ചെമ്പകശേരിയിലെ മുഴുവന്‍ സമയ മത്സ്യകൃഷിക്കെതിരേ പ്രതിഷേധം ശക്തം
തുറവൂര്‍: പട്ടണക്കാട് പഞ്ചായത്തിലെ ചെമ്പകശേരി പാടശേഖരത്തില്‍ മുഴുവന്‍ സമയ ഓരു മത്സ്യകൃഷി നടത്തുന്നതായി ആരോപിച്ച് പ്രദേശവാസികളുടെ സമരം ശക്തമായി. പാടശേഖര സംരക്ഷണ സമിതിയാണ് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുഴുവന്‍ സമയ മത്സ്യകൃഷി പഞ്ചായത്ത് നിരോധിച്ചിട്ടും തീരുമാനം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നതായി പ്രതിഷേധക്കാര്‍ പറയുന്നു.
പഞ്ചായത്തിലെ ഒന്ന്, രണ്ട്, 12, 18 വാര്‍ഡുകളില്‍ പ്രത്യക്ഷമായും മറ്റു സ്ഥലങ്ങളില്‍ പരോക്ഷമായും ഓരു മത്സ്യകൃഷിയുടെ കെടുതികള്‍ തെളിയുന്നതായാണ് ആക്ഷേപം. കഴിഞ്ഞ ദിവസം പ്രദേശവാസികളെ അണിനിരത്തി ജനകീയ കൂട്ടായ്മയാണ് പ്രതിഷേധ ജ്വാല തെളിച്ചത്. ഇതിന്റെ ഉദ്ഘാടനം തുറവൂര്‍ കരിനിലവികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എം.സി സിദ്ധാര്‍ത്ഥന്‍ നിര്‍വഹിച്ചു. എം.എസ് സുമേഷ് അധ്യക്ഷനായി. മായാ സുദര്‍ശനന്‍, ഇ.കെ കനകരാജ്, ആര്‍.ഡി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രതിഷേധം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനാണെന്ന് പാടശേഖര സമിതി ആരോപിച്ചു. 120 ഓളം ഏക്കറില്‍ നെല്‍കൃഷിക്കായി ഉഴവ് പൂര്‍ത്തിയായി. വിത്ത് കിട്ടാനുള്ള താമസമാണ് നടപടികള്‍ വൈകുന്നതിന് കാരണമെന്നും പാടശേഖര സമിതി വ്യക്തമാക്കി. ഇതിനു പിന്നില്‍ അട്ടിമറിയുണ്ടോയെന്നു സംശയമുണ്ടെന്ന് സമിതി പ്രസിഡന്റ് പി.എസ് അനില്‍കുമാറും സെക്രട്ടറി വി.വി രാജീവും പറഞ്ഞു.
തൊഴിലാളി ക്ഷാമവും യന്ത്ര സൗകര്യമില്ലാത്തതിനാലും കര്‍ഷകര്‍ നെല്‍കൃഷിയില്‍ നിന്നുതിരിയുകയാണ്. ഇതിന് പരിഹാരമുണ്ടാക്കാതെയാണ് പ്രതിഷേധമുയര്‍ത്തുന്നത്. മുന്‍കാലങ്ങളില്‍ മത്സ്യക്കൃഷി നടത്തി കരാര്‍ ലംഘനം നടത്തിയവരെ സമിതി ഇക്കുറി പരിഗണിച്ചിരുന്നില്ല. ഇവരാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും പാടശേഖര സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."