ഗെയിലിന് നിയമം ബാധകമല്ല: പാതയോരം കൈയേറി കെട്ടിട നിര്‍മാണം
ബോവിക്കാനം: പാതയോരം കൈയേറി ഗെയില്‍ ഓഫിസ് കെട്ടിടം നിര്‍മിക്കുന്നതായി പരാതി. ചെങ്കള പഞ്ചായത്തിലെ ബേവിഞ്ച-ബോവിക്കാനം റോഡരുകിലാണ് ഗെയില്‍ പൈപ്പ് ലൈന്‍ കമ്പനിയുടെ ഓഫിസിന് വേണ്ടി കെട്ടിടം നിര്‍മിക്കുന്നത്. അതേസമയം പ്രദേശത്ത് ഇതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പൊതുമരാമത്ത് പാതയോട് ചേര്‍ന്നാണ് ഓഫിസ് കെട്ടിടത്തിന് വേണ്ടിയുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചിട്ടുള്ളത്. റോഡില്‍നിന്ന് മൂന്നുമീറ്റര്വിട്ട് മാത്രമേ കെട്ടിടം നിര്‍മിക്കാന്‍ പാടുള്ളൂ എന്ന നിയമം നിലനില്‍ക്കെയാണ് ഗെയില്‍ അധികൃതരുടെ പാതയോരം കൈയേറിയുള്ള നിര്‍മാണം. പാതയില്‍നിന്ന് ഒരു മീറ്റര്‍ മാത്രം അകലെയായിട്ടാണ് തൂണുകള്‍ നിര്‍മിക്കുന്നതിനുവേണ്ടി ഇരുമ്പ് കമ്പികള്‍ സ്ഥാപിച്ചിട്ടുള്ളത്. കുറ്റിക്കോല്‍, ബോവിക്കാനം ഭാഗങ്ങളില്‍നിന്ന് ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയിലെത്താനുള്ള എളുപ്പവഴിയാണ് ഈ റോഡ്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
അതേസമയം വീതി കുറഞ്ഞ പാതയോരത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായാല്‍ വരുംകലങ്ങളില് പാതക്ക് വീതി കൂട്ടാന്‍ സാധിക്കില്ലെന്നും ഇത് ഗതാഗത തടസത്തിന് കാരണമാകുമെന്നും പ്രദേശവാസികള്‍ പറയുന്നു. നിലവിലുള്ള കെട്ടിട നിര്‍മാണചട്ടം ലംഘിച്ച് പാതയും കെട്ടിടവും തമ്മിലുള്ള അകലം പാലിക്കാതെ നടത്തുന്ന കെട്ടിട നിര്‍മാണത്തിനെതിരേ കാസര്‍കോട്, ഉദുമ എം.എല്‍.എമാര്‍ക്കും പൊതുമരാമത്ത്, പഞ്ചായത്ത് അധികൃതര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."