ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച് ഇ-ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ
കൊച്ചി: സംസ്ഥാനത്തെ എല്ലാ പൗരന്‍മാരുടെയും ആരോഗ്യപ്രശ്‌നങ്ങള്‍, പ്രത്യേകതകള്‍ എന്നിവ ഇലക്‌ട്രോണിക് രീതിയില്‍ രേഖപ്പെടുത്തുന്ന ഇ-ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഇ-രജിസ്റ്റര്‍ വ്യക്തികളുടെ സമഗ്ര ആരോഗ്യ രേഖയായിരിക്കും. അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ എത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ മറ്റ് രേഖകളൊന്നുമില്ലാതെ വിരല്‍സ്പര്‍ശത്തില്‍ ലഭ്യമാക്കാന്‍ രജിസ്റ്റര്‍ വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാത് ലാബിന്റെയും അഡ്വാന്‍സ്ഡ് ഇന്‍വേസീവ് കാര്‍ഡിയാക് കെയര്‍ യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എറണാകുളം അടക്കം ഏഴു ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഇ - ഹെല്‍ത്ത് രജിസ്റ്റര്‍ നടപ്പാക്കുക. പ്രാഥമികതലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍, ചികിത്സ, മരുന്നുകള്‍ തുടങ്ങിയവ രജിസ്റ്ററിലുണ്ടാകുമെന്നതിനാല്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള മറ്റ് ആശുപത്രികളില്‍ കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ലഭിക്കും. സമഗ്ര ആരോഗ്യ നയം പണിപ്പുരയിലാണെന്നും മന്ത്രി വ്യക്തമാക്കി.
1961ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാകൂ. പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കേണ്ട മെഡിക്കല്‍ കോളജുകളിലേക്ക് രോഗികളുടെ ഒഴുക്ക് നിയന്ത്രിക്കണമെങ്കില്‍ ജില്ലാ, താലൂക്ക് ആശുപത്രികളുടെ നിലവാരം മെച്ചപ്പെടണം. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള ചികിത്സ എല്ലാ തലങ്ങളിലും ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഫാമിലി ഹെല്‍ത്ത് സെന്ററുകളാക്കുന്നത് ഇതിന്റെ ആദ്യപടിയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."