അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ അയ്യന്‍ കോയിക്കല്‍ സ്‌കൂള്‍
ചവറ: തേവലക്കര പഞ്ചായത്തിലെ ഏക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളായ അയ്യന്‍ കോയിക്കല്‍ സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ ഒരുങ്ങുന്നു. യു.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ 2000 ലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനെ സംസ്ഥാന ബജറ്റില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു.
പത്ത് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 5 കോടി സര്‍ക്കാര്‍ നല്‍കുകയും ബാക്കി 5 കോടി എം.എല്‍.എ, എം.പി, തദ്ദേശ ഭരണ ജനപ്രതിനിധികള്‍, പിടിഎ, പൂര്‍വ്വ വിദ്യാര്‍ഥി സംഘടനകള്‍, എസ്.എം.സി, നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെയും കണ്ടെത്താനാണ് ഉദേശിക്കുന്നത്.
ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ രൂപവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഡിജിറ്റല്‍ ക്ലാസ്സ് മുറികള്‍, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിന് ആധുനിക രീതിയിലുള്ള ലാബുകള്‍, ശീതീകരിച്ച കമ്പൂട്ടര്‍ ലാബുകള്‍, യു.പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള കുട്ടികള്‍ക്ക് ഭക്ഷണ വിതരണത്തിന് വിശാലമായ ഡൈനിംഗ് ഹാള്‍, ആധുനിക അടുക്കള, വിശാലമായ സ്റ്റേജ്, തുറന്ന ഓഡിറ്റോറിയം, ഭാഷാ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് ഉതകുന്ന ലാംഗ്വേജ് ലാബുകള്‍, ഡിജിറ്റല്‍ ലൈബ്രറി, സെമിനാര്‍ ഹാള്‍, തിയേറ്റര്‍ മുറി, കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന സംവിധാനം, പ്ലാസ്റ്റിക് മുക്ത ഹരിത കാംപസ്, മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനം, ഉദ്യാനം, പാര്‍ക്ക്, ഇന്‍ഡോര്‍ കളിസ്ഥലം, പവലിയനോട് കൂടിയതും ടോയിലറ്റ് സംവിധാനവുമുള്ള വലിയ മൈതാനം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മാസ്റ്റര്‍ പ്ലാന്‍.
അടുത്ത മാസം പ്രോജക്ടിന്റെ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പ്രോജക്ട് നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള അലോചനാ യോഗം നാളെ സ്‌കൂളില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ ലതാ എം. ജോണ്‍ അറിയിച്ചു. ഹെഡ്മിസ്ട്രസ് പ്രീതാകുമാരി, പി.റ്റി.എ പ്രസിഡന്റ് മോഹനകുട്ടന്‍, വല്‍സലകുമാരി, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."