പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത വെടിയണം: ഹൈദരലി തങ്ങള്‍
കൊണ്ടോട്ടി: കൊവിഡ് കാരണം പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിസ്സംഗത വെടിയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രവാസികളെ തിരിച്ചെത്തിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എം.പിമാരും എം.എല്‍.എമാരും കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷനായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളുടെ കാര്യത്തില്‍ അലംഭാവം കാണിക്കുന്നുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ മുഴുവന്‍ എത്തിക്കണം. ഇതിനായി കൂട്ടായ ശ്രമങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന പ്രവാസികളെ മുഴുവന്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പരിപാടിയില്‍ സംസാരിച്ച പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ അഭിപ്രായപ്പെട്ടു.
എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ ടി.വി ഇബ്റാഹിം, കെ.എം ഷാജി, പി. അബ്ദുല്‍ ഹമീദ്, അഡ്വ. കെ.എന്‍.എ ഖാദര്‍, എന്‍. ശംസുദ്ദീന്‍, അഡ്വ. എം. ഉമ്മര്‍, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, ആബിദ് ഹുസൈന് തങ്ങള്‍, സി. മമ്മുട്ടി, ടി.എ അഹമ്മദ് കബീര്‍, പാറക്കല്‍ അബ്ദുല്ല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."