എ.ഡി.ജി.പിയുടെ മകളുടെ മര്‍ദ്ദനമേറ്റ പൊലിസുകാരനെതിരെയും ജാമ്യമില്ലാ വകുപ്പില്‍ കേസ്
തിരുവനന്തപുരം: ഏമാന്റെ ഭാര്യയും മകളും തെറിവിളിക്കുന്നത് പരാതിപ്പെട്ടതിന് എ.ഡി.ജി.പിയുടെ മകളുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊലിസുകാരനെതിരെയും കേസെടുത്തു. എ.ഡി.ജി.പിയുടെ മകള്‍ നല്കിയ പരാതിയിലാണ് കേസ്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ബറ്റാലിയന് എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകളുടെ തല്ലു കൊണ്ട അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ തിരുവനന്തപുരം ആര്യനാട് സ്വദേശി ഗവാസ്കറെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗവാസ്കര്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരേ മ്യൂസിയം പൊലിസില്‍ ഇന്നലെയാണ് പരാതി നല്‍കിയത്. ഇതിന്റെ ആടിസ്ഥാനത്തില്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ കേസെടുക്കുകയും അവരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലും ഭാര്യയും മകളും ചീത്തവിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇതിനെതിരേ എ.ഡി.ജി.പിയോട് ഗവാസ്കര്‍ നേരിട്ടു പരാതി പറഞ്ഞിരുന്നു.
ഇന്നലെ രാവിലെ പ്രഭാത സവാരിക്കായി എ.ഡി.ജി.പിയുടെ മകളെയും ഭാര്യയെയും ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ കൊണ്ടുവരുമ്പോള്‍ കാറിലിരുന്ന് ഇരുവരും തെറി വിളിക്കുകയും തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കനകക്കുന്നില്‍ വച്ചും തിരിച്ചുവരുമ്പേഴും അസഭ്യം പറയുന്നത് തുടര്‍ന്നു. ഇതിനെ എതിര്‍ത്ത ഗവാസ്കര്‍ ഇനിയും അസഭ്യം തുടര്‍ന്നാല്‍ ഓടിക്കാനാവില്ലെന്ന് പറഞ്ഞ് വാഹനം സൈഡിലേക്ക് ഒതുക്കി നിറുത്തി. ഇതില്‍ പ്രകോപിതയായ എ.ഡി.ജി.പിയുടെ മകള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങുകയും ഗവാസ്ക്കറെ മൊബൈല്‍ ഫോണ്‍ കൊണ്ട് കഴുത്തിന് താഴെ ഇടിക്കുകയും ചെയ്തുവെന്നാണ് പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. പരാതിയെപ്പറ്റി വിശദീകരണം തേടിയെങ്കിലും എ.ഡി.ജി.പി പ്രതികരിക്കാന്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."