നെടുമ്പാശ്ശേരിയില്‍ വീണ്ടും വിദേശ കറന്‍സി വേട്ട; 1.33 കോടിയുടെ കറന്‍സി പിടികൂടി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി. 1.33 കോടി രൂപ മൂല്യം കണക്കാക്കുന്ന വിദേശ കറന്‍സികളാണ് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ 4.30 ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുറപ്പെടാനെത്തിയ തൃശൂര്‍ മാള സ്വദേശി വിഷ്ണു (27)വാണ് പിടിയിലായത്. യു.എസ് ഡോളര്‍, യു.എ.ഇ ദിര്‍ഹം,കുവൈറ്റ് ദിനാര്‍, ബഹ്റൈന്‍ ദിനാര്‍, സഊദി റിയാല്‍, ഒമാന്‍ ദിര്‍ഹം തുടങ്ങിയ കറന്‍സികളാണ് ഇയാളുടെ ബാഗേജില്‍ നിന്ന് കണ്ടെടുത്തത്. ബാഗേജ് സ്ക്രീനിങിനിടയില് സംശയം തോന്നിയതിനെ തുടര്‍ന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് വിദേശ കറന്‍സികള്‍ കണ്ടെത്തിയത്. ഇയാളെ കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
പിടിയിലായ വിഷ്ണു ആദ്യമായാണ് ഗള്‍ഫിലേക്ക് പോകുന്നത്.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാട്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ പന്തല്‍ ജോലികള്‍ ചെയ്തു വരികയായിരുന്നു ഇയാള്‍. വിദേശ കറന്‍സികള്‍ ഷാര്‍ജയില്‍ എത്തിക്കാന്‍ കോട്ടയം ജില്ലയിലുള്ള വ്യക്തിയാണ് നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കി. ഗള്‍ഫില്‍ എത്തുമ്പോള്‍ കൂട്ടിക്കൊണ്ടുപോകാന്‍ എയര്‍പോര്‍ട്ടില്‍ ആള് എത്തുമെന്നുമാണ് പറഞ്ഞിട്ടുള്ളതെന്നും ഇയാള്‍ മൊഴി നല്കി. കൂടുതലായി മറ്റൊന്നും അറിയില്ലെന്നാണ് പിടിയിലായ യുവാവ് പറയുന്നത്.
11 കോടി രൂപയുടെ വിദേശ കറന്‍സി ദുബൈയിലേക്ക് കടത്താന്‍ ശ്രമിച്ച അഫ്ഗാന് സ്വദേശിയായ യുവാവ് ബുധനാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിരുന്നു. സി.ടി.എക്സ് സ്കാനിംങ് യന്ത്രം ഉപയോഗിച്ചുള്ള ചെക്ക് ഇന്‍ ബാഗേജ് പരിശോധനയിലാണ് ബാഗേജില്‍ കറന്‍സി ഒളിപ്പിച്ചതായി സൂചന ലഭിച്ചത്. തുടര്‍ന്ന് ബാഗേജ് തുറന്ന് പരിശോധിക്കുകയായിരുന്നു. സുരക്ഷാ വിഭാഗം പിടികൂടിയ കറന്‍സി കസ്റ്റംസ് വിഭാഗത്തിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."