പെരിയയില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല: വനിതാ കമ്മിഷന്‍
കൊച്ചി: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വിഷമങ്ങള്‍ മനസിലാക്കാനാകുന്നുണ്ട്.
ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ സ്ത്രീകളുടെയും വിഷയങ്ങളില്‍ നേരിട്ടെത്തി ഇടപെടുകയെന്നത് പ്രായോഗികമല്ല. ഇടുക്കിയില്‍ രാജേന്ദ്രന്‍ എം.എല്‍.എ സബ് കലക്ടറെ അധിക്ഷേപിച്ചത് അംഗീകരിക്കാനാകില്ല. സമൂഹത്തില്‍ ഉന്നതരായവര്‍പോലും പരസ്യമായി സ്ത്രീകളെ അധിക്ഷേപിക്കുന്നത് വര്‍ധിക്കുകയാണ്. കരുത്തും സ്വാധീനവുമുള്ള സ്ത്രീകള്‍ ഇത്തരം പ്രതിസന്ധികളുണ്ടാവുമ്പോള്‍ തങ്ങളുടെ കഴിവുകള്‍ ഉപയോഗിച്ച് അതിനെ നേരിടണം. പൊലിസ് ഉദ്യോഗസ്ഥയായ ചൈത്ര തെരേസ ജോണിന് കൃത്യനിര്‍വഹണത്തിലുണ്ടായ എതിര്‍പ്പുകളെ അവര്‍ സ്വന്തംനിലയില്‍ നേരിടുന്നുണ്ട്. സ്ത്രീകള്‍ പ്രതിസന്ധി നേരിടുന്ന ഇടങ്ങളിലെല്ലാം കമ്മിഷന്‍ ശക്തമായുണ്ടാകും. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം വര്‍ധിച്ചിട്ടുണ്ട്.
എഴുത്തുകാരി കെ.ആര്‍ മീരക്കുണ്ടായ സൈബര്‍ ആക്രമണത്തിനെതിരേ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കെ.ആര്‍ മീരക്കെതിരേ സൈബര്‍ അക്രമണം നടത്തിയവര്‍ക്കെതിരേ കേസെടുക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കൃപേഷിന്റെയും ശരത്‌ലാലിന്റെയും ചിതാഭസ്മം വഹിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന യാത്ര തിരുവനന്തപുരത്ത് സമാപിച്ചതിനുശേഷം മാര്‍ച്ച് ആറുമുതല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ വസതിയിലേക്കും കെ.എസ്.യു മാര്‍ച്ച് നടത്തും.
കൊലവിളി നടത്തുന്നവരെ സി.പി.എം ന്യായീകരിക്കുകയാണ്.
വി.പി.പി മുസ്തഫക്കെതിരേ കേസെടുക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."