തര്‍ക്കങ്ങള്‍ വ്യവഹാരങ്ങളിലേക്കു നീങ്ങാതെ അഭിഭാഷകര്‍ ശ്രദ്ധിക്കണം: ഗവര്‍ണര്‍
കൊച്ചി: തര്‍ക്കങ്ങള്‍ നിയമവ്യവഹാരങ്ങളായി മാറാതിരിക്കാന്‍ അഭിഭാഷകര്‍ പരമാവധി ശ്രമിക്കണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. സമൂഹത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അഭിഭാഷകര്‍ തങ്ങള്‍ ആര്‍ജിച്ച വിജ്ഞാനവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തണം. അറിവും മികവും തികഞ്ഞ അഭിഭാഷകസമൂഹത്തിന്റെ സൃഷ്ടിക്കായി നിലവിലുള്ള നിയമ വിദ്യാഭ്യാസ സമ്പ്രദായം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. സമാധാനത്തിനായി ശ്രമിക്കുന്നവരെന്ന നിലയില്‍ നല്ല മനുഷ്യരാകാനുള്ള മികച്ച അവസരവും അതോടൊപ്പം തൊഴിലുമാണ് അഭിഭാഷകര്‍ക്കുള്ളത്. മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള ശീതസമരം അഭിഭാഷകര്‍ വഹിക്കേണ്ട സാമൂഹികമായ പങ്കില്‍ നിഴല്‍ വീഴ്ത്തിയിട്ടുണ്ടെന്ന് മാത്രമല്ല ഇത് തര്‍ക്കപരിഹാരമെന്ന അവരുടെ തൊഴില്‍പരമായ കഴിവിനു നേരെയുള്ള വെല്ലുവിളി കൂടിയാണെന്നു ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
കോടതിയുടെയും കോടതി നടപടിക്രമങ്ങളുടെയും പവിത്രത എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടപ്പോള്‍ തന്നെ കോടതിയില്‍ നിന്നും പ്രസക്തമായ വിവരങ്ങള്‍ പൊതുസമൂഹത്തിലേക്ക് വിഘ്‌നം കൂടാതെ എത്തേണ്ടത് ജനാധിപത്യത്തിന്റെ ഭാഗമാണ്. കോടതിയെക്കുറിച്ച് പൊതുസമൂഹത്തിലുള്ള വിശ്വാസ്യത കരുത്താര്‍ജിക്കുന്നതും അത്തരത്തിലാണ്. നീതിന്യായ നിര്‍വഹണത്തിലെ നടപടിക്രമങ്ങളുടെ പവിത്രത സംരക്ഷിക്കുകയും അതേസമയം സ്വതന്ത്രവും സത്യസന്ധവുമായ വിവരങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തുകയും ചെയ്യുന്ന ഒരു സമവാക്യം രൂപപ്പെടുത്താന്‍ അഭിഭാഷകര്‍ക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും ഗവര്‍ണര്‍ പഞ്ഞു.
ചീഫ് ജസ്റ്റിസ് നവനീത് പ്രസാദ് സിംഗ്, അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ്, കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. തോമസ് എബ്രഹാം, സെക്രട്ടറി അഡ്വ. കെ. ആനന്ദ്, വൈസ് പ്രസിഡന്റ് അഡ്വ. വി.എച്ച്. ജാസ്മിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."