14 വര്‍ഷങ്ങള്‍ക്കു ശേഷം മുഹമ്മദ് ഷാ തിരിച്ചെത്തി..!
മഞ്ചേരി: 14 വര്‍ഷങ്ങള്‍ക്കു മുന്‍പു കാണാതായ കുടുംബനാഥന്‍ വീട്ടില്‍ തിരിച്ചെത്തി. മഞ്ചേരി മാളികപ്പറമ്പ് സ്വദേശി കൊട്ടേക്കാടന്‍ മുഹമ്മദ് ഷായാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയത്. 1998ല്‍ സഊദി അറേബ്യയിലെത്തിയ ഇദ്ദേഹത്തെ നാട്ടിലേക്കു മടങ്ങിയതിനു ശേഷം കാണാതാകുകയായിരുന്നു.
നാലു വര്‍ഷം അബഹയില്‍ ജോലി ചെയ്ത ശേഷം മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിലേക്കു മടങ്ങാന്‍ തയാറെടുത്തു. ഇതിനിടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും നഷ്ടപ്പെട്ടു. ഇതോടെ മാനസികമായി തളര്‍ന്ന മുഹമ്മദ് ഷായെ ഉള്ള യാത്രാ രേഖകളുമായി കൂട്ടുകാര്‍ നാട്ടിലേക്കു യാത്രിയാക്കിയതായിരുന്നു. പിന്നീട് ഇദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്നകാര്യം ദുരൂഹമായിരുന്നു.
ബന്ധുക്കള്‍ മഞ്ചേരി പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണങ്ങള്‍ പുരോഗമിച്ചിരുന്നുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ഗള്‍ഫ് ചാനലുകളിലും മലയാള പത്രങ്ങളിലും മുഹമ്മദ് ഷായെ കാണാനില്ലെന്ന വാര്‍ത്തകള്‍ നിരന്തരം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. നിരാശരായ കുടുബം പ്രാര്‍ഥനയില്‍ കഴിഞ്ഞുകൂടി. നഷ്ടപ്പെട്ട മകനെ മരിക്കും മുന്‍പ് ഒരുനോക്കു കാണുമെന്ന പ്രതീക്ഷയിലായിരുന്നു മുഹമ്മദ്ഷായുടെ മാതാപിതാക്കള്‍ .
ഭാര്യ ഫാത്വിമയും മക്കളായ റുബീന, റസീന, ഷാഹിന, സലീന എന്നിവരും മുഹമ്മദ് ഷായുടെ വരവുംകാത്ത് ദിനങ്ങള്‍ കഴിച്ചുകൂട്ടി. സഹോദരങ്ങളായ സുല്‍ത്താന്‍, മുഹമ്മദാലി, ഹൈദര്‍ മുസ്‌ലിയാര്‍, അലവികുട്ടി തുടങ്ങിയവരും വിദേശങ്ങളില്‍ പോകുന്നവരോടും വരുന്നവരോടും നിരന്തരം അന്വേഷിച്ചിരുന്നു. ഇനി തിരിച്ചുവരില്ലെന്ന വിശ്വാസത്തില്‍ കഴിയുന്നതിനിടെയാണ് ഇന്നലെ അപ്രതീക്ഷിതമായ വരവുണ്ടായത്.
ശാരീരികമായും മാനസികമായും തളര്‍ന്നെന്നും നാട്ടിലേക്കു തിരിക്കാനാകാതെ ഒറ്റപ്പെട്ടു കഴിയുകയുമായിരുന്നുവെന്നും ബോംബയിലെ ശ്രദ്ധ എന്ന സന്നദ്ധ സംഘടന വഴിയാണ് ജന്മനാട്ടിലേക്കു തിരിച്ചെത്താനായതെന്നുമാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."