മഹാരാഷ്ട്രയില്‍ നിന്ന് യു.പിയിലേക്ക് സൈക്കിള്‍ ചവിട്ടിയ തൊഴിലാളി 350 കിലോ മീറ്റര്‍ പിന്നിട്ടപ്പോള്‍ കുഴഞ്ഞുവീണു മരിച്ചു
മുംബൈ: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പലരും നടന്നുപോകാന്‍ ശ്രമം നടത്തിയെങ്കിലും സര്‍ക്കാര്‍ അതു തടയുകയും താമസസൗകര്യമൊരുക്കുകയും ചെയ്തു. പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടാക്കി ഇവരെ നാടുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ ഇപ്പോഴും സ്വയം യാത്ര ചെയ്തുള്ള ദുരന്ത വാര്‍ത്തകള്‍ക്ക് കുറവില്ല. സൈക്കിളില്‍ മഹാരാഷ്ട്രയില്‍ നിന്ന് യു.പിയിലേക്ക് യാത്ര ചെയ്തയാള്‍ കുഴഞ്ഞുവീണു മരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
തബ്രീക് അന്‍സാരി എന്ന അന്‍പതുകാരനാണ് 350 കിലോ മീറ്റര്‍ ദൂരം സൈക്കിളില്‍ താണ്ടിയ ശേഷം കുഴഞ്ഞുവീണു മരിച്ചത്. മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് മറ്റ് പത്ത് തൊഴിലാളികള്‍ക്കൊപ്പമാണ് ഇയാള്‍ യാത്ര തിരിച്ചത്. ഭിവണ്ടിയിലെ പവര്‍ലൂം യൂനിറ്റില്‍ തൊഴില്‍ ചെയ്തുവന്നിരുന്നവര്‍ക്ക് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ തയ്യാറായത്. മറ്റ് യാത്രാ സൗര്യമില്ലാത്തതിനാല്‍ നടന്നും സൈക്കിളിലുമൊക്കെയായിരുന്നു പലരുടെയും യാത്ര. മഹാരാജ്ഗഞ്ചിലേയ്ക്കാണ് ഇവര്‍ സൈക്കിളില്‍ മടങ്ങാന്‍ തീരുമാനിച്ചത്. പക്ഷേ 350 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തബ്രീക്കിന് തലകറക്കം ഉണ്ടാവുകയും സൈക്കിളില്‍ നിന്ന് റോഡിലേയ്ക്ക് വീണ് ഉടന്‍ മരിക്കുകയുമായിരുന്നെന്ന് ഒപ്പം യാത്ര ചെയ്തവര്‍ പറയുന്നു.
നിര്‍ജ്ജലീകരണത്തോടൊപ്പം അമിതമായ ക്ഷീണവും ചൂടും മരണത്തിന് കാരണമാകാമെന്ന് പൊലിസ് പറഞ്ഞു. എങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ മരണകാരണം നിര്‍ണ്ണയിക്കാന്‍ കഴിയൂ എന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."