ലീഗ് മതമൗലിക സംഘടന: കോടിയേരി
മലപ്പുറം: മുസ്‌ലിംലീഗ് മത മൗലിക സംഘടനയാണെന്നു സി.പി.എം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ അനേകം മഹല്ലുകളിലെ ഖാസിയായ പാണക്കാട് തങ്ങളാണ് ലീഗിന്റെ പ്രസിഡന്റ്. മതത്തെ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലെന്നാണു സുപ്രിംകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സമുദായ സംഘടനകളിലെ യോജിപ്പ് എന്ന ലീഗ് നിലപാട് ഹിന്ദുത്വ സംഘടനകളെ ഏകോപിപ്പിക്കുന്നതിന് ആര്‍.എസ്.എസിനു ശക്തികൂട്ടുമെന്നും മലപ്പുറം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ കോടിയേരി പറഞ്ഞു.
'സര്‍ക്കാര്‍ മാറേണ്ടതില്ല'
ഈ ഉപതെരഞ്ഞെടുപ്പിലെ ജയപരാജയം നോക്കി പിണറായി സര്‍ക്കാര്‍ തുടരണോയെന്നു തീരുമാനിക്കാനാകില്ല. ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിനുള്ള അംഗീകാരമാകും. എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫിനാണെന്ന് ഉറപ്പാണ്. ഞങ്ങള്‍ക്കതു വേണ്ട. തീവ്രവാദത്തിനെതിരേ പ്രചാരണം നടത്തിയ ലീഗ് നിലപാടില്‍ വ്യതിചലിക്കുകയാണ്. ഭൂരിപക്ഷത്തിന്റെ കണക്ക് പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കരുത്. അതൊക്കെ തെരഞ്ഞെടുപ്പിനു ശേഷം പറയാം. ഭൂരിപക്ഷമുണ്ടായിരുന്ന മഞ്ചേരിയില്‍ ലീഗ് തോറ്റു. ശക്തനായിരുന്ന കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്തു തോറ്റു. സി.പി.എമ്മും പലയിടത്തും തോറ്റിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടി ശക്തനാണോ അല്ലേയെന്നു ചര്‍ച്ച ചെയ്യേണ്ടതില്ല. വ്യക്തിയെ വിലയിരുത്തേണ്ട, തെരഞ്ഞെടുപ്പില്‍ നിലപാടുകള്‍ വിലയിരുത്തിയാല്‍ മതി. ആത്മവിശ്വാസമുണ്ടെങ്കില്‍ അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവയ്ക്കണം.
ഫാസിസവും ഇടതുപക്ഷവും
ബി.ജെ.പി ഭരണം രാജ്യത്തു നടന്ന ഘടനപരമായ മാറ്റമാണ്. അഞ്ചു സംസ്ഥാന തെരഞ്ഞെടുപ്പുകളിലൂടെ ആര്‍.ആസ്.എസിന്റെ അതിതീവ്ര നിലപാട് ശക്തമാക്കിയിട്ടുണ്ട്. ഇന്നത്തെ കോണ്‍ഗ്രസ് നാളെത്തെ ബി.ജെ.പിയാണ്, ഇന്നലെത്തെ ബി.ജെ.പി ഇന്നു കോണ്‍ഗ്രസും. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതാക്കളാണ് ബി.ജെ.പിയെ വളര്‍ത്തിയത്. ഫാസിസത്തിനെതിരേ ഇടതുപക്ഷമാണ് വരേണ്ടത്.
ബാബരി വിഷയത്തില്‍ കോടതിക്കു പുറത്ത് തീര്‍പ്പുവേണമെന്ന സുപ്രിംകോടതി ജഡ്ജിയുടെ വിഷയത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒരു നിലപാടിലാണ്. ഇടതുപക്ഷം, മുസ്‌ലിം ലീഗ് തുടങ്ങിയവരെല്ലാം എതിര്‍പ്പു പ്രകടിപ്പിച്ചു. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റേതോ ലീഗിന്റേതോ യു.ഡി.എഫിന്റെ നിലപാടെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."