നിപാ: സര്‍ക്കാരിന് അഭിനന്ദനം ചൊരിഞ്ഞ് ഐക്യരാഷ്ട്രസഭ
കോഴിക്കോട്: കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ട നിപാ വൈറസിനെ കീഴ്‌പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാരിനും ആരോഗ്യ വകുപ്പിനും അഭിനന്ദനം ചൊരിഞ്ഞ് ഐക്യരാഷ്ട്രസഭ. യുനൈറ്റഡ് നാഷന്‍സിന്റെ അന്താരാഷ്ട്ര മീഡിയാ വിഭാഗമായ യു.എന്‍ ഡിസ്പാച്ചിലാണ് നിപാ വൈറസ് ബാധയെ നേരിട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ശ്ലാഘിക്കുന്നത്. കോഴിക്കോട്ടെ നിപാ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്നും വൈറസ് ബാധ അവസാനിച്ചതായും ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ഇതാദ്യമായാണ് കോഴിക്കോട്ടെ നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ പ്രതികരണം നടത്തുന്നത്.
കോഴിക്കോട്ട് ആദ്യത്തെയാളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരുന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉടനെ കോഴിക്കോട്ടേക്ക് വിദഗ്ധ സംഘത്തെ അയച്ചു. കേരളാ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതാണെന്നും യു.എന്നിന്റെ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈറസ് ബാധിച്ചവരെയും സംശയിക്കുന്നവരെയും പെട്ടെന്ന് തന്നെ തിരിച്ചറിയാനും അവരെ പ്രത്യേകം വേര്‍തിരിച്ച് ചികിത്സിക്കാനും നിരീക്ഷിക്കാനും സംസ്ഥാന ആരോഗ്യവകുപ്പ് കാണിച്ച ജാഗ്രതയെ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ആരോഗ്യ വകുപ്പുണ്ടാക്കിയ കോണ്‍ടാക്ട് ലിസ്റ്റും ഇത്തരം രോഗങ്ങളെ നേരിടുന്നതിലുള്ള അന്താരാഷ്ട്രതലത്തിലുള്ള ചട്ടങ്ങള്‍ പാലിക്കുന്നതായി കേരളം പോലുള്ള ജനസാന്ദ്രത വളരെ കൂടുതലുള്ള പ്രദേശത്ത് ഇത്തരം ജാഗ്രതയും കൂട്ടായ പ്രവര്‍ത്തനവും മൂലമാണ് വലിയ ദുരന്തം ഒഴിവായതെന്നും യു.എന്‍ നിരീക്ഷിച്ചു. നിപാ വൈറസുകളെ സാധാരണ വവ്വാലുകളാണ് പരത്തുന്നതെങ്കിലും കേരളത്തില്‍ ഇതുവരെ തെളിയിക്കാനായിട്ടില്ല.
നിപാ ബാധിച്ച് അസുഖം ഭേദപ്പെട്ട അജന്യ, ഉബീഷ് എന്നിവരുടെ രോഗപ്രതിരോധ ശേഷി ഇവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് ആക്കം കൂട്ടിയെന്നും പകര്‍ച്ചവ്യാധികളോടുള്ള ഇത്തരത്തിലുള്ള ജാഗ്രതാ പ്രവര്‍ത്തനം ഇനിയും പ്രതീക്ഷിക്കുന്നുവെന്നും നമ്മള്‍ ഭാഗ്യവാന്മാരാണെന്നും പറഞ്ഞാണ് യു.എന്‍ ഡിസ്പാച്ചിലെ റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."