വെളിച്ചം കൊണ്ടൊരു വാക്ക്
വ്യക്തിപരമായിപ്പറഞ്ഞാല്‍ ഞാന്‍ ആരെന്നുമെന്തെന്നും സ്വയമിത്തിരികൂടി ആഴത്തില്‍ ചിന്തിയ്ക്കാന്‍ പ്രേരിപ്പിക്കുന്ന, എത്ര തൂത്തെറിഞ്ഞാലും ഉള്ളിലെവിടെയൊക്കെയോ ചിതറിക്കിടക്കുന്ന ഞാനെന്ന ഭാവത്തെയും മാനുഷികമായ ദുരകളെയും കാലുഷ്യങ്ങളെയുമെല്ലാം തുടച്ചുമാറ്റാനുതകുന്ന മുപ്പതു ദിനരാത്രങ്ങളാണ് എനിക്ക് ഉപവാസകാലം. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ ഞാനെന്നോടു ചോദിക്കാറുള്ള ഒരു പതിവുചോദ്യമുണ്ട്. ഇന്നത്തെ വാക്കിലും പ്രവൃത്തികളിലും ചിന്തകളിലും വേണ്ടിയിരുന്നതും അല്ലാത്തതുമെത്ര? കാപട്യമെത്ര, കാലുഷ്യങ്ങളെത്ര? ആ ചോദ്യങ്ങള്‍ക്കു സ്വയം നല്‍കുന്ന മറുപടികള്‍ പക്ഷേ എപ്പോഴുമെന്നെ കുഴക്കാറുണ്ട്. ചെയ്യേണ്ടിയിരുന്നില്ലാത്ത ചില പ്രവൃത്തികള്‍, പറയേണ്ടിയിരുന്നില്ലാത്ത ചില വാക്കുകള്‍, മുള്ളും കാടും ഇരുട്ടും ചവിട്ടിപ്പോകുന്ന ചിന്തകള്‍... അങ്ങനെ അരിച്ചെടുക്കുമ്പോഴുണ്ടാകുന്ന ആ ഒരിത്തിരിക്കുമ്പിള്‍ അതെന്നെ എപ്പോഴും പരിഭ്രമത്തിലാക്കാറുണ്ട്.
മാനുഷികം എന്നൊരൊറ്റ വാക്കില്‍ അതിനെയൊക്കെയുമെറിഞ്ഞു കളഞ്ഞ് ഉറങ്ങാന്‍ തുടങ്ങുമ്പോഴും മറ്റെന്തിനെക്കാളുമേറെ പറയേണ്ടിയിരുന്നില്ലെന്നു പൊള്ളിക്കുന്ന ഏതോ ഒരു വാക്കെന്റെ സ്വാസ്ഥ്യം കെടുത്തും. പൂര്‍ണത ദൈവത്തിനുള്ളതാവാമെങ്കിലും അപൂര്‍ണതകളെ സ്‌നേഹിക്കുന്നുവെങ്കിലും നമ്മളൊക്കെയും അപൂര്‍ണതകളിലും ഏതോ പൂര്‍ണതകളെ തിരയുന്നവര്‍ തന്നെ; അതിനാല്‍ ഇങ്ങനെ അസ്വസ്ഥരും. അങ്ങനെ എത്ര പാഴ്‌വാക്കുകള്‍ കൊണ്ട്, ചിന്ത കൊണ്ട്, പ്രവൃത്തികള്‍ കൊണ്ട് മലിനമാണു നമ്മളെന്നതു ചിന്തിക്കാനും തിരിച്ചറിയാനും തിരുത്താനും ശ്രമിക്കുന്ന ഒരിടവേളകൂടിയാണ് എനിക്ക് ഉപവാസകാലം. മൗനത്തിന്റെ, ധ്യാനത്തിന്റെ ആത്മീയസൗന്ദര്യത്തെ മനോഹരമായി അടയാളപ്പെടുത്തുന്ന കാലം.
ഇരുളാകാശത്തില്‍ തന്റെ പ്രകാശം കൊണ്ടടയാളം വച്ചുകൊണ്ടു ചന്ദ്രന്‍ വിശുദ്ധമാസത്തിന്റെ വരവറിയിക്കുന്നതോടെ ജീവിതത്തിന്റെ പതിവുകള്‍, അതപ്പാടെ മാറുകയായി. സമയത്തെ കുറേക്കൂടി കൃത്യതയോടെയറിയാന്‍, അലസമായി പൊയ്‌ക്കൊണ്ടിരുന്ന ചില പതിവുകളില്‍നിന്നൂര്‍ന്നു പോരാന്‍, സ്വയമൊന്നുകൂടി കുടഞ്ഞെടുക്കാന്‍, അന്യന്റെ ജീവിതത്തിലേയ്ക്ക് അനുതാപപൂര്‍വം നോക്കാന്‍, സ്വന്തം വാക്കുകള്‍ക്ക്, ചിന്തകള്‍ക്ക്, പ്രവൃത്തികള്‍ക്കു കുറേക്കൂടി പക്വത പകരാന്‍ ഉപവാസകാലത്തെ ആന്തരികയാത്രകള്‍ സഹായിക്കാറുണ്ട്.
വിശപ്പ് ഒരു വലിയ പാഠമാണ്. വിശക്കുമ്പോള്‍ കഴിക്കുന്നവരല്ല നമ്മളില്‍ ഏറെയും. വിശപ്പിനെ ആരോ മൂന്നു നേരത്തേക്കു വിഭജിച്ചുവയ്ക്കുകയും അന്നേരങ്ങളിലൊക്കെയും വിശന്നാലുമില്ലെങ്കിലും തീന്‍മേശകളില്‍ പതിവുകാക്കുന്നവരുമാണു നമ്മള്‍. ഈ സ്വയം നിര്‍ബന്ധിത ഭക്ഷണശീലങ്ങളെ കൂടാതെ എന്തുമാത്രം ഭക്ഷണമാണ്, പാനീയങ്ങളാണ് (ചിലപ്പോളൊക്കെയും ഭക്ഷണമേയല്ലാത്ത ഭക്ഷണങ്ങളും പാനീയങ്ങളേ അല്ലാത്ത പാനീയങ്ങളുമാണ്) നമ്മള്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്നത്! വിശക്കാതെ, ഒട്ടുമേ വിശക്കാതെ. വിശക്കാതെ ഒരു മൃഗവും ഇരതേടിപ്പിടിക്കാറില്ല. പ്രകൃതി വിശപ്പിനെയും ഭക്ഷണത്തെയും അങ്ങനെയൊക്കെയാണു ചേര്‍ത്തുവച്ചിട്ടുള്ളതെങ്കിലും നിരന്തരം നമ്മളതു മറന്നുപോവുകയും ആനന്ദത്തിന്റെ ഉപാധികളിലൊന്നായി ഭക്ഷണം മാറിപ്പോവുകയും ചെയ്തിരിക്കുന്നു. ആ ശീലങ്ങളെയും ഉപവാസം ഉപേക്ഷിപ്പിക്കുന്നു. അനുഭവിക്കുക എന്ന അറിവിനോളം മറ്റൊന്നുമില്ലെന്ന് ഉപവസിക്കുന്ന ഒരാള്‍ക്ക്, അതേതു തരത്തിലുള്ള ഉപവാസവുമാവട്ടെ, കൃത്യമായി തിരിച്ചറിയാനാവും. വിശപ്പ് ഒരാളെ എങ്ങനെയാണു ചിന്തകളുടെ മറ്റൊരു ഭൂമികയിലേക്കു നയിക്കുകയെന്നു ശരീരം കൊണ്ടും മനസുകൊണ്ടും ഉപവസിക്കുന്നവര്‍ക്ക്, അതിന്റെ ആത്മീയതയനുഭവിക്കുന്നവര്‍ക്കു ശരിയ്ക്കും തിരിച്ചറിയാനാവും. അകത്തെ, പുറത്തെ മാലിന്യങ്ങളെ തൂത്തുകളഞ്ഞ് അതൊരാത്മ സഞ്ചാരത്തിലേക്ക് ഉപവസിക്കുന്നവനെ നയിക്കുകയും ചെയ്യുന്നു.
വിശപ്പിന്റെ, പ്രാര്‍ഥനകളുടെ, ഉറക്കംവെടിയലുകളുടെ, ദാനധര്‍മങ്ങളുടെ, ആത്മസമര്‍പ്പണത്തിന്റെ ഈ ദിനരാത്രങ്ങളിലൂടെ പതിയെ ഒരു വിരക്തിയിലേയ്ക്ക്, ശാന്തതയിലേയ്ക്ക് ശരീരവും മനസും പാകപ്പെടുമ്പോഴാണ് അതിന്റെ പൂര്‍ത്തീകരണം പോലെ പെരുന്നാള്‍ വരിക. ചെറിയ വലിയ കൂടിച്ചേരലുകളുടെ ആഘോഷം. കുട്ടിക്കാലത്ത് അതു കുറെയേറെ കാത്തിരിപ്പുകളുടെ കാലമായിരുന്നു. പെരുന്നാള്‍ തലേന്ന് ഓറഞ്ചു നിറമുള്ള തന്റെ വള്ളിക്കൊട്ട നിറയെ മുതിര്‍ന്നവര്‍ക്കു ചില്ലുവളകളും കുട്ടികള്‍ക്ക് പ്ലാസ്റ്റിക് വളകളുമായെത്താറുണ്ടായിരുന്ന വയസി മാമ. എവിടെനിന്നൊക്കെയോ വാങ്ങിക്കൂട്ടിയ പലവിധ സാമാനങ്ങളുടെ ഒരത്ഭുതപ്പെട്ടിയായിരുന്നു ഞങ്ങള്‍ക്കത്. തവിട്ടുനിറത്തില്‍ ഗോലിക്കണ്ണുകളുള്ള അവരുടെ ഒരൊറ്റ നോട്ടം അതിലേയ്ക്കു ചാടി വീഴുന്നതില്‍നിന്നു ഞങ്ങളെ വിലക്കും. ആവേശത്തോടെ എത്തിനോക്കിക്കൊണ്ട് നില്‍ക്കെ കൂടയില്‍നിന്നിറങ്ങി വരും വര്‍ണബലൂണുകള്‍, കാലുകളില്‍ പശയുള്ള ഇത്തിരിക്കുഞ്ഞനൊട്ടിപ്പു പാവകള്‍, പീപ്പി ബലൂണുകള്‍, വെള്ളം പീച്ചികള്‍, തോക്കുകള്‍, തിരകള്‍... കഴിഞ്ഞ പെരുന്നാളിനു കിട്ടിയ സൂക്ഷിപ്പുപൈസ ചെലവാക്കാന്‍ മടിയൊന്നുമുണ്ടാവില്ല; പെരുന്നാള്‍ ദിവസത്തെ കാരണവന്മാരെ കാണാനുള്ള പോക്കില്‍ അതു ഭംഗിയായി നിവര്‍ത്തിക്കപ്പെടുമെന്നറിയാവുന്നതു കൊണ്ടുതന്നെ.
വീണ്ടുമൊരു ചന്ദ്രിക പെരുന്നാളിന്റെ വരവറിയിക്കുമ്പോള്‍ പള്ളിക്കാരുടെ അറിയിപ്പുവണ്ടി അതേറ്റു പറഞ്ഞുകൊണ്ടു വഴിയിലൂടെ കടന്നുപോകും. ആ രാത്രി മൈലാഞ്ചിയിടാനുള്ള ഓട്ടമാണ്. അയലത്തെ അമ്മുവേട്ടത്തിയുടെ മൈലാഞ്ചിവേലിയില്‍ നിന്നൂരിയെടുക്കണം, അരച്ചെടുക്കണം ഇലകള്‍. മൈലാഞ്ചിയണിഞ്ഞ പല കുട്ടിക്കയ്യുകളുടെ ആരുടേത് ഏറ്റവും ചുവക്കുമെന്ന മത്സരം. പുതിയ ഉടുപ്പ് തൊട്ടും മണത്തും നാളത്തെ കളികളെന്തൊക്കെയെന്നാലോചിക്കുന്ന ബഹളം. അടുക്കളയില്‍ വിശേഷഭക്ഷണങ്ങളുടെ കൊതിമണങ്ങള്‍. തീന്‍മേശ നിറയെ മതഭേദമില്ലാതെ വീട്ടുകാരും കൂട്ടുകാരും അയല്‍ക്കാരുമുണ്ടായിരുന്ന, ഒരുപാടൊച്ചകളും തമാശകളും നിറഞ്ഞ ആ പെരുന്നാളുകള്‍ അതേ ആരവങ്ങളോടെ ഇപ്പോഴില്ല. എങ്കിലും പെരുന്നാള്‍ എന്ന വാക്കിന് ഉള്ളിലൊരു പൂത്തിരിച്ചന്തമുണ്ട്. ഭംഗിയുള്ള വെളിച്ചം കൊണ്ടു മെനഞ്ഞൊരു വാക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."