അടിമപ്പണിയുടെ ഉത്തരവാദിത്തം നേതൃത്വത്തിന്: സെന്‍കുമാര്‍
തിരുവനന്തപുരം: പൊലിസിലെ അടിമപ്പണിയുടെ പൂര്‍ണ ഉത്തരവാദിത്തം പൊലിസ് നേതൃത്വത്തിനാണെന്ന് മുന്‍ സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാര്‍. തലപ്പത്തുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
താന്‍ പൊലിസ് മേധാവിയായിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ അതൊരു വ്യവസ്ഥയായി മാറിയില്ല.
ഒരാള്‍ ചെയ്തതുകൊണ്ട് മാത്രമായില്ല. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം നടപടിയെടുക്കുന്നതിനു പകരം ഒരു വ്യവസ്ഥയായി ഇത് രൂപപ്പെട്ടുവരണം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാത്തതാണ് പ്രശ്നമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്കാരവും നിലനില്‍ക്കുന്ന രീതികളുമൊക്കെ മറ്റു പല സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളും കുറെയേറെ ഫ്യൂഡലിസ്റ്റ് സ്വഭാവമുള്ളതാണ്.
അത്തരം സ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് കേരളത്തില്‍ വരുമ്പോള്‍ ചിലപ്പോള്‍ ഒരു കള്‍ച്ചറല്‍ ഷോക്ക് ഉണ്ടാകുന്നുണ്ടാകാം. എല്ലാവരും തുല്യരാണെന്ന നിലയിലാണ് കേരളത്തിലെ കാര്യങ്ങള്‍ പോകുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നുണ്ടാകാം. അതാണ് പ്രശ്നമുണ്ടാക്കുന്നതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."