വെള്ളമെടുപ്പ് സംബന്ധിച്ച പ്രശ്നം: പഞ്ചായത്ത് അധികൃതര്‍ കോട്ടപ്പുഴ സന്ദര്‍ശിച്ചു
പൂക്കോട്ടുംപാടം: കോട്ടപ്പുഴയില്‍ നിന്നു വെള്ളമെടുക്കുന്നത് സംബന്ധിച്ച് നാട്ടുകാരും കര്‍ഷകരും പഞ്ചായത്ത് അധികൃതരും കൈകൊണ്ട തീരുമാനം മലയോര കര്‍ഷകര്‍ പാലിക്കാത്തത് കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാക്കി. യോഗ തീരുമാന പ്രകാരം തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ നാട്ടുകാര്‍ക്കും, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ഷകര്‍ക്കും പുഴയില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കാമെന്നായിരുന്നു.
എന്നാല്‍ ഈ തീരുമാനം നടപ്പാക്കുന്നതിന് പല കര്‍ഷകരും തയാറാവാതെ വന്നതോടെ പ്രദേശത്ത് കുടിവെള്ള പ്രശ്നം രൂക്ഷമാക്കി. മലയോര കര്‍ഷകര്‍ കോട്ടപ്പുഴയുടെ ഉത്ഭവ സ്ഥാനങ്ങളില്‍ വലിയ പ്ലാസ്റ്റിക് പൈപ്പുകള്‍ സ്ഥാപിച്ചു കൃഷിയിടം നനയ്ക്കുന്നതാണ് പുഴയുടെ താഴെ ഭാഗങ്ങളില്‍ നീരൊഴുക്ക് കുറയാന്‍ കാരണമാക്കിയത്. ഇത് കുടിവെള്ളത്തിനു കോട്ടപ്പുഴയെ ആശ്രയിക്കുന്ന ടി.കെ കോളനി, പൊട്ടിക്കല്ല് പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് കുടിവെള്ളത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കയാണ്.
കുടിവെള്ളം പ്രശ്നം രൂക്ഷമായതോടെ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത, സ്ഥിരംസമിതി അധ്യക്ഷന്‍ കെ.സുരേഷ് കുമാര്‍, വാര്‍ഡ് അംഗം ടി.സുധാമണി, പഞ്ചായത്ത് സെക്രട്ടറി ആന്റണി, നാട്ടുകാരായ ജോസ്, ബാബു തോമസ്, വനം വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എ.ഷാജി, കെ.അഭിനേഷ്, പൂക്കോട്ടുംപാടം പൊലിസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പൊതുജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് കര്‍ഷകരെ സംരക്ഷിക്കേണ്ടതില്ലെന്നും അതിനാല്‍ വേനല്‍ കഴിയുന്നതുവരെ മലയോര കര്‍ഷകര്‍ സഹകരിക്കണമെന്നും അതല്ലെങ്കില്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."