ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു; കൊല്ലം ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത്, ചാലക്കുടി മുനിസിപ്പാലിറ്റി, ചിറയന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്, കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവ ഒന്നാം സ്ഥാനങ്ങള്‍ നേടി. ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമഗ്ര ആരോഗ്യ പദ്ധതി മുഖാന്തരം നടപ്പാക്കുന്ന ജനക്ഷേമ ആരോഗ്യ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് കേരളാസര്‍ക്കാര്‍ 2012-13 മുതല്‍ ആരോഗ്യ കേരളം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ ഈ പുരസ്‌കാരത്തിന് നല്‍കിയ അഗീകാരത്തിന്റെ ഫലമാണ് പദ്ധതി ആസൂത്രണരംഗത്ത് ആരോഗ്യമേഖലയ്ക്കുണ്ടായ മികച്ച മുന്നേറ്റം.
ഇത് നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 'ആരോഗ്യ കേരളം പുരസ്‌കാരം 2016-17 നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുരസ്‌കാരത്തിന് അര്‍ഹരായ ജില്ല മുന്‍സിപ്പാലിറ്റി ബ്ലോക്ക് ഗ്രാമപഞ്ചായത്തുകള്‍. ജില്ലാ പഞ്ചായത്ത്: ഒന്നാം സ്ഥാനം കൊല്ലം (10 ലക്ഷം), രണ്ടാം സ്ഥാനം കാസര്‍കോട് (5 ലക്ഷം). മുനിസിപ്പാലിറ്റി: ഒന്നാം സ്ഥാനം ചാലക്കുടി (10 ലക്ഷം), രണ്ടാം സ്ഥാനം ഹരിപ്പാട് (5 ലക്ഷം), മൂന്നാം സ്ഥാനം വളാഞ്ചേരി (3 ലക്ഷം). ബ്ലോക്ക് പഞ്ചായത്ത്: ഒന്നാം സ്ഥാനം ചിറയിന്‍കീഴ് (10 ലക്ഷം), രണ്ടാം സ്ഥാനം നീലേശ്വരം (5 ലക്ഷം), മൂന്നാം സ്ഥാനം ചുറ്റുമല (3 ലക്ഷം).
ഗ്രാമപഞ്ചായത്ത്: ഒന്നാം സ്ഥാനം കുടയത്തൂര്‍ (10 ലക്ഷം), രണ്ടാം സ്ഥാനം കിളിമാനൂര്‍ (7 ലക്ഷം) മൂന്നാം സ്ഥാനം മുട്ടം (6 ലക്ഷം). ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക. ത്രിതല പഞ്ചായത്ത് സംവിധാനത്തിനുകീഴിലുള്ള ആരോഗ്യപദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും 2012 മുതല്‍, വലിയ മാറ്റങ്ങള്‍ക്ക് ഇവ പ്രചോദനമായി. പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍, 2012-13 സാമ്പത്തികവര്‍ഷം ആരോഗ്യമേഖലയ്ക്ക് ലഭിച്ചത് 198 കോടി രൂപയായിരുന്നു.
എന്നാലിത് 2013-14 ല്‍ 302 കോടി രൂപയായും 2014-15 ല്‍ 345 കോടി രൂപയായും 2015-16 ല്‍ 450 കോടി രൂപയായും ഉയര്‍ന്നു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ സോഫ്ട് വെയര്‍ സംവിധാനത്തിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."