പരീക്ഷയെന്ന ചോദ്യവില്‍പ്പന
സാക്ഷരതയിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ഇന്ത്യയില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനമാണു കേരളം. എന്നാല്‍, ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കു തയാറാക്കിയ ചോദ്യക്കടലാസുകള്‍ അഞ്ചുലക്ഷത്തിലേറെ വരുന്ന വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും അക്ഷരാര്‍ഥത്തില്‍ വെള്ളം കുടിപ്പിച്ചു. കൊടുംചൂടില്‍ പരീക്ഷയെഴുതിത്തളര്‍ന്ന കുരുന്നുകളോട് അവരുടേതല്ലാത്ത കുറ്റത്തിനു പത്തുദിവസത്തിനകം വീണ്ടും പരീക്ഷയെഴുതാന്‍ കല്‍പിച്ചരിക്കുകയായിരുന്നു.
കൊച്ചുകുട്ടികള്‍ക്ക് ഒട്ടും ഗ്രാഹ്യമല്ലാത്തതും സിലബസില്‍ ഇല്ലാത്തതുമായ ചോദ്യങ്ങളാണ് എസ്.എസ്.എല്‍.സി കണക്കുപരീക്ഷ വീണ്ടും നടത്തുന്നതിലേയ്ക്ക് അധികൃതരെ നയിച്ചത്. 22 ചോദ്യങ്ങളില്‍ ഇരുപതും കുട്ടികളെ കുഴക്കിയെന്ന ആരോപണങ്ങളാണ് ആദ്യം ഉയര്‍ന്നത്. ഒറ്റയടിക്ക് ഒന്‍പതിലെയും പത്തിലെയും ഗണിതശാസ്ത്ര പാഠപുസ്തകങ്ങള്‍ മാറ്റിയതിനെത്തുടര്‍ന്നു പഠിപ്പിക്കാന്‍ അധ്യാപകര്‍ തന്നെ വിഷമിച്ച ഒരു വര്‍ഷത്തിന്റെ അന്ത്യത്തില്‍ പരീക്ഷ വന്നുചാടുകയായിരുന്നു.
എന്നാല്‍, അതിലേറെ ഗൗരവമായ വീഴ്ച പിന്നാലെ കണ്ടെത്തി. ചോദ്യക്കടലാസ് തയാറാക്കാന്‍ നിയുക്തനായ കണ്ണൂര്‍ ചെറുകുന്നു സ്‌കൂളിലെ ഒരധ്യാപകന്‍ സ്വകാര്യ ട്യൂഷന്‍ സെന്ററുകളുമായി ബന്ധമുള്ള തന്റെ ഒരു സുഹൃത്തില്‍നിന്നു ചോദ്യങ്ങള്‍ വാങ്ങുകയായിരുന്നുവത്രെ. മലപ്പുറം അരീക്കോട് തോട്ടുമുക്കത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററിനായി തയാറാക്കിയ മോഡല്‍ പേപ്പറിലെ പതിമൂന്നു ചോദ്യങ്ങള്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഇതുമൂലം ആവര്‍ത്തിച്ചു.
ഇതേത്തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും പരീക്ഷാബോര്‍ഡ് ചെയര്‍മാനെ ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്തുകയും പത്തുദിവസത്തിനകം വീണ്ടും പരീക്ഷയെഴുതാന്‍ കുട്ടികളോടു കല്‍പിക്കുകയുമായിരുന്നു. ചോദ്യക്കടലാസ് തയാറാക്കാനുള്ള ചുമതല അധ്യാപകസംഘടനകളെ ഏല്‍പിക്കുകയും അതതു കാലത്തെ രാഷ്ട്രീയസ്വാധീനത്തില്‍ അവര്‍ സമിതികളുണ്ടാക്കി മൂന്നു ടേമിലേയ്ക്കും ചോദ്യക്കടലാസുകള്‍ തയാറാക്കി വില്‍ക്കുകയും ചെയ്യുന്നുവെന്നതാണു കേരളത്തിന്റെ തീരാശാപം.
ഇത്തവണ ആ ചുമതല ഇടതുപക്ഷ അനുകൂല സംഘടനയായ കെ.എസ്.ടി.എയെയാണ് ഏല്‍പിച്ചത്. അവരാകട്ടെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരും. ചോദ്യങ്ങള്‍ കടുകട്ടിയായതിനാല്‍ എഴുതാത്ത ഉത്തരങ്ങള്‍ക്കും മാര്‍ക്കു ദാനം നല്‍കണമെന്നാണ് അധ്യാപകന്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി ആദ്യം ഉത്തരവിട്ടത്.
സാധാരണ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ എസ്.സി.ഇ.ആര്‍.ടിയാണു ചോദ്യങ്ങള്‍ തയാറാക്കുന്ന പാനലിനെ നിയമിക്കാറ്. ചോദ്യങ്ങളിലെ പിഴവ് ഒഴിവാക്കാന്‍ നാലുചോദ്യകര്‍ത്താക്കളും പരീക്ഷാബോര്‍ഡ് ചെയര്‍മാനും ചര്‍ച്ച ചെയ്തു നാലുസെറ്റ് ചോദ്യങ്ങള്‍ തയാറാക്കുന്ന രീതിപോലുമുണ്ടായിരുന്നു. ചോദ്യങ്ങള്‍ തയാറാക്കുന്ന അധ്യാപകരുടെ അടുത്ത ബന്ധുക്കളാരും പരീക്ഷ എഴുതുന്നില്ലെന്ന ഉറപ്പുവരുത്തണമെന്ന ചട്ടവുമുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നും പാലിക്കപ്പെട്ടില്ലത്രേ. ചോദ്യങ്ങള്‍ തയാറാക്കല്‍ ഏറ്റവും വിപുലമായ ബിസിനസാണെന്ന് അധ്യാപകസംഘടനകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
ഒരു ചോദ്യക്കടലാസിന് അന്‍പതു രൂപവരെ വിലയിട്ടു കുട്ടികളില്‍നിന്ന് 150 രൂപ വാങ്ങുന്നിടത്താണു ചോദ്യക്കടലാസ് മാഫിയ വന്നുനില്‍ക്കുന്നത്. ഫലത്തില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മാത്രം മൂന്നു ടേമുകള്‍ക്കായുള്ള ചോദ്യക്കടലാസു വില്‍പനയില്‍ ഒരുവര്‍ഷത്തെ വരവു പത്തുകോടി രൂപ. പൊതുപരീക്ഷയ്‌ക്കൊഴികെ ഹയര്‍സെക്കന്‍ഡറിയില്‍ ചോദ്യക്കടലാസുകള്‍ അതതു സ്‌കൂളുകളില്‍തന്നെ തയാറാക്കണമെന്ന നിര്‍ദേശം കാറ്റില്‍ പറന്നുപോകുന്നു.
അതേസമയം, ആദ്യം മാര്‍ക്കുദാനമെന്നും തുടര്‍ന്നു പുനഃപരീക്ഷയെന്നും ഉത്തരവിട്ടപ്പോഴും നിശ്ചയിച്ച മാര്‍ച്ച് 30 ഇന്ത്യയാകെ വാഹനപണിമുടക്കാണെന്ന് ഓര്‍ക്കാന്‍പോലും അധികൃതര്‍ക്കായില്ല. ഭാഗ്യത്തിനു കേരളത്തില്‍ മാത്രം വാഹന സമരം പിറ്റേന്നത്തേയ്ക്കു മാറ്റിവയ്ക്കാന്‍ സമരസമിതി തീരുമാനിച്ചതിനാല്‍ കുരുന്നുകള്‍ രക്ഷപ്പെട്ടു. ഇതിനിടയില്‍തന്നെ എട്ടാംക്ലാസ് വരെയുള്ള വാര്‍ഷികപരീക്ഷകളുടെ സമയക്രമീകരണത്തിലും വിദ്യാഭ്യാസവകുപ്പും എസ്.എസ്.എയും രണ്ടുതട്ടിലായി.
ക്രമക്കേടിനെത്തുടര്‍ന്നു കണക്കിന്റെ പുനഃപരീക്ഷ വ്യാഴാഴ്ച ഉച്ചയ്ക്കു നടത്താനായിരുന്നു ആദ്യതീരുമാനം. അന്നു നിശ്ചയിച്ചിരുന്ന ക്ലാസ് പരീക്ഷകള്‍ വെള്ളിയാഴ്ചയിലേയ്ക്കും മാറ്റി. പത്താംക്ലാസ് പരീക്ഷ നടക്കുന്നതിനാല്‍ മറ്റുപരീക്ഷകള്‍ വ്യാഴാഴ്ച നേരത്തേ നടത്തണമെന്നായിരുന്നു ആദ്യത്തെ ഉത്തരവ്. അതനുസരിച്ച് അഞ്ചുമുതല്‍ ഒന്‍പതുവരെയുള്ള കുട്ടികളോടു രാവിലെ എട്ടേമുക്കാലിനുതന്നെ ഹാജരാകണമെന്നു നിര്‍ദേശിച്ചു. പക്ഷേ, പലയിടത്തും നേരത്തേയുള്ള അറിയിപ്പു മാത്രമേ കിട്ടിയിരുന്നുള്ളൂ. വ്യാഴാഴ്ചത്തെ മോട്ടോര്‍ സമരം കേരളത്തില്‍ വെള്ളിയാഴ്ചയിലേയ്ക്കു മാറ്റിയതോടെ എല്ലാ ക്ലാസ് പരീക്ഷകളും വ്യാഴാഴ്ച നടത്താന്‍ കഴിഞ്ഞുവെന്നു മാത്രം.
അതേസമയം, രണ്ടാമതു നടന്ന പരീക്ഷ ആശ്വാസകരമായി. ചോദ്യപേപ്പര്‍ തികച്ചും മാതൃകാപരമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം, ടെക്‌സ്റ്റ് ബുക്കിനെ ആസ്പദമാക്കിയാണു ചോദ്യങ്ങള്‍ തയാറാക്കിയത്. അധ്യാപകന്‍ കൂടിയായ മന്ത്രിയുടെ നേതൃത്വത്തിലുള്ള വകുപ്പ് ആദ്യമായി നടത്തിയ പരീക്ഷകളാണു വലിയ പിടിപ്പുകേടുകള്‍ക്കു കാരണമായത്.
ഉത്തരവാദിത്വം ചോദ്യപേപ്പര്‍ തയാറാക്കിയവരുടെയോ വിദ്യാഭ്യാസഡയറക്ടറുടെയോ വിദ്യാഭ്യാസമന്ത്രിയുടെയോ ഒക്കെ കൂടിയുള്ളതാണെന്ന കാര്യത്തില്‍ സംശയമില്ല. മുന്‍പ് ഒരു വിദ്യാഭ്യാസമന്ത്രി തന്റെ വീടിന്റെ പേരു മാറ്റിയെന്നു പറഞ്ഞു സമരം നടത്തിയവര്‍ക്ക് ഒരനക്കവുമുണ്ടായില്ല. ഒരു സ്‌കൂളില്‍ ചോദ്യപേപ്പര്‍ മാറിനല്‍കിയെന്ന വാര്‍ത്ത വന്നപ്പോള്‍ അന്നത്തെ മന്ത്രിയുടെ കോലം കത്തിക്കാന്‍പോലും ഇവിടെ ആളുകളുണ്ടായിരുന്നു.
എസ്.എസ്.എല്‍.സി കാര്യത്തില്‍ ഒരു അധ്യാപകനെ മാത്രം സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍ കൈകഴുകാന്‍ ശ്രമിക്കുന്നു. ചോദ്യം പകര്‍ത്തല്‍ വിജിലന്‍സ് അന്വേഷിക്കുമെന്നും ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയിലും മോഡല്‍ പരീക്ഷയില്‍ ഉപയോഗിച്ച ചോദ്യക്കടലാസില്‍ നിന്നുള്ള 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുവെന്ന ആരോപണമുയര്‍ന്നു.
എന്നാല്‍ 11 മാര്‍ക്കിന്റെ ആവര്‍ത്തനം മാത്രമേയുള്ളൂവെന്നു പറഞ്ഞു വിദ്യാഭ്യാസവകുപ്പു കൈമലര്‍ത്തുകയാണു ചെയ്തത്. ചോദ്യക്കടലാസ് കാര്യത്തില്‍ സോഫ്റ്റ്‌വെയര്‍ സൗകര്യം ഉപയോഗപ്പെടുത്താമെന്ന വിദഗ്ധരുടെ ഉപദേശം പരിശോധിച്ചുവരികയാണ്. വിദ്യാഭ്യാസഗവേഷണത്തിനായി രൂപവത്ക്കരിക്കപ്പെട്ട എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന അധ്യാപകരുടെ പാനലില്‍ നിന്നാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ തയാറാക്കാനുള്ള ആളുകളെ തെരഞ്ഞെടുക്കുന്നത്. ഓരോ വിഷയത്തില്‍ ഓരോ ചെയര്‍മാനടക്കം അഞ്ച് അധ്യാപകര്‍. നാലുസെറ്റു ചോദ്യക്കടലാസുകള്‍ ഡിപിഐക്കു നല്‍കുന്നു. അതില്‍നിന്നാണു ചോദ്യങ്ങള്‍ തെരഞ്ഞെടുക്കുന്നത്. സോഫ്റ്റ്‌വെയര്‍ സമ്പ്രദായം സ്വീകരിക്കുകയാണെങ്കില്‍ ആയിരക്കണക്കിനു ചോദ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് അനായാസം സാധിക്കും.
ഒരടിസ്ഥാനവുമില്ലാത്ത പെണ്‍വിഷയത്തില്‍ ധാര്‍മിക ഉത്തരവാദിത്വമേറ്റ് അധികാരമൊഴിയുന്ന മന്ത്രിയുടെ രാജി സ്വീകരിക്കുന്ന മുഖ്യമന്ത്രി ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ കുഴപ്പത്തിലാക്കിയ വിദ്യാഭ്യാസമന്ത്രിയെ സ്വന്തം പാര്‍ട്ടിക്കാരനാണെന്ന പരിഗണന നല്‍കി സംരക്ഷിക്കുകയാണ്. പാലക്കാട് ലക്കിടി കോളജ് വിദ്യാര്‍ഥി ശഹീര്‍ ഷൗക്കത്തിനെ മര്‍ദിച്ച കേസില്‍ സ്ഥാപനചെയര്‍മാനടക്കം അഞ്ചുപേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തപ്പോള്‍ സ്വകാര്യമാനേജ്‌മെന്റ് കണ്‍സോര്‍ഷ്യത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 1189 കോളജുകള്‍ അടച്ചിടുന്നിടത്തോളം നമ്മുടെ വിദ്യാഭ്യാസരംഗം ചെന്നെത്തിയിരിക്കുന്നു. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍തന്നെ അതു വിറ്റഴിക്കുകയും ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു കോടികള്‍ ലാഭമുണ്ടാക്കുന്ന വ്യവസായമായി മാറിക്കഴിഞ്ഞ പരീക്ഷാരംഗത്തുനിന്നു നാം മോചനം നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."