ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടുപോത്തിന്റെ വിഹാരം
തളിപ്പറമ്പ്: പരിയാരം മെഡിക്കല്‍ കോളജ് പരിസരത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടുപോത്തിന്റെ വിഹാരം തുടരുന്നു. കടന്നപ്പള്ളി റോഡിലൂടെ വാഹനത്തില്‍ പോകുന്നവരാണ് പബ്ലിക് സ്‌കൂള്‍ പരിസരത്തെ ഔഷധിയുടെ കാടുകയറിക്കിടക്കുന്ന ഔഷധ തോട്ടത്തില്‍ ഇന്നലെ രാവിലെ പതിനൊന്നോടെ കാട്ടുപോത്തിനെ കണ്ടത്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സോളമന്‍ തോമസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ റാപ്പിഡ് ആക്ഷന്‍ ടീം സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 31ന് രാത്രി രണ്ട് കാട്ടുപോത്തുകളെ കണ്ടതായി വിവരം ലഭിച്ചതുപ്രകാരം വനം വകുപ്പ് പുലര്‍ച്ച വരെ തെരച്ചില്‍ നടത്തിയിരുന്നു. രാത്രി എട്ടരയോടെയാണ് പരിയാരം മെഡിക്കല്‍ കോളജിന് സമീപം പബ്ലിക്ക് സ്‌കൂള്‍ പരിസരത്തെ കടന്നപ്പള്ളി റോഡില്‍ കാല്‍നടയാത്രക്കാര്‍ കാട്ടുപോത്തുകളെ കണ്ടത്. ഇവര്‍ ബഹളം കൂട്ടിയതോടെ പോത്തുകള്‍ ഔഷധ തോട്ടത്തിലേക്ക് ഓടിപ്പോകുകയായിരുന്നു.
മാസങ്ങള്‍ക്കു മുമ്പ് പാണപ്പുഴ തുമ്പോട്ട ഭാഗത്ത് കാട്ടുപോത്തുകളെ കണ്ടതായി പരാതി ഉയര്‍ന്നിരുന്നു. അതേ കാട്ടുപോത്തുകളിലൊന്നാവാം ഇതെന്ന് സംശയിക്കുന്നു. കടുത്ത വേനല്‍ മകാരണം ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാല്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയതാണ് ഇവയെന്നു കരുതുന്നു. കാട്ടുപോത്തിനെ കണ്ടെത്തി മയക്കുവെടി വച്ച് പിടിച്ച് വനത്തിലേക്ക് കൊണ്ടുവിടാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
അക്രമാസക്തനല്ലാത്ത കാട്ടുപോത്തിനെ വെടിവയ്ക്കരുതെന്നും മയക്കുവെടി വച്ച് പിടികൂടി കാട്ടില്‍ വിട്ടയക്കണമെന്നും മൃഗക്ഷേമ സംഘടനയായ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് സെക്രട്ടറി കെ. രഞ്ജിത്ത് ഡി.എഫ്.ഒക്കും വനം വകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ക്കും നല്‍കിയ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."