കന്നുകാലികള്‍ക്കിടയില്‍ പനിയും കുളമ്പ് രോഗവും പടരുന്നു: ക്ഷീര കര്‍ഷകര്‍ ആശങ്കയില്‍
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂര്‍, ഏറാമ്പ്ര പ്രദേശങ്ങളില്‍ പശുക്കള്‍ക്കും ആടുകള്‍ക്കും പനിയും കുളമ്പ് രോഗവും പടരുന്നു. രണ്ടാഴ്ച്ച കാലമായി അസാധരണമായ നിലയില്‍ പനി പടരുന്നത്. 35ല്‍ പരം പശുക്കള്‍ക്കും ആടുകള്‍ക്കുമാണ് രോഗം പിടിപ്പെട്ടിട്ടുള്ളത്. മൂക്കില്‍കൂടി നുരയും പതയും വരുന്നതും കാതിലും മുല കാമ്പിലും നാക്കിലും തൊലി വിണ്ട് കീറുന്നതും കുളമ്പിനടിയില്‍ രക്തം ഒലിക്കുന്നതുമാണ് രോഗലക്ഷണം.
കാലിന് വിറയലായി പനി തുടങ്ങുന്നതോടെ മൃഗങ്ങള്‍ തീറ്റ എടുക്കലും വെള്ളം കുടിക്കുന്നതും ഒഴിവാക്കുന്ന അവസ്ഥയാണ്. കറവയുള്ളതും ഗര്‍ഭിണികളായവയ്ക്കും കിടാരികള്‍ക്കും കൂട്ടത്തോടെ പനി ബാധിച്ചത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മുടന്തന്‍ പനിയും കുളമ്പ് രോഗവുമാണന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ മൃഗസംരക്ഷണ വകുപ്പധികൃതര്‍ സ്ഥിരീകരിച്ചു.
പാലിയത്ത് യൂസഫിന്റെ മൂന്ന് പശു, കണ്ണേറ്റ് കണ്ടത്തില്‍ സേവ്യറിന്റെ എട്ട് പശുക്കള്‍ (ഗര്‍ഭിണികളായ നാലെണ്ണം), തുമ്പയില്‍ രാജുവിന്റെ എട്ട് പശു കളപ്പുരയില്‍ കാദറിന്റെ ഒരു പശു, കുറ്റിയാനി തറയില്‍ സ്റ്റീഫന്റെ രണ്ട് ആട്, പാറയ്ക്കല്‍ പുത്തന്‍പുര ബാലന്റെ രണ്ട് പശു, രണ്ട് ആട് എന്നിവയ്ക്കാണ് നിലവില്‍ പനി ബാധിച്ചിരിക്കുന്നത്.
ജീവിതമാര്‍ഗമായ ഇവയ്ക്ക് മതിയായ ചികിത്സ നല്‍കാന്‍ കഴിയാത്തതില്‍ ഏറെ ദുഖിതരാണ് കര്‍ഷകര്‍. മൃഗാശുപത്രിയില്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ല. കന്നുകാലികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. പകര്‍ച്ച രോഗമായതിനാല്‍ സമീപ പ്രദേശത്തെ മറ്റ് നാല്‍ക്കാലികളിലേക്ക് രോഗം പടരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും വെറ്റിനറി സര്‍ജന്‍ ഡോ.റസീന കരിം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."