വാര്‍ത്തകളില്‍ മാത്രം കേട്ടു പരിചയമുള്ള പുതിയ അവതാരം അടുത്തെത്തിയിരിക്കുന്നു; കൊവിഡ് അനുഭവങ്ങള്‍ കുറിച്ച് ദുബൈയില്‍ നിന്നും മലയാളി ഡോക്ടര്‍
കൊവിഡ് ബാധിച്ചവരെ രാപ്പകലില്ലാതെ പരിശോധിച്ച ദുബൈയിലെ മലയാളി ഡോക്ടര്‍മാരില്‍ ഒരാളാണ് മുഹമ്മദ് അസലം. ഒരു നിമിഷം കൊവിഡ് എന്ന് മഹാമാരിയെ മുഖാമുഖം കാണുകയും ചെയ്തു. കൊവിഡ് കാലത്തെ അനുഭവങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു...
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ദുബായില്‍ കൊറോണ കാലത്ത്!!
ദുബായില്‍ ജോലിക്ക് വന്ന ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍,2019 ഡിസംബര്‍ അവസാനം നാട്ടില്‍ പോയി വന്നു.അതിന്റെ ആലസ്യത്തില്‍ കഴിയുമ്പോഴാണ് ചൈനയില്‍ പുതിയ വൈറസ് വ്യാപിച്ചതിനെക്കുറിച്ചു വാര്‍ത്തകളില്‍ കൂടി അറിയാന്‍ തുടങ്ങിയത്.വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ (IMH DUBAI) എല്ലാ തിങ്കളാഴ്ചയും പുതിയ മെഡിക്കല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന മീറ്റിംഗ് ഉണ്ട്. ജനുവരി അവസാനവാരത്തിലുള്ള മീറ്റിംഗില്‍ ക്ലാസ് എടുക്കാനുള്ള ഊഴം എനിക്കാണ്.
ഇലക്ട്രേണിക് സിഗരറ്റ് ആയിരുന്നു എന്റെ ടോപ്പിക്ക്. അപ്പോഴാണ് പെട്ടെന്ന് ഒരു ദിവസം മെഡിക്കല്‍ സെക്രട്ടറി ഷംസു വന്നു പറഞ്ഞത് സാറിന് ഈ പ്രാവശ്യം പുതിയ കൊറോണാ വൈറസിനെ കുറിച്ച് ക്ലാസ്സ് എടുക്കാന്‍ പറ്റുമോ എന്ന് മെഡിക്കല്‍ ഡയറക്ടര്‍ അനില്‍ ഗ്രോവര്‍ സാര്‍ ചോദിച്ചു എ ന്ന് ആ സമയത്ത് പ്രധാനമായും ചൈനയില്‍ മാത്രമാണ് ഇത്തരം രോഗികള്‍ ഉണ്ടായിരുന്നത് യുഎഇയില്‍ ഒന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പെട്ടെന്ന് തന്നെ ഇതിനെ പറ്റി കിട്ടാവുന്ന വിവരങ്ങള്‍ ശേഖരിച്ച് ക്ലാസ് എടുക്കുകയും ചെയ്തു.
പതിയെ പതിയെ കൊറോണ മറ്റു രാജ്യങ്ങളിക്കു വ്യാപിക്കാന്‍ തുടങ്ങി, ആ ആഴ്ച്ച തന്നെ യു.എ.ഇയില്‍ ആദ്യ കൊറോണ രോഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വാര്‍ത്തകളില്‍ മാത്രം കേട്ടു പരിചയമുള്ള പുതിയ അവതാരം അടുത്തെത്തിയിരിക്കുന്നു.ഗവണ്‍ണ്മെന്റിന്റെ ശക്തമായ നിര്‍ദ്ദേശങ്ങള്‍ വന്നു തുടങ്ങി. രോഗത്തിന് ആരെയൊക്കെയാണ് പരിശോധന ചെയ്യേണ്ടതെന്നും എങ്ങിനെയൊക്കെയുള്ള തയ്യാറെടുപ്പുകളാണ് ചെയ്യേണ്ടതെന്നും ഉള്ള നിര്‌ദേശങ്ങളായിരുന്നു പ്രധാനമായും. ലോകത്തിന്റെ നാനാ ഭാഗവുമായി എല്ലാ ദിവസവും ബന്ധപ്പെട്ടു കിടക്കുന്ന ദുബായിയെപ്പോലെയുള്ള ഒരു നഗരത്തിനു പുതിയ രോഗം ഒരു ശക്തമായ ഭീഷണിയാണെന്ന് എല്ലാവരും മനസ്സിലാക്കി തുടങ്ങി. ഹോസ്പിറ്റലിലെ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ നഴ്‌സ് മിലന്റെ നേതൃത്വത്തില്‍ എല്ലാ വിധ തയ്യാറെടുപ്പുകളും തുടങ്ങി.
ഇതിനിടക്ക് ഏതോ ഒരു രോഗിയില്‍ നിന്ന് എനിക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടു. ചെറുപ്പത്തില്‍ ഒന്നും വരാത്തത് കൊണ്ട് അത്യാവശ്യം നല്ല രീതിയില്‍ തന്ന തൊലിപ്പുറത് പൊത്തി തുടങ്ങി. വീട്ടില്‍ മക്കള്‍ക്ക് വരാതിരിക്കാന്‍,താമസം ഹോസ്പിറ്റല്‍ ഐസോലാഷന്‍ റൂമിലേക്ക് മാറ്റി. പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തി. അതിനിടക്ക് ഹോസ്പിറ്റലില്‍ കൊറോണ സംശയത്തോടെ ഒരു രോഗി അഡ്മിറ്റ് ആയി. ഫോണില്‍ കൂടി വേണ്ട നിര്‍ദേശങ്ങള്‍ കൊടുത്തു കൊണ്ടേയിരുന്നു.അദ്ദേഹത്തിന്റെ റിസള്‍ട്ട് നെഗറ്റീവ് ആയി വന്നത് എല്ലാവര്ക്കും ഒരു ആശ്വാസമായിരുന്നു. കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും ഗോദയിലേക്കു.
പ്രതീക്ഷിച്ചതുപോലെ ദുബായില്‍ കേസുകളുടെ എണ്ണം കൂടി വരാന്‍ തുടങ്ങി. കൊറോണ സംശയം ഉള്ള രോഗികള്‍ കൂടുതല്‍ ഹോസ്പിറ്റലിലേക്ക് വരാന്‍ തുടങ്ങി, ഐസോലാഷന്‍ റൂമുകളില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ അടുത്തേക്ക് ബോഡി ഫുള്‍ കവര്‍ ചെയ്യുന്ന സംരക്ഷണ ആവരണങ്ങളും ധരിച്ചുകൊണ്ടുള്ള പോക്ക് ഒരു പുതിയ അനുഭവം ആയിരുന്നു. ഒപ്പം മനസ്സില്‍ അല്‍പം
ഭീതിയും. ആദ്യം വന്ന് മിക്കവരുടെയും റിസള്‍ട്ട് നെഗറ്റീവ് ആയി വന്നത് ആശ്വാസം തന്നെയായിരുന്നു. പക്ഷെ ഈ അവസ്ഥക്ക് കുറച്ചു ദിവസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.ഒടുവില്‍ ഉത്കണ്ഠയോടെ കാത്തിരുന്ന ആ ദിവസം വന്നു.
ഒരു ദിവസം ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ഫോണ്‍ ഹോസ്പ്പിറ്റലിലേക്ക് വന്നു. കുറച്ചു പോസിറ്റിവ് രോഗികളെ ഞങ്ങളുടെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യട്ടെ എന്നായിരുന്നു മറു തലക്കല്‍ നിന്നുള്ള ചോദ്യം അവരുടെ തന്നെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു എല്ലാ വിധ തയ്യാറെടുപ്പുകളും ആദ്യമേ ചെയ്തു വച്ചതു കൊണ്ട് രോഗികളെ അപ്പോള്‍ തന്നെ ഷിഫ്റ്റ് ചെയ്‌തോളാന്‍ മെഡിക്കല്‍ ഡയറക്ടര്‍ പറഞ്ഞു.
എന്നിരുന്നാലും അവസാന വട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മെഡിക്കല്‍ ഡയറക്ടര്‍ അനില്‍ സാറും , ഞാനും ICU വിലെ നിതിന്‍ സാറും , GMO രമ്യ മാഡമും ഒത്തു കൂടി.അപ്പോഴേക്കും ദുബായ് DCAS ആംബുലന്‍സുകള്‍ അത്യാഹിത വിഭാഗത്തില്‍ മുന്‍പിലേക്ക് എത്തി തുടങ്ങിയിരുന്നു. 1, 2, 3, 4, 5 ആംബുലന്‍സുകള്‍ വരിവരിയായി വന്നു. ഇന്നലെ വരെ വായിച്ചു മാത്രം പരിചയമുള്ള കൊവിഡ് രോഗികള്‍ ഇതാ കണ്ണിന്റെ മുന്‍പില്‍ എമര്‍ജന്‍സി RMO Dr. Khazi ഓരോരോ രോഗികളെയും ഐസോലാഷന്‍ റൂമിലേക്ക് മാറ്റി പ്രാഥമിക പരിശോധനകള്‍ നടത്തി. പിന്നീടങ്ങോട്ട് ഒരു തിരിഞ്ഞു നോട്ടം ഉണ്ടായില്ല. ജീവിതം തന്നെ മാറി മറിഞ്ഞ ദിവസങ്ങളായിരുന്നു പിന്നീട്. അടുത്ത ദിവസങ്ങളില്‍ വീണ്ടും പോസിറ്റീവ് രോഗികള്‍ വന്നു തുടങ്ങി. അവരില്‍ പല രാജ്യക്കാര്‍ ഉണ്ടായിരുന്നു.
കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെട്ടിരുന്നു.സ്‌പെഷ്യലിസ്റ്റുകളും റസിഡന്റ് ഡോക്ടര്‍സും നഴ്‌സസും അടക്കമുള്ള ടീം അടുത്ത ദിവസങ്ങളില്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചു ഇവരെ ചികില്‍സിച്ചു തുടങ്ങി.ജെസ്സി മാഡത്തിന്റെയും സ്റ്റെഫിന്റെയും കണ്ണന്റെയും നേതൃത്വത്തില്‍ ഞങ്ങളുടെ മാലാഖമാര്‍ രോഗികളെ രാപ്പകലില്ലാതെ പരിചരിച്ചു കൊണ്ടേയിരുന്നു. അവര്‍ ആയിരുന്നു ഏറ്റവും കൂടുതല്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നത്. മുഴുവന്‍ സമയം അവര്‍ PPE ഇട്ടു കൊണ്ട് ഇരിക്കുന്നതിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
തുടക്കത്തില്‍ വന്ന രോഗികള്‍ മിക്കവരും ചെറിയ ബുദ്ധിമുട്ടുള്ളവരായിരുന്നു. പിന്നീടങ്ങോട്ട് അവസ്ഥ മാറി വരുകയായിരുന്നു. ഗുരുതര രോഗവുമായി വന്നവര്‍ക്ക് പ്രധാനമായും ശാസകോശ പ്രശ്‌നങ്ങള്‍ ആയതുകൊണ്ട് ഒരു pulmonologist എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം കൂടി വരുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിച്ചപ്പോള്‍ PKS സാറിനെ പോലെയുള്ളവരില്‍ നിന്ന് ലഭിച്ച മെഡിസിന്റെ ബാല പാഠങ്ങളും ഏതൊരു സങ്കിര്‍ണമായ ശ്വാസകോശ രോഗത്തെയും എങ്ങിനെ നേരിടണമെന്ന് പഠിപ്പിച്ചു തന്ന പരിയാരം മെഡിക്കല്‍ കോളേജിലെ അനുഭവങ്ങളും ഇത്തരം രോഗികളെ ചികിത്സിക്കുന്നതില്‍ ഒരു മുതല്‍ കൂട്ടായിരുന്നു. എന്റെ mentor കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ , pulmonology യില്‍ എന്റെ അവസാന വാക്കായി പ്രൊഫസര്‍ സി രവീന്ദ്രന്‍ സാറിന്റെ കീഴില്‍ 3 വര്‍ഷം ലഭിച്ച മികച്ച പരിശീലനമായിരുന്നു എന്നെ ഒരു പാട് സഹായിച്ചത്‌ഇതിനു പുറമെ ദുബായിലെ എന്റെ ഗുരു dr സഹിറിന്റെ നിര്‍ദേശങ്ങളുംവിലപ്പെട്ടതായിരുന്നു.
എല്ലാ രോഗികളും മികച്ച രീതിയില്‍ പുരോഗതി നേരിടുമ്പോഴും ഇന്നേ വരെയില്ലാത്ത മാനസിക സംഘര്‍ഷത്തിലൂടെ ആയിരുന്നു കടന്നു പോയത്. ഇതില്‍ ഏറ്റവും പ്രധാനം എല്ലാ ദിവസവും ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്കു വരുന്നതായിരുന്നു. എന്നില്‍ നിന്ന് ഇന്‍ഫെക്ഷന്‍ അവരിലേക്ക് പകരുന്നതിന്റെ ഭയമായിരുന്നു. കുറച്ചു കാലത്ത് താമസം പൂര്‍ണമായും പുറത്തേക്കു മാറാനും ശ്രമിച്ചു.വ്യക്തിപരമായതും സാങ്കേതിപരവുമായ ചില കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. അത് കൊണ്ട് വീട്ടിനുള്ളില്‍ തന്നെ ഒരു പാട് അഡ്ജസ്റ്റ്‌മെന്റുകളുമായി തുടര്‍ന്നു. ഭാര്യയുടെ ഭാഗത്തു നിന്നുള്ള സപ്പോര്‍ട്ട് ആയിരുന്നു ഇത് സാധ്യമാക്കിയത്. ചില ദിവസങ്ങളില്‍ മാനസികമായി കൂടുതല്‍ തകരുമ്പോള്‍ അവള്‍ തന്ന സപ്പോര്‍ട്ട് ആയിരുന്നു എന്റെ ഊര്‍ജം, മക്കളും ഒരു പാട് അഡ്ജസ്റ്റ് ചെയ്തു.അവരുടെ കൂടെ കളിക്കുന്നത് ഒഴിവാക്കിയതില്‍ അവര്‍ക്ക് ഒരു പാട് വിഷമം ഉണ്ടായിരുന്നു. പിന്നെയുള്ള പ്രശ്‌നം നാട്ടിലേക്കുള്ള ഫോണ്‍ വിളി ആയിരുന്നു ദുബായിലെ അവസ്ഥകള്‍ ടിവി യിലൂടെ കാണുന്ന വീട്ടുകാര്‍ ആകെ വിഷമത്തില്‍ ആയിരുന്നു. തുടക്കത്തിലൊക്കെ ഒരു പാട് കാര്യങ്ങള്‍ മറച്ചു വെച്ചായിരുന്നു ഫോണ്‍ വിളി. എന്റെ ഹോസ്പ്പിറ്റലില്‍ ഇത്തരം രോഗികള്‍ ഒന്നും ഇല്ലെന്നും, നിരീക്ഷണത്തില്‍ ഉള്ളവര്‍ മാത്രമേ ഉള്ളു എന്നും ആയിരുന്നു അവരോടു പറഞ്ഞത്. Father in law യെ വിളിക്കുമ്പോഴും ഞങ്ങളെ കുറിച്ചുള്ള ആശങ്ക അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു.
പിന്നീടങ്ങോട്ട് കേസുകളുടെ എണ്ണം കൂടി വരാന്‍ തുടങ്ങിയപ്പോള്‍ ചെറിയ രീതിയില്‍ വീട്ടുകാരോട് സൂചിപ്പിച്ചു. അപ്പോള്‍ ഉമ്മ പറഞ്ഞത് ഇങ്ങിനെ ആയിരുന്നു 'ഈ ലോകത്തു നിനക്ക് ചെയ്യാന്‍ കഴിയുന്ന എറ്റവും നല്ല കാര്യമാണ് നീ ചെയ്യുന്നത്.നിങ്ങളെപ്പോലെയുള്ള ആളുകളാണ് ഈ രോഗികളുടെ അവസാന ആശ്രയം. അവര്‍ക്ക് എല്ലാവര്ക്കും പെട്ടന്ന് അസുഖം ഭേദമാവാനും നിനക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും വരാതെയിരിക്കാനും എല്ലാ ദിവസവും ഞാന്‍ പ്രാര്‍ഥിക്കാം ' ഈ വാക്കുകള്‍ പ്രചോദനമായിരുന്നു.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ മുന്നോട്ടു പോകുമ്പോള്‍ ഒരു ദിവസം അത് സംഭവിച്ചു. ശക്തമായ ശരിര വേദനയും ക്ഷീണവും അനുഭവപ്പെടാന്‍ തുടങ്ങി.മനസില്‍ എന്തോ ഒരു പന്തികേട് തോന്നി ഇത് വരെ കണ്ട എല്ല രോഗികളുടെയും മുഖങ്ങളും അവരുടെ രോഗാവസ്ഥയും മനസ്സില്‍ മിന്നി മറിയാന്‍ തുടങ്ങി. അന്നുതന്നെ സാമ്പിള്‍ ടെസ്റ്റിന് കൊടുത്തു. മാനസികമായി തളര്‍ന്ന എന്നെ ഭാര്യ ആശ്വസിപ്പിക്കാന്‍ ഒരു പാട് ശ്രമിച്ചു.
തമാശ രൂപേണ അവള്‍ പറഞ്ഞു 'കാര്യമായി ജോലി ഒന്നും ചെയ്യാതെ നിങ്ങള്‍ ഇപ്പോള്‍ നന്നായി ജോലി ചെയ്യുന്നത് കൊണ്ട് നിങ്ങള്‍ക്ക് തോന്നുന്നതാണെന്നു'. റിസള്‍ട്ട് വരുന്നത് വരെയുള്ള ദിവസം കടന്നു പോകാന്‍ ഒരു വര്‍ഷം വരെ എടുക്കന്നെത് പോലെ തോന്നി. ഒടുവില്‍ റിസള്‍ട്ട് വന്നു. ഉറ്റവരുടെയോ അല്ലെങ്കില്‍ രോഗ മുക്തമായ ആളുകളുടെയോ പ്രാര്‍ത്ഥനകള്‍ കൊണ്ടായിരിക്കാം റിസള്‍ട്ട് നെഗറ്റീവ് ആയിരുന്നു. അങ്ങിനെ പുതിയ ഊര്‍ജവുമായി ജോലിയില്‍ വീണ്ടും പൂര്‍ണമായി മുഴുകി തുടങ്ങി. DCAS ആംബുലന്‍സില്‍ അടുത്തതായി അത്യാഹിത വിഭാഗത്തിലേക്ക് വരാന്‍ പോകുന്ന സങ്കീര്‍ണമായി അവസ്ഥയിലുള്ള രോഗിയെ കുറിച്ചുള്ള ഉത്കണ്ഠയോടെ, വരുന്ന ദിവസങ്ങളില്‍ എല്ലാം ശരിയായി വരുമെന്നുമുള്ള ശുഭാപ്തി വിശ്വാസത്തോടെ!!
ഈ സമയവും കടന്നുപോകും! നമ്മുടെ മനസിനെ ശക്തമാക്കി ഇരിക്കുക!
DR.MUHAMMED ASLAM
Specialist pulmonologist
international modern hospital dubai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."