ലോട്ടറി രാജാവിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ്: വിവാദത്തിലകപ്പെട്ട് സര്‍ക്കാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ലോട്ടറി രാജാവിനുവേണ്ടി കോടതിയില്‍ ഹാജരായത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയവിവാദത്തിന് വഴിവയ്ക്കുന്നു. സര്‍ക്കാരിന്റെ തുടക്കം നല്ലനിലയിലെന്ന വിലയിരുത്തലിന്റെ ശോഭകെടുത്തുന്നതാണു നിയമോപദേഷ്ടാവിന്റെ നടപടിയെന്ന് പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി പിണറായിയുടെ നിയമോപദേഷ്ടാവ് അഡ്വ. എം.കെ.ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായതാണു സര്‍ക്കാരിനെ പുതിയ വിവാദത്തില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ എഴുതിത്തളളിയ 23 കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ നിലനില്‍ക്കുമ്പോഴാണ് ദാമോദരന്‍ മാര്‍ട്ടിനുവേണ്ടി കോടതിയിലെത്തിയത്. ലോട്ടറി ഇടപാട് വഴിയുളള കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇതിനെ ചോദ്യം ചെയ്തു മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായത്. സര്‍ക്കാര്‍ പദവിയില്‍ നിന്നു ശമ്പളം പറ്റുന്നില്ലെന്നും താന്‍ ഒരു ക്രിമിനല്‍ വക്കീലായതിനാലാണ് മാര്‍ട്ടിനുവേണ്ടി ഹാജരായതെന്നുമാണ് ദാമോദരന്റെ നിലപാട്. എന്നാല്‍ മറ്റൊരഭിഭാഷകന്‍ ഏറ്റെടുത്ത കേസില്‍ അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് എം.കെ.ദാമോദരന്‍ ഹാജരായതെന്നാണ് അദ്ദേഹവുമായി അടുപ്പമുളളവര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസിലാണ് ദാമോദരന്‍ ഹാജരായതെന്നും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് കക്ഷിയല്ലെന്നും ഇവര്‍ പറയുന്നു.
നേരത്തേയും മാര്‍ട്ടിന്‍ സി.പി.എമ്മിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇപ്പോഴത്തെ വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പാര്‍ട്ടി പത്രത്തിനു വേണ്ടി രണ്ടുകോടി രൂപ വാങ്ങിയതും പാര്‍ട്ടി ചാനലില്‍ അന്യസംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പു പരസ്യം ലൈവായി നല്‍കിയതും വിവാദം വിളിച്ചുവരുത്തിയിരുന്നു. ഇപ്പോഴത്തെ വിവാദം ശക്തിപ്പെട്ടതോടെ കേസില്‍ നിന്നു പിന്മാറാന്‍ ദാമോദരനു മേല്‍ സമ്മര്‍ദമേറുന്നുണ്ടെന്നും സൂചനയുണ്ട്.
മാര്‍ട്ടിനു വേണ്ടി എം.കെ.ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായതിനെ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും വൈസ് പ്രസിഡന്റ് വി.ഡി.സതീശനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. അദ്ദേഹത്തിന്റെ നടപടി അനുചിതമാണെന്നും മുഖ്യമന്ത്രിയുടെ നിയമോപദേശക സ്ഥാനത്തിരുന്നുകൊണ്ട് ഇത്തരമൊരു കേസില്‍ ഹാജരായതു ശരിയായ നടപടിയല്ലെന്നും സുധീരന്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പും സാന്റിയാഗോ മാര്‍ട്ടിനാണെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. എം.കെ ദാമോദരന്‍, സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായത് ഇതിന് തെളിവാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി മാര്‍ട്ടിനു വേണ്ടി ഹാജരായതിനെ ശക്തമായി വിമര്‍ശിച്ചവരാണ് ഇപ്പോള്‍ അധികാരത്തിലിരിക്കുന്നത്. അന്നു വിമര്‍ശനമുയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര നേതാക്കളുമായി ബന്ധപ്പെട്ട് സിങ്‌വിയെ വക്താവ് സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. എന്നാലിപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ മാര്‍ട്ടിനു വേണ്ടി ഹാജരായിരിക്കുന്നു. മാര്‍ട്ടിന് കേരളത്തിലേക്കു കടന്നുവരാനുള്ള ചുവപ്പുപരവതാനി വിരിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും സതീശന്‍ ആരോപിച്ചു.
എം.കെ.ദാമോദരന്‍ മാര്‍ട്ടിനു വേണ്ടി ഹാജരായത് അധാര്‍മികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കേരളത്തില്‍ ഏറ്റവും വിവാദമായ കേസില്‍ നിയമോപദേഷ്ടാവ് ഹാജരായത് ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹം നിയമോപദേഷ്ടാവ് സ്ഥാനത്തു നിന്നു മാറിയിട്ടു വേണമായിരുന്നു സര്‍ക്കാരിനെതിരായി ഹാജരാകേണ്ടിയിരുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."