പൊലിസ് മര്‍ദനം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കൊണ്ടോട്ടി: സ്കൂളിലെ വിടവാങ്ങല്‍ ആഘോഷത്തിനിടെ പ്രഥമാധ്യാപകന്റെ വാഹനത്തിന്റെ ചില്ല് തകര്‍ന്നതിന്റെ പേരില്‍ നാല് വിദ്യാര്‍ഥികളെ പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചതായി പരാതി. കക്കോവ് പി.എം.എസ്.എ.പി.ടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് വാഴക്കാട് പൊലിസ് സ്റ്റേഷനില്‍ മര്‍ദനമേറ്റത്.
ഷമീര്‍ അലി പെരിങ്ങാവ്, ഷമീം കോട്ടുപാടം, അസ്ജാന്‍ മൂളപ്പറം, ഇസ്ഹാഖ് പുഞ്ചപ്പാടം എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇസ്ഹാഖ് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും മറ്റുള്ളവര്‍ ഫറോക്ക് ചുങ്കത്തെ സ്വകാര്യാശുപത്രിയിലും ചികിത്സ തേടി.
കഴിഞ്ഞ 30ന് പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെയാണ് പ്രഥമാധ്യാപകന്റെ കാറിന്റെ ചില്ല് തകര്‍ന്നത്. തുടര്‍ന്ന് ഒത്തുതീര്‍പ്പിനെന്ന പേരില്‍ തിങ്കളാഴ്ച വൈകിട്ട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലിസ് മര്‍ദിച്ചെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
അതേസമയം, വിദ്യാര്‍ഥികളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും അധ്യാപകരും വിദ്യാര്‍ഥികളും സ്റ്റേഷന് പുറത്ത് ഒത്തുതീര്പ്പുണ്ടാക്കുകയാണുണ്ടായതെന്നും എസ്.ഐ. സന്തോഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."