പുതിയ മുന്നാക്ക കമ്മിഷനെ ചുമതല ഏല്‍പ്പിക്കാത്ത സര്‍ക്കാര്‍ നടപടി അവഗണനയെന്ന്
ചങ്ങനാശ്ശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പുതിയ മുന്നാക്ക കമ്മിഷനെ ചുമതല ഏല്‍പ്പിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി മുന്നാക്ക വിഭാഗത്തിനോടുള്ള അവഗണനയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി ജസ്റ്റിസ് എ.വി രാമകൃഷ്ണപിള്ള ചെയര്‍മാനായുള്ള സംസ്ഥാന കമ്മിഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഫെബ്രുവരി 19ന് മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നല്‍കിയിരുന്നു. നിലവിലുണ്ടായിരുന്ന മുന്നാക്ക കമ്മിഷന്റെ കാലാവധി ഫെബ്രുവരി 25ന് അവസാനിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
റിപ്പോര്‍ട്ട് നടപ്പാക്കുകയെന്നത് മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയും ബാധ്യതയുമാണ്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുമ്പോള്‍ പുതിയ കമ്മിഷന്റെ സാന്നിധ്യം അനിവാര്യമാണെന്നിരിക്കെ അതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കുന്നത് സര്‍ക്കാര്‍ കാണിക്കുന്ന തികഞ്ഞ അവഗണനയാണെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."