കള്ളക്കടത്ത് തടയാന്‍ വാണിജ്യ നികുതി വകുപ്പ് സ്‌പെഷല്‍ സ്‌ക്വാഡ് രംഗത്ത്
കട്ടപ്പന: കള്ളക്കടത്ത് വ്യാപകമായതോടെ അതിര്‍ത്തി മേഖലകളില്‍ പരിശോധന ശക്തമാക്കന്‍ വാണിജ്യനികുതി വകുപ്പിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് രംഗത്ത്. ചെക്ക്‌പോസ്റ്റിനു സമീപമുള്ള സമാന്തര പാതകള്‍ കേന്ദ്രീകരിച്ച് ഏലയ്ക്ക കള്ളക്കടത്തു വ്യാപകമെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് വാണിജ്യനികുതി വകുപ്പ് ഇന്റലിജന്‍സിന്റെ നീക്കം.
ആറു സംഘങ്ങളായാണ് സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചിരിക്കുന്നത്. വാണിജ്യനികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇതിലെ അംഗങ്ങള്‍. ഒരു ഇന്റലിജന്‍സ് ഓഫിസറും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരുമാണ് സംഘത്തിലുള്ളത്. സ്‌ക്വാഡുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം വാണിജ്യനികുതി അസിസ്റ്റന്റ് കമ്മിഷണര്‍ സി.പി. മക്കാറിനാണ്.
ജില്ലയില്‍ സമീപകാലത്തു വന്‍തോതിലുള്ള നികുതിവെട്ടിപ്പുകളും കള്ളക്കടത്തും നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണു വാണിജ്യനികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗംതന്നെ കര്‍ശന പരിശോധനയുമായി രംഗത്തിറങ്ങിയത്. പ്രധാന ചെക്ക്‌പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചതുരംഗപ്പാറമെട്ട്, മൂന്നാര്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പരിശോധന ശക്തമാക്കി. കമ്പംമെട്ട്, ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകളില്‍ ശക്തമായ നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ചെക്ക്‌പോസ്റ്റിലെ പ്രധാന പാതകള്‍ക്കു പുറമേ സമാന്തര പാതകളിലും പരിശോധന നടത്തും. സമീപകാലത്ത് ഏലയ്ക്കായുടെ വില വര്‍ധിച്ചതോടെ അതിര്‍ത്തി ചെക്ക്‌പോസ്റ്റിലൂടെ കള്ളക്കടത്തു വ്യാപകമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹൈറേഞ്ച് മേഖലയില്‍ നിന്ന് ഏലക്ക കടത്തുന്ന സംഘങ്ങളെക്കുറിച്ച് വാണിജ്യനികുതി വകുപ്പ് വിവരങ്ങള്‍ ശേഖരിച്ചു. ഇവരെ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷിച്ചുവരികയാണ്. തമിഴ്‌നാട് സ്വദേശികളായ ചിലരുടെ നേതൃത്വത്തില്‍ ഏലയ്ക്കായ്ക്കു പുറമേ കുരുമുളക് കടത്തിയ സംഭവത്തിലും ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. അതിര്‍ത്തിയിലൂടെ ഏലക്ക കടത്തുന്നതിനു വിവിധ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."