യുവാവിന് മര്‍ദനം: ഗണേഷ്‌കുമാറിന്റെ വാദം പൊളിച്ച് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
കൊല്ലം: അഞ്ചലില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ വാദം പൊളിയുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിന് ഗണേഷ് കുമാറും ഒപ്പമുണ്ടായിരുന്ന ഡ്രൈവറും പി.എയുമായ പ്രദീപും യുവാവിനെ കൈയേറ്റം ചെയ്‌തെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടാണ് താന്‍ മര്‍ദിച്ചിട്ടില്ലെന്ന എം.എല്‍.എയുടെ വാദം പൊളിയാന്‍ കാരണം. ഇതിനിടെ, എം.എല്‍.എക്കെതിരേ പരാതി നല്‍കിയതിന്റെ പേരില്‍ ഗണേഷ്‌കുമാര്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് പരാതിക്കാരനായ അനന്തകൃഷ്ണന്‍ ആരോപിച്ചു. താനും മാതാവും ഗണേഷിനെ അടിച്ചെന്ന പരാതി കളവാണ്. സ്ഥലത്തുണ്ടായിട്ടും അഞ്ചല്‍ സി.ഐ നടപടിയെടുത്തില്ലെന്നും എം.എല്‍.എയെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചതെന്നും അനന്തകൃഷ്ണന്‍ ആരോപിച്ചു.
മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന ജാമ്യമില്ലാ കുറ്റമാണ് യുവാവിനെതിരേ ചുമത്തിയിരിക്കുന്നതെങ്കില്‍ എം.എല്‍.എയ്ക്കും സഹായിക്കുമെതിരേയുള്ളത് നിസാരവകുപ്പുകളാണ്. നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സമീപിക്കുമെന്നും യുവാവ് വ്യക്തമാക്കി. എന്നാല്‍ എം.എല്‍.എയും ഒപ്പമുണ്ടായിരുന്ന പി.എയും യുവാവിനെ കൈയേറ്റം ചെയ്‌തെന്നാണ് സ്‌പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്് പി.എ പ്രദീപ് അനന്തകൃഷ്ണന്റെ തോളില്‍ അടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഗണേഷ് കുമാറിനെതിരേ അഞ്ചല്‍ പൊലിസ് കേസെടുത്തത്. മരണവീട്ടിലേക്ക് എത്തിയ എം.എല്‍.എയുടെ വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലി വാക്കേറ്റം ഉണ്ടാകുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി എം.എല്‍.എ മര്‍ദിച്ചുവെന്നുമാണ് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണന്‍ പറഞ്ഞു. അനന്തകൃഷ്ണനെ അഞ്ചല്‍ ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലിസ് വിശദമായ അന്വേഷണം നടത്തും.
ഗണേഷ് കുമാറിന്റെയും പി.എ പ്രദീപിന്റെയും അനന്തകൃഷ്ണന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തും. എന്നാല്‍ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ എം.എല്‍.എ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."