ശിരുവാണി ഇക്കോ ടൂറിസം സജീവമാകുന്നു
കല്ലടിക്കോട്: ജില്ലയുടെ വിനോദസഞ്ചാരമേഖലക്ക് പൊന്‍തൂവലായി ഇക്കോടൂറിസം കേന്ദ്രം പ്രവര്‍ത്തന സജ്ജമായി. കഴിഞ്ഞ ആറുമാസത്തെ ഇടവേളക്കു ശേഷമാണ് ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്. ടൂറിസകേന്ദ്രം തുറന്നതോടെ സന്ദര്‍ശകര്‍ എത്തിതുടങ്ങിയത് ടൂറിസം മേഖലയിലും പ്രതീഷയാവുകയാണ്.
ജില്ലയിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമായ ശിരുവാണി ഇക്കോടൂറിസം കേന്ദ്രം കഴിഞ്ഞ ഒന്നിനാണ് വനം വകുപ്പ് സന്ദര്‍ശകര്‍ക്ക് വേണ്ടി തുറന്നു കൊടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിനു ശേഷം ഇവിടേക്കുള്ള റോഡുകളെല്ലാം പൂര്‍ണമായി തകര്‍ന്നതിനാല്‍ വാഹനഗതാഗതം ദുസഹമായി. ഇതോടെയാണ് ഇക്കോടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം നിരോധിച്ചത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രം തുറന്നെങ്കിലും കര്‍ശനഉപാധികളാണ്. രാവിലെ 9 മണിമുതല്‍ വൈകീട്ട് 3.30 വരെയാണ് പ്രവേശനമനുവദിച്ചിരിക്കുന്നത്.
ശിരുവാണി ഇക്കോടൂറിസം കേന്ദ്രം, പാട്ട്യാര്‍ ബംഗ്ലാവ്, ശിരുവാണി ഡാം, വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഹൗസ്, ഇന്‍ടേക് വാല്‍വ്വ് എന്നിവയൊക്കെയാണ് ഇവിടെ സന്ദര്‍ശകര്‍ക്കായുള്ള കാഴ്ചകളായിട്ടുള്ളതെന്നിരിക്കെ പ്രതിദിനം നിരവധി പേരാണിവിടെയെത്തുന്നത്. ജില്ലക്കുള്ളില്‍നിന്നും അയല്‍ ജില്ലകളില്‍ നിന്നും അയല്‍സംസ്ഥാനത്തില്‍ നിന്നുള്ള സന്ദര്‍ശകരും, സ്റ്റഡി ടൂറിനു വരുന്നവരും, ശിരുവാണി ഇക്കോടൂറിസം കേന്ദ്രത്തിലെത്തുന്നത്.
കാര്യമായി സന്ദര്‍ശകരെത്തുന്ന ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള നാലുമാസകാലയളവില്‍ രണ്ടു മാസം നഷ്ടപ്പെട്ടതിനു ശേഷം ശിരുവാണി ഇക്കോ ടൂറിസം വീണ്ടും സജ്ജമാവുകയാണ്. കാഞ്ഞിരപ്പുഴ ഉദ്യാനം, സെലന്റ് വാലി, ശിരുവാണി, മീന്‍വല്ലം എന്നീ ടൂറിസം കേന്ദ്രങ്ങളുള്‍പ്പെടുത്തി മണ്ണാര്‍ക്കാട് മേഖലയില്‍ ടൂറിസം സര്‍ക്ക്യൂട്ട് സ്ഥാപിക്കണമെന്ന ആവശ്യവും നിലനില്‍ക്കുകയാണ്. മണ്ണാര്‍ക്കാട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫിസറാണ് ശിരുവാണിയിലേക്കുള്ള സന്ദര്‍ശനത്തിന് അനുമതി നല്‍കുന്നത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ-ശിരുവാണി സ്റ്റേഷനില്‍ നിന്നും ചിറക്കല്‍പ്പടിയില്‍ നിന്ന് കാഞ്ഞിരപ്പുഴ വഴിക്ക് ശിരുവാണി ഇക്കോടൂറിസം കേന്ദ്രത്തിലെത്താം.
മാര്‍ച്ച് മാസം കഴിഞ്ഞാല്‍ അവധിക്കാലം തുടങ്ങുന്നതോടെ ഏപ്രില്‍, മെയ് മാസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ധോണി വെളളച്ചാട്ടവും കാഞ്ഞിരപ്പുഴ ഉദ്യാനവും, സെലന്റ് വാലിയും, നെല്ലിയാമ്പതിയും, ഉദ്യാനറാണിയായ മലമ്പുഴയും, മംഗലം ഡാമുമൊക്കെ ജില്ലയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്ഥാനം പിടിക്കുമ്പോള്‍ പ്രളയകാലത്തിനു ശേഷം സജീവമായ ശിരുവാണി ഇക്കോടൂറിസം കേന്ദ്രവും സന്ദര്‍ശകരുടെ മനം കവരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."