വൈറസ്ബാധിതര്‍ 30 ലക്ഷം; മൂന്നിലൊന്നും അമേരിക്കയില്‍
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മുപ്പതു ലക്ഷം പിന്നിട്ടു. ബഹുഭൂരിഭാഗം രാജ്യങ്ങളിലും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുമ്പോഴും, ലോകത്ത് ആകെ കൊവിഡ് ബാധിച്ചവരില്‍ ഏകദേശം മൂന്നിലൊന്നു പേരും അമേരിക്കയിലാണ്. 30,25,488 പേര്‍ക്കാണ് ലോകത്താകെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 9,90,290 പേരും അമേരിക്കയിലാണ്. കൊവിഡ് ബാധിച്ച് 20,89,91 പേര് മരിച്ചപ്പോള്‍, അമേരിക്കയില്‍ മാത്രം 55,506 പേര് മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. 8.9 ലക്ഷം പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച ശേഷം രോഗവിമുക്തരായിരിക്കുന്നത്. ലോകാരോഗ്യ സംഘടന നല്കുന്ന ഔദ്യോഗിക കണക്കുപ്രകാരം 1,96,295 പേരാണ് മരിച്ചിരിക്കുന്നത്. 28,58,635 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
മരണസംഖ്യയില്‍ അമേരിക്കയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇറ്റലിയാണ്. ഇവിടെ 26,644 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മെയ് നാലുമുതല്‍ വ്യവസായങ്ങള്‍ പുനരാരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പ്രഖ്യാപിച്ചത്. സ്പെയിനില്‍ 23,521 പേരും ഫ്രാന്‍സില്‍ 22,856 പേരും ബ്രിട്ടനില്‍ 20,732 പേരുമാണ് മരിച്ചത്. ഇതില്‍ സ്പെയിനില്‍ രോഗികളുടെ എണ്ണം 2.29 ലക്ഷമായപ്പോള്‍ ഇറ്റലിയില്‍ 1.98 ലക്ഷമായി. ഇതിനു പുറമേ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്. ചൈനയില്‍ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ ഒരു മരണംകൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജര്‍മനിയില്‍ 5,985, തുര്‍ക്കിയില്‍ 2,805, ഇറാനില്‍ 5,806, ചൈനയില്‍ 4,633, ബ്രസീലില്‍ 4,298, കാനഡയില്‍ 2,617, ബെല്‍ജിയത്തില്‍ 7,207, നെതര്‍ലാന്‍ഡ്സില്‍ 4,518, സ്വിറ്റ്സര്‍ലന്‍ഡില്‍ 1,640, അയര്‍ലന്‍ഡില്‍ 1,087, മെക്സിക്കോയില്‍ 1,351 എന്നിങ്ങനെയാണ് മരണസംഖ്യ. മറ്റു രാജ്യങ്ങളിലെല്ലാം മരണസംഖ്യ ആയിരത്തില്‍ താഴെയാണ്. പാകിസ്താനില്‍ 292 പേരും ഇസ്റാഈലില്‍ 202 പേരുമാണ് മരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."