കണ്ണാശുപത്രി സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം നാളെ
തിരുവനന്തപുരം: റീജിയനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയുടെ (ആര്.ഐ.ഒ.) പുതിയ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ നടക്കും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി ജി. സുധാകരന് മുഖ്യാതിഥിയാകും.
കേരളത്തിലെ നേത്രചികിത്സാ രംഗത്ത് മുന്‍പന്തിയില്‍ നില്ക്കുന്ന തിരുവനന്തപുരം കണ്ണാശുപത്രിയുടെ വികസനത്തിന്റെ നാഴികക്കല്ലാണ് ഈ സ്പെഷ്യാലിറ്റി ബ്ലോക്കെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നശേഷമാണ് നിരവധി മീറ്റിംഗുകളും ഇടപെടലുകളും നടത്തി ഇലട്രിക്കല്‍, സ്വീവേജ്, വാട്ടര്‍ സപ്ലൈ, വൈദ്യുതി, ആധുനിക മെഷീനുകള്‍, തസ്തികകള്‍ എന്നിവയെല്ലാം സജ്ജമാക്കിയത്. അധ്യാപകര്‍, അനധ്യാപകര്‍ ഉള്‍പ്പെടെ 92 പുതിയ തസ്തികകളാണ് ഈ ബ്ലോക്കിന് വേണ്ടി സൃഷ്ടിച്ചത്. സ്ഥലപരിമിതി കാരണം രോഗികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനും മികച്ച സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ലഭിക്കാനും ഈ ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാകുന്നതോടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മൂന്നു സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ പുതിയ ബ്ലോക്കിലേക്ക് മാറുന്നതോടെ ഒഴിവു വരുന്ന മുറികളില്‍ റെറ്റിന, ലോ വിഷന്‍, കോണ്ടാക്ട് ലെന്‍സ് എന്നീ ക്ലിനിക്കുകള്‍, കാഴ്ച പരിമിതര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ പുനര്‍ജ്യോതി എന്നിവ വിപുലമായ സൗകര്യങ്ങളോടെ സജ്ജമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."