ബിന്‍ലാദന്റെ മകന്റെ തലയ്ക്ക് വിലയിട്ട് അമേരിക്ക
വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖാഇദ നേതാവ് ഉസാമാ ബിന്‍ലാദന്റെ മകന്റെ തലയ്ക്കു വിലയിട്ട് അമേരിക്ക. അല്‍ഖാഇദയുടെ പുതിയ തലമുറയിലെ ശക്തനായ നേതാവ് കൂടിയായ ഹംസ ബിന്‍ലാദനെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്കാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.ഒരു ദശലക്ഷം യു.എസ് ഡോളര്‍(ഏകദേശം ഏഴു കോടി രൂപ) ആണു വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഹംസ നിലവില്‍ അഫ്ഗാനിസ്താന്‍-പാകിസ്താന്‍ അതിര്‍ത്തി കേന്ദ്രമായുള്ള താവളത്തിലാണു കഴിയുന്നതെന്നാണു സൂചന. പിതാവിന്റെ വധത്തിനു പകരമായി അമേരിക്കയെയും പടിഞ്ഞാറന്‍ സഖ്യകക്ഷികളെയും ആക്രമിക്കാന്‍ അനുയായികളോട് ആഹ്വാനം ചെയ്യുന്ന ഹംസയുടേതെന്നു കരുതപ്പെടുന്ന ദൃശ്യ, ശബ്ദരേഖകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു.
3000 പേരുടെ ജീവനെടുത്ത 2001 സെപ്റ്റംബര്‍ 11 ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് 2011ല്‍ യു.എസ് സേന ഉസാമ ബിന്‍ലാദനെ വധിച്ചിരുന്നു. പാകിസ്താനിലെ അബട്ടാബാദിലുള്ള ഒളിത്താവളത്തില്‍ പ്രത്യേക ദൗത്യസേന നടത്തിയ ഓപറേഷനിലാണ് ഉസാമയെ വകവരുത്തിയത്.
30 വയസ് പ്രായമുള്ള ഹംസ ഉസാമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പുത്രനാണ്. ഹംസയെ സംഘടനയില്‍ തന്റെ പിന്‍ഗാമിയായി നിയമിക്കണമെന്ന് ഉസാമ ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇതു വ്യക്തമാക്കുന്ന രേഖകള്‍ അബട്ടാബാദിലെ ഒളിത്താവളത്തില്‍നിന്ന് യു.എസ് ദൗത്യസേന കണ്ടെടുത്തിരുന്നു. വര്‍ഷങ്ങളോളം ഇറാനില്‍ മാതാവിനൊപ്പമായിരുന്നു ഹംസ കഴിഞ്ഞത്. അവിടെവച്ചു തന്നെ സെപ്റ്റംബര്‍ ആക്രമണത്തിനായി ഉപയോഗിച്ച നാല് വിമാനങ്ങളിലൊന്ന് റാഞ്ചിയ മുഹമ്മദ് അത്തയുടെ മകളെ വിവാഹം കഴിക്കുകയും ചെയ്തു. രണ്ടു വര്‍ഷം മുന്‍പ് ഇയാളെ അമേരിക്ക ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."