കിങ് ഒഴിവാക്കി മദ്യപാനികളെ നിയന്ത്രിക്കാന്‍ പൊലിസ് സംവിധാനമൊരുക്കിയില്ലെങ്കില്‍ വിദേശ മദ്യശാലയുടെ പരിസരം സംഘര്‍ഷ കേന്ദ്രമായി മാറുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."