ജില്ലാ കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി 18 ന് തുടങ്ങും
തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ നല്‍കിയ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് പരിഹാരം കാണുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുക്കുന്ന താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി 18ന് തൊടുപുഴയില്‍ തുടക്കമാകും. തൊടുപുഴ ന്യൂമാന്‍ കോളജാണ് തൊടുപുഴ താലൂക്കിലെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദി.
11ന് ഇടുക്കി താലൂക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടി 21ലേക്ക് മാറ്റി. ദേവികുളം താലൂക്കിലെ ജനസമ്പര്‍ക്ക പരിപാടി 25ന് മൂന്നാര്‍ പഞ്ചായത്ത് ഹാളിലും ഉടുമ്പന്‍ചോല താലൂക്കിലെ ജനസമ്പര്‍ക്ക പരിപാടി മെയ് രണ്ടിന് നെടുങ്കണ്ടം മിനി സിവില്‍സ്റ്റേഷന്‍ ഹാളിലും പീരുമേട് താലൂക്കിലെ ജനസമ്പര്‍ക്ക പരിപാടി മെയ് 16ന് പീരുമേട് മിനി സിവില്‍ സ്റ്റേഷനിലും നടക്കും.
വിവിധ താലൂക്കുകളില്‍ ലഭിച്ച പരാതികളിലും അപേക്ഷകളിലും അടിയന്തരമായി തീരുമാനമെടുത്ത് അപേക്ഷകരെ അറിയിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുല്‍ പറഞ്ഞു.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനസമ്പര്‍ക്ക പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായത്തിന് ഇതിനായുള്ള വെബ്‌പോര്‍ട്ടലിലാണ് അപേക്ഷ നല്‍കേണ്ടത്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അപേക്ഷകര്‍ക്ക് സഹായങ്ങള്‍ നേരിട്ട് ലഭിക്കുന്നതിന് നടപടിയുണ്ടാകും. ജില്ലയില്‍ ഇതുവരെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് വിവിധ താലൂക്കുകളില്‍ നിന്നായി 6690 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 417 എണ്ണത്തില്‍ ഇതിനകം തീര്‍പ്പുകല്‍പ്പിച്ചുണ്ട്. ഇടുക്കി താലൂക്കില്‍ 2068ഉം, തൊടുപുഴ താലൂക്കില്‍ 3041ഉം, ദേവികുളം താലൂക്കില്‍ 980 ഉം, ഉടുമ്പന്‍ചോല താലൂക്കില്‍ 460ഉം, പീരുമേട് താലൂക്കില്‍ 141ഉം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന തീയതിക്ക് ഒരാഴ്ച മുമ്പ്‌വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കും. വെബ്‌സൈറ്റില്‍ നേരിട്ടോ അടുത്തുള്ള അക്ഷയകേന്ദ്രം വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തില്‍ ആര്‍.ഡി.ഒ പി.ജി. രാധാകൃഷ്ണന്‍, തഹസീല്‍ദാര്‍മാര്‍, ജില്ലാതല ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."