ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു
കോഴിക്കോട്: താമരശേരി കട്ടിപ്പാറയിലെ കരിഞ്ചോര മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തെരച്ചിലിനിടെ കരിഞ്ചോലയില്‍ നിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്.
ഉരുള്‍പൊട്ടലില്‍ കുട്ടികളടക്കം ഏഴുപേര്‍ മരിക്കുകയും ആറുപേരെ കാണാതാവുകയും ചെയ്തിരുന്നു മൂന്ന് വീടുകള്‍ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.
വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒന്‍പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരാണ് മരിച്ചത്. അബ്ദുറഹിമാന്‍, മുഹമ്മദ് ജാസിം, ദില്‍ന ഷെറിന്‍, മുഹമ്മദ് ഷഹബാസ് എന്നിവരുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയും ഹസന്‍, മകള്‍ ജന്നത്ത് എന്നിവരുടെ മൃതദേഹം വൈകിട്ടോടെയും ജാഫറിന്റെ മൃതദേഹം രാത്രി ഏഴിനുമാണ് കണ്ടെടുത്തത്.
മരിച്ച അബ്ദുറഹ്മാന്റെ ഭാര്യ നഫീസ, മരിച്ച ഹസന്റെ ഭാര്യ ആസിയ, മകള്‍ നുസ്‌റത്ത്, നുസ്‌റത്തിന്റെ രണ്ടു മക്കള്‍, ഹസന്റെ മരുമകള്‍ ഷംന, ഇവരുടെ മകന്‍ വിച്ചിമോന്‍ എന്നിവര്‍ക്കുവേണ്ടിയുള്ള തിരച്ചിലാണ് തുടരുന്നത്. മരിച്ച ദില്‍ന ഷെറിന്റെയും മുഹമ്മദ് ഷഹബാസിന്റെയും മാതാപിതാക്കളായ സലീമും ഭാര്യ ഷെറിനും സഹോദരനായ ശമ്മാസും രക്ഷപ്പെട്ടിട്ടുണ്ട്. മരിച്ച ജാഫറിന്റെ ഭാര്യ ഹന്നത്തും മകളും രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. ദുരന്തത്തില്‍പ്പെട്ട ഹസന്റെ വീട്ടില്‍ നോമ്പുതുറക്കായി മക്കളും മരുമക്കളുമെത്തിയതിനാലാണ് മരണ സംഖ്യ കൂടാന്‍ കാരണം.
കരിഞ്ചോല മലയുടെ താഴെ താമസിക്കുന്ന അഞ്ച് വീടുകളില്‍ നാല് വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള കുന്നിന്‍ പ്രദേശമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം വളരെ പതുക്കെയാണ് നടക്കുന്നത്.
കരിഞ്ചോല മലമുകളില്‍ സ്വകാര്യവ്യക്തിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ തടയണയും ജലസംഭരണിയും തകര്‍ന്നതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതായി പരാതിയുണ്ട്.
കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി. ജോസ്, സബ് കലക്ടര്‍ വി.വിഘ്‌നേശ്വരി, താമരശേരി തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."