റോഡില്‍ വെള്ളക്കെട്ട്: യാത്രാദുരിതത്തില്‍ വലഞ്ഞ നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചു
മുഹമ്മ: റോഡില്‍ വെള്ളക്കെട്ടിനെതുടര്‍ന്ന് നാട്ടുകാര്‍ വാഴനട്ട് പ്രതിഷേധിച്ചു. തകര്‍ന്ന റോഡില്‍ യാത്രക്കാര്‍ക്ക് ദുരിതയാത്ര. കഞ്ഞിക്കുഴി, മുഹമ്മ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലൂടെ കടന്ന് പോകുന്ന കരിങ്ങാട്ടവെളി റോഡാണ് തകര്‍ന്ന് തരിപ്പണമായത്. റോഡ് നിര്‍മിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞു.
കുണ്ടും കുഴിയും നിറഞ്ഞ റോഡ് മഴ പെയ്താല്‍ തോട് പോലെയാകും. തകര്‍ന്ന റോഡിലൂടെ സഞ്ചരിക്കാന്‍ ഓട്ടോ പോലും വിളിച്ചാല്‍ വരില്ല. കുഴി കയറിയിറങ്ങുമ്പോള്‍ വാഹനങ്ങളുടെ അടിഭാഗം തട്ടും. വലിയ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനാവാത്തതിനാല്‍ പ്രദേശത്തെ കയര്‍ ഫാക്ടറികളില്‍ നിന്നുള്ള ചരക്ക് നീക്കവും തടസപ്പെട്ടിരിക്കുകയാണ്.
കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലൂടെയും മുഹമ്മ പഞ്ചായത്ത് 12 ാം വാര്‍ഡിലൂടെയും കടന്ന് പോകുന്ന പ്രധാന റോഡാണിത്. കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന റോഡില്‍ വഴിവിളക്കും ഇല്ല.
കരിങ്ങാട്ടവെളിയില്‍ നിന്ന് ആരംഭിച്ച് സാഗര്‍ കമ്പനി വഴി കാട്ടുകടയില്‍ എത്തുന്ന റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകള്‍ക്കും മന്ത്രി പി. തിലോത്തമനും പരാതി നല്‍കിയിട്ടും നടപടിയില്ല.
ഇതേ തുടര്‍ന്നാണ് നാട്ടുകാര്‍ ശനിയാഴ്ച റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."