ബന്ദിപ്പൂരിലെ കാട്ടുതീ പടര്‍ന്നത് എട്ടായിരം ഹെക്ടര്‍ പ്രദേശത്ത്
ചാമരാജ് നഗര്‍(കര്‍ണാടക): ബന്ദിപ്പൂര്‍ വന മേഖലയില്‍ പടര്‍ന്നു പിടിച്ച കാട്ടു തീ അണക്കാന്‍ വനം വകുപ്പ് ഹെലികോപ്റ്ററിന്റെ സഹായവും തേടി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ 2 എം.ഐ 17 വി 5 ഫൈറ്റര്‍ ഹെലികോപ്റ്ററുകള്‍ തീപടര്‍ന്ന വനത്തിനു മുകളിലെത്തി നിരീക്ഷണം നടത്തിയ ശേഷം മൈസൂരിലേക്ക് പോയി.
പിന്നീട് 4 ഹെലികോപ്റ്ററുകള്‍ ഒന്നിച്ചെത്തി തീയണക്കാന്‍ ശ്രമം നടത്തി. തീപിടുത്തം നടന്ന വനമേഖലയില്‍ 30,000 ലിറ്റര്‍ ജലം ഹെലികോപ്റ്ററുകള്‍ സ്‌പ്രേ ചെയ്തു. അതിനിടെ കാട്ടു തീ കൂടുതല്‍ മേഖലകളിലേക്ക് ബാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 3,000 ഹെക്ടര്‍ സ്ഥലത്തു തീ പടര്‍ന്നതായി പറഞ്ഞ വനം വകുപ്പ് അധികൃതര്‍ തീ എട്ടായിരം ഹെക്ടര്‍ പ്രദേശത്തേക്ക് പടര്‍ന്നതായി അറിയിച്ചു.
അതിനിടെ ഹിമവാദ് ഗോപാല സ്വാമി മലയില്‍ നിന്നും മഡൂര്‍ വനമേഖലയിലേക്കു കാട്ടു തീ പടര്‍ന്നു. തുടര്‍ന്ന് മൈസൂരിലെ ചാമുണ്ഡി മല,സാഗര്‍ താലൂക്കിലെ അവിനഹള്ളി, ശിവമോഗ,അക്കേഷ്യ പ്ലാന്റേഷന്‍ നെലമംഗല എന്നിവിടങ്ങളിലേക്ക് കാട്ടു തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ വനം വകുപ്പ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി ടൈഗര്‍ റിസര്‍വ് വനമേഖലയായ ബന്ദിപ്പൂരിന് സമീപത്തുള്ള വനങ്ങളില്‍ തീ അതിവേഗം പടരുകയാണ്.
കടുത്ത ചൂടും, കാറ്റും അതിവേഗം തീപടരാന്‍ ഇടയാക്കുകയും ചെയ്തു. വനം വകുപ്പും, അഗ്‌നി രക്ഷാ ശമന സേനകളും ഉള്‍പ്പെടെ കടുത്ത പ്രയത്‌നം നടത്തി വരുകയാണെങ്കിലും കാട്ടുതീ അതിവേഗം ആളിപ്പടരുന്ന കാഴ്ചയാണ് വനമേഖലയില്‍ ഉള്ളത്. തീയണക്കാന്‍ വനം വകുപ്പ് പൊതു ജനങ്ങളുടെ സഹായം ഉള്‍പ്പെടെ തേടിയിട്ടുണ്ട്. അതിനിടെ കനത്ത കാട്ടു തീയേ അതിജീവിച്ചു രക്ഷപ്പെട്ട മാന്‍ കൂട്ടങ്ങളെ വന മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒട്ടനവധിക്കാട്ടു മൃഗങ്ങള്‍ തീയില്‍ കത്തിക്കരിഞ്ഞതായാണ് അധികൃതരുടെ നിഗമനം.
അതേ സമയം വയനാട്ടിലുണ്ടായ കാട്ടുതീ മനുഷ്യ നിര്‍മിതമാണെന്നാണ് വനം വകുപ്പ് പറയുന്നത്. ഇതിനെതിരെ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ പേരില്‍ ഒരാളുടെ പേരില്‍ കേസെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ബെന്നി കൈനിക്കലിനെതിരെ പ്രേരണാകുറ്റം ചുമത്തിയാണ് കേസ്. ബെന്നി നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
എന്നാല്‍ വനം വകുപ്പിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനുള്ള പ്രതികാര നടപടിയാണിതെന്നാണ് ബെന്നിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."