ബൈരായിക്കുളത്ത് മലയാളിയെത്തി; അധ്യാപകര്‍ക്കൊപ്പം ശരത്തും ഇനി മലയാളം പറയും
കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ മാത്രം പഠിക്കുന്ന ചിന്താവളപ്പ് ബൈരായിക്കുളം സ്‌കൂളില്‍ പതിവില്‍നിന്നു വിപരീതമായി ഒരു മലയാളിക്കുട്ടിയെത്തി. ഈ അധ്യയന വര്‍ഷം ഒന്നാം തരത്തിലേക്ക് ആകെ ചേര്‍ന്ന അഞ്ചു കുട്ടികളില്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ശരതാണ് സ്‌കൂളിനെ വ്യത്യസ്തനാക്കുന്നത്.
ബംഗാളില്‍നിന്നുള്ള ആഷിക് റസ, അസ്ജദ് അന്‍സാരി, യു.പിയില്‍ നിന്നുള്ള റിസാ എം.ഡി തിഹാന്‍, ശിവ, എന്നിവരും ശരതിനൊപ്പം ഒന്നാംക്ലാസിലേക്ക് അക്ഷരം നുണയാന്‍ എത്തി. രണ്ടിലേക്കും മൂന്നിലേക്കും നാലിലേക്കും ഓരോ കുട്ടികള്‍ വീതവും ഇത്തവണയെത്തി. രണ്ടാം ക്ലാസിലേക്ക് ബംഗാളില്‍ നിന്നുള്ള അജര്‍. മൂന്നാംക്ലാസിലേക്ക് ബംഗാളില്‍ നിന്നുള്ള മുഷ്ഖാന്‍ പുതുതായി എത്തിയിട്ടുണ്ട്. ഖുലിസ്ഥ ഖാട്ടൂണ്‍ നാലാം ക്ലാസിലേക്കും പുതുതായി പ്രവേശനം നേടി.
85 വര്‍ഷത്തോളം പഴക്കമുള്ള ബൈരായിക്കുളം എല്‍.പി സ്‌കൂള്‍ ഒരു കാലത്ത് നിറയെ വിദ്യാര്‍ഥികളുള്ള നഗരത്തിലെ പ്രമുഖ സ്‌കൂളായിരുന്നു. പിന്നീട് പ്രദേശത്തെ താമസക്കാര്‍ മാറിപ്പോകുകയും മറ്റും ചെയ്തതോടെ സ്‌കൂളിന്റെ പ്രൗഢി മങ്ങി അടച്ചുപൂട്ടല്‍ ഭീഷണിയിലെത്തി. അധ്യാപകരും സംരക്ഷണ സമിതിയും പ്രയത്‌നിച്ചു കോര്‍പറേഷന്റെ സഹായത്തോടെ സ്‌കൂളിനെ കരകയറ്റി.
അതിജീവനത്തിന്റെ പാതയില്‍ കിതച്ചു മുന്നേറുന്ന ഈ വിദ്യാലയത്തില്‍ നഗരത്തില്‍ സ്വര്‍ണപ്പണിക്കും മറ്റും എത്തിയ ബംഗാള്‍, ബിഹാര്‍, ഒഡീഷ സ്വദേശികളുടെ മക്കളാണ് ഇപ്പോള്‍ പഠിക്കുന്നത്. പ്രധാനാധ്യാപിക പി. ശോഭനയടക്കം നാല് അധ്യാപകരാണുള്ളത്. ജിയോ ജെയ്‌സണ്‍, എന്‍.എം ദിലിത്ത്, ഇ.പി സനിത എന്നിവരാണ് മറ്റ് അധ്യാപകര്‍. ഇതില്‍ മൂന്നു പേര്‍ക്കും ഹിന്ദി അറിയാം. ഇവര്‍ക്ക് ഇതര സംസ്ഥാനക്കാരുടെ കുട്ടികളെ പഠിപ്പിക്കാന്‍ വിഷമമില്ല. കഴിഞ്ഞ വര്‍ഷം രക്ഷിതാക്കളെ വിളിച്ചു വരുത്തി ഹിന്ദിയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയാണ് കുട്ടികളെ സ്‌കൂളില്‍ ചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."